ADVERTISEMENT

അബുദാബി ∙ ഐപിഎൽ ഉദ്ഘാടന മത്സരത്തിലെ തകർപ്പൻ പ്രകടനം കണ്ടപ്പോൾ അമ്പാട്ടി റായുഡുവിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെടുക്കാതിരുന്നതിൽ സിലക്ടർമാർക്കു പശ്ചാത്താപം തോന്നിക്കാണും. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെതിരെ ഉജ്വല ഇന്നിങ്സിലൂടെ (71) ചെന്നെ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിച്ചതു മുപ്പത്തിനാലുകാരനായ റായുഡുവാണ്.

ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി (പുറത്താകാതെ, 44 പന്തുകളിൽ 58) മികച്ച പിന്തുണ നൽകിയതോടെ ചെന്നൈയുടെ ജയം 5 വിക്കറ്റിന്. സ്കോർ: മുംബൈ 20 ഓവറിൽ 9ന് 162. ചെന്നൈ:19.2 ഓവറിൽ 5ന് 166. കഴിഞ്ഞ സീസൺ ഫൈനലിൽ 2 റൺസിനു തങ്ങളെ മറികടന്ന മുംബൈയോടു ചെന്നൈയുടെ മധുര പ്രതികാരം.

∙ 3–ാം വിക്കറ്റിൽ സെഞ്ചുറി

സൗരഭ് തിവാരിയുടെയും (42) ക്വിന്റൻ ‍ഡി കോക്കിന്റെയും (33) ഇന്നിങ്സുകളുടെ മികവിൽ മുംബൈ ഉയർത്തിയ ലക്ഷ്യം റായുഡുവിന്റെയും ഡുപ്ലെസിയുടെയും സെഞ്ചുറി കൂട്ടുകെട്ടിലൂടെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. ഓപ്പണർമാരായ മുരളി വിജയ് (1), ഷെയ്ൻ വാട്‌സൺ (4) എന്നിവർ പെട്ടെന്നു പുറത്തായ ശേഷമായിരുന്നു മൂന്നാം 3–ാം വിക്കറ്റിൽ ഇരുവരുടെയും 115 റൺസ്. സാം കറനെ പ്രമോട്ട് ചെയ്തിറക്കിയ ചെന്നൈ ക്യാപ്റ്റൻ ധോണിയുടെ തന്ത്രവും ഫലിച്ചു. 6 പന്തിൽ 18 റൺസാണു കറൻ നേടിയത്. ധോണി (0) ഡുപ്ലെസിക്കൊപ്പം വിജയത്തിനു കൂട്ടുനിന്നു. 48 പന്തിൽ 6 ഫോറും 3 സിക്സുമടങ്ങുന്നതാണ് റായുഡുവിന്റെ ഇന്നിങ്സ്.

∙ കോവിഡ് പോരാട്ടം

നേരത്തേ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി, കോവിഡിനോടുള്ള പ്രതീകാത്മക സമരം പോലെ സീസണിലെ ആദ്യ ഓവർ എറിയാൻ നൽകിയത് കോവിഡ് ബാധയിൽ നിന്നു മുക്തനായെത്തിയ ദീപക് ചാഹറിന്. ചാഹറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ 13-ാം ഐപിഎലിലെ ആദ്യ ഫോർ നേടി.

ഡികോക്കും രോഹിത്തും പേസ് ബോളർമാരെ നന്നായി നേരിട്ടതോടെ ചെന്നൈ ക്യാപ്റ്റൻ ധോണി 5-ാം ഓവറിൽ തന്നെ സ്പിന്നർ പീയൂഷ് ചൗളയ്ക്കു പന്ത് നൽകി. 4-ാം പന്തിൽ രോഹിത്തിനെ (12) മിഡോഫിൽ സാം കറന്റെ കൈയ്യിലെത്തിച്ച് ചൗള ചെന്നൈയ്ക്ക് ആദ്യ ബ്രേക്ക് നൽകി. അടുത്ത ഓവറിൽ ഡികോക്കിനെ (33) കറൻ, വാട്സന്റെ കയ്യിലെത്തിച്ചതോടെ ചെന്നൈ മത്സരത്തിലേക്കു തിരിച്ചെത്തി.

∙ മിന്നാതെ പൊള്ളാർ‍‍‍ഡ്

മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവും സൗരഭ് തിവാരിയും ചേർന്ന ഇന്ത്യൻ കൂട്ടുകെട്ടാണ് പിന്നീടു മുംബൈയുടെ നില ഭദ്രമാക്കിയത്. 11-ാം ഓവറിൽ ടീം സ്കോർ 92 റൺസിലെത്തിച്ച ശേഷമാണു യാദവ് (17) മടങ്ങിയത്. ഇതിനിടെ സീസണിലെ ആദ്യ സിക്സ് സൗരഭ് തിവാരിയുടെ ബാറ്റിൽ നിന്നു പിറന്നു. ഒൻപതാം ഓവർ എറിയാനെത്തിയ രവീന്ദ്ര ജഡേജയുടെ രണ്ടാം പന്ത് ലോങ് ഓഫിനു മുകളിലൂടെ ഗാലറിയിൽ.തിവാരി (42) മടങ്ങുമ്പോൾ മുംബൈ സ്കോർ 121. ഹാർദിക് പാണ്ഡ്യയിൽ (10 പന്തിൽ 14) നിന്നും കീറോൺ പൊള്ളാർഡിൽ നിന്നും (14 പന്തിൽ‌ 18) വലിയ വെടിക്കെട്ട് ഉണ്ടായില്ല.

∙ മുംബൈ ഇന്നിങ്സ്

രോഹിത് ശർമ 12
ക്വിന്റൻ ഡി കോക്ക് 33
സൗരഭ് തിവാരി 42
കീറോൺ പൊള്ളാർഡ് 18

ബോളിങ്: ലുംഗി എൻഗിഡി 3 വിക്കറ്റ്,
രവീന്ദ്ര ജഡേജ 2, ദീപക് ചാഹർ 2
ആകെ: 20 ഓവറിൽ 9ന് 162

∙ ചെന്നൈ ഇന്നിങ്സ്

ഷെയ്ൻ വാട്സൻ 4
ഫാഫ് ഡുപ്ലെസി 58
അമ്പാട്ടി റായുഡു 71
ജഡേജ 10
ധോണി 0*

ബോളിങ്: ട്രെന്റ് ബോൾട്ട് 1,
ജയിംസ് പാറ്റിൻസൻ 1,
ജസ്പ്രീത് ബുമ്ര 1
ആകെ 19.2 ഓവറിൽ 5ന് 166

English Summary: Mumbai vs Chennai, 1st Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com