ADVERTISEMENT

അബുദാബി ∙ ഐപിഎൽ 12–ാം സീസണിന് യുഎഇ മണ്ണിൽ ആവേശോജ്വല തുടക്കം. ഉദ്ഘാടന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് ലഭിച്ചത് മികച്ച തുടക്കം. കോവിഡ് വ്യാപനം സൃഷ്ടിച്ച കനത്ത പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുന്ന ടൂർണമെന്റിലെ ആദ്യ ബൗണ്ടറി മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ രോഹിത് ശർമ സ്വന്തം പേരിൽ കുറിച്ചു. ഉദ്ഘാടന മത്സരത്തിലെ ആദ്യ ഓവർതന്നെ ഫോറടിച്ച് രോഹിത്, ഇന്ത്യൻ ക്രിക്കറ്റിന്റെ തിരിച്ചുവരവിന് രാജകീയ തുടക്കമിട്ടു.

ഐപിഎല്ലിനായി യുഎഇയിലെത്തിയ താരങ്ങളിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ചെന്നൈ താരം ദീപക് ചാഹറാണ് സീസണിലെ ആദ്യ മത്സരത്തിൽ ബോളിങ്ങിന് തുടക്കമിട്ടത്. ചാഹറിന്റെ ആദ്യ പന്ത് രോഹിത് ബൗണ്ടറി കടത്തുകയും ചെയ്തു. അതേസമയം, മത്സരത്തിലെ ആദ്യ വിക്കറ്റും രോഹിത്തിന്റേതാണ്. ആദ്യ വിക്കറ്റ് പോക്കറ്റിലാക്കിയത് ഈ സീസണിൽ ചെന്നൈയിലെത്തിയ വെറ്ററൻ സ്പിന്നർ പിയൂഷ് ചൗള. ചെന്നൈ നിരയിലെ ‘വിദേശ പുതുമുഖം’ സാം കറന്‍ ആദ്യ ക്യാച്ച് സ്വന്തമാക്കി. മുംബൈ ഇന്നിങ്സിലെ അഞ്ചാം ഓവറിലാണ് ചൗളയുടെ പന്തിൽ കറന് ക്യാച്ച് സമ്മാനിച്ച് രോഹിത് (10 പന്തിൽ രണ്ടു ഫോറുകൾ സഹിതം 12) തിരിച്ചുകയറിയത്.

സീസണിലെ ആദ്യ സിക്സ് മുംബൈ താരം സൗരഭ് തിവാരിക്കാണ്. മുംബൈ ഇന്നിങ്സിലെ ഒൻപതാം ഓവറിലാണ് ആദ്യ സിക്സ് പിറന്നത്. മത്സരത്തിലെ രണ്ടാം ഓവർ എറിയാനെത്തിയ രവീന്ദ്ര ജഡേജയുടെ രണ്ടാം പന്ത് ലോങ് ഓഫിനു മുകളിലൂടെ തിവാരി ഗാലറിയിലെത്തിച്ചു.

ഇരു ടീമുകളുടെയും ടീം പ്രഖ്യാപനത്തിലും ചില കൗതുകങ്ങളുണ്ടായിരുന്നു. ഇന്ത്യൻ ടീമിൽനിന്ന് മുൻപേ പുറത്തായ മുരളി വിജയ് ചെന്നൈ നിരയിൽ ഓപ്പണറുടെ വേഷത്തിൽ ഇടംപിടിച്ചു. അതേസമയം, ചെന്നൈ നിരയിലെ സ്ഥിരം സാന്നിധ്യമായ വിൻഡീസ് താരം ഡ്വെയിൻ ബ്രാവോ ടീമിനു പുറത്തായി. പരുക്കാണ് കാരണമെന്നാണ് സൂചന. മറുവശത്ത് മുംബൈ നിരയിൽ സൗരഭ് തിവാരി ഇടംപിടിച്ചതും ശ്രദ്ധ നേടി. ഇഷാൻ കിഷനു പകരമാണ് തിവാരിയുടെ വരവ്.

English Summary: IPL 2020, Mumbai Indians, Chennai Super Kings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com