ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിൽ) 13–ാം സീസണിൽ ആദ്യ പോരാട്ടത്തിനിറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് ആശംസകൾ നേർന്ന് ഈ സീസണിൽനിന്ന് പിൻമാറിയ വെറ്ററൻ താരം സുരേഷ് റെയ്ന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎലിനായി ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിനൊപ്പം റെയ്നയും അവിടെ എത്തിയിരുന്നതാണ്. എന്നാൽ, ക്വാറന്റീനൽ കാലയളവ് പൂർത്തിയാക്കിയതിനു പിന്നാലെ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി താരം നാട്ടിലേക്കു മടങ്ങുകയായിരുന്നു. ടീം മാനേജ്മെന്റുമായി ഉരസിയാണ് റെയ്ന മടങ്ങിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും റെയ്ന ഇത് നിഷേധിച്ചിരുന്നു.

ഇതിനിടെയാണ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്ന ടീമിന് റെയ്ന ആശംസകൾ നേർന്നത്. ട്വിറ്ററിലൂടെയാണ് റെയ്നയുടെ ആശംസ. ‘ചെന്നൈ സൂപ്പർ കിങ്സിന്റെ ചുണക്കുട്ടികൾക്ക് എല്ലാ വിജയവും ആശംസിക്കുന്നു. ഇന്ന് ഞാന്‍ നിങ്ങൾക്കൊപ്പം അവിടെ ഇല്ല എന്നത് അചിന്തനീയമാണ്. എങ്കിലും എന്റെ ആശംസകൾ നിങ്ങൾക്കൊപ്പമുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു’ – #WhistlePodu എന്ന ഹാഷ്ടാഗ് സഹിതം റെയ്ന കുറിച്ചു.

ഐപിഎൽ 13–ാം സീസണിലെ പ്രഥമ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസാണ് ഇന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ എതിരാളികൾ. കഴിഞ്ഞ സീസണിൽ ഫൈനലിൽ മുഖാമുഖമെത്തിയ ടീമുകളാണ് ഇത്. അന്ന് ആവേശപ്പോരാട്ടത്തിൽ ചെന്നൈയെ രണ്ടു റൺസിന് തകർത്ത് മുംബൈ കിരീടമുയർത്തി. ആ പോരാട്ടത്തിനു ശേഷം ഇന്ന് വീണ്ടും നേർക്കുനേരെത്തുമ്പോൾ, മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണിയാണ് കളിയിലെ ശ്രദ്ധാകേന്ദ്രം. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ധോണി, ദീർഘ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നത്.

English Summary: Suresh Raina Wishes His Team CSK Ahead of MI Clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com