ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ‌ (ഐപിഎൽ) വരവറിയിച്ച് ബെംഗളൂരു മലയാളി ദേവ്ദത്ത് പടിക്കൽ എന്ന ഇരുപതുകാരൻ. 13–ാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആദ്യ മത്സരത്തിൽ തന്നെ കളത്തിലിറങ്ങിയ ദേവ്ദത്ത് പടിക്കൽ, തകർപ്പൻ അർധസെഞ്ചുറിയുമായാണ് അരങ്ങേറ്റം കൊഴുപ്പിച്ചത്. വിരാട് കോലിയും എ.ബി. ഡിവില്ലിയേഴ്സും ഉൾപ്പെട്ട സൂപ്പർതാര നിരയ്ക്കൊപ്പം ഐപിഎൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ച ദേവ്ദത്ത്, ഇന്ത്യൻ സീനിയർ ടീമിന്റെ പടിക്കലാണ് താനെന്ന് ഒരിക്കൽക്കൂടി അടിവരയിട്ട് ഉറപ്പിച്ചു. ഓസീസ് ക്യാപ്റ്റൻ കൂടിയായ ആരോൺ ഫിഞ്ചിനെ ഒരറ്റത്ത് സാക്ഷിനിർത്തിയായിരുന്നു ദേവ്ദത്തിന്റെ കടന്നാക്രമണം.

42 പന്തിൽ എട്ടു ഫോറുകൾ സഹിതം ദേവ്ദത്ത് നേടിയത് 57 റൺസ്. ഓപ്പണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ചിനൊപ്പം അർധസെഞ്ചുറി കൂട്ടുകട്ടും തീർത്ത് ടീമിന് മികച്ച തുടക്കവും ഉറപ്പാക്കിയാണ് ദേവ്ദത്ത് മടങ്ങിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ തുടർച്ചയാണ് ദേവ്ദത്തിന്റെ ഐപിഎൽ അരങ്ങേറ്റത്തിലെ അർധസെഞ്ചുറി. വിജയ് ഹസാരെ ട്രോഫിയിൽ കഴിഞ്ഞ സീസണിൽ 67.67 ശരാശരിയിൽ 11 ഇന്നിങ്സുകളിൽനിന്ന് 619 റൺസെടുത്ത ദേവ്ദത്തായിരുന്നു ടോപ് സ്കോറർ. പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 12 കളികളിൽനിന്ന് 64.44 ശരാശരിയിൽ 580 റൺസുമായി വീണ്ടും ടോപ് സ്കോററായി.

∙ അരങ്ങേറ്റം കലക്കി!

അരങ്ങേറ്റമാണെങ്കിലും ഓപ്പണറായെത്തിയ ദേവ്ദത്താണ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ടത്. അതും ഭുവനേശ്വർ കുമാറിനെതിരെ. ആദ്യ മൂന്നു പന്തുകൾ ശ്രദ്ധയോടെ നേരിട്ട യുവതാരം ആദ്യ റൺ കുറിച്ചത് നാലാം പന്തിൽ. സന്ദീപ് ശർമ എറിഞ്ഞ രണ്ടാം ഓവറിൽ രണ്ട് ബൗണ്ടറികൾ നേടിയ ദേവ്ദത്ത്, നയം വ്യക്തമാക്കി. മറുവശത്ത് ഫിഞ്ച് റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ, അഴകും മികവും സമന്വയിപ്പിച്ച ഷോട്ടുകളിലൂടെ ദേവ്ദത്ത് അനായാസം റൺസ് കണ്ടെത്തി.

ആദ്യ ഓവറിൽ ബഹുമാനം കൊടുത്ത ഭുവനേശ്വർ കുമാറിനെതിരെ തൊട്ടടുത്ത ഓവറിൽ മൂന്നാം ബൗണ്ടറി. സൺറൈസേഴ്സ് നിരയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നടരാജന്റെ ഊഴമായിരുന്നു അടുത്തത്. നടരാജൻ എറിഞ്ഞ നാലാം ഓവറിൽ ദേവ്ദത്ത് നേടിയത് മൂന്നു ഫോറുകൾ! അടുത്ത ബോളിങ് മാറ്റമായെത്തിയ മിച്ചൽ മാർഷിനെയും താരം വെറുതെ വിട്ടില്ല. മൂന്നാം പന്തിൽ അടുത്ത ഫോർ!

ആറാം ഓവറിന്റെ രണ്ടാം പന്തിൽ ഫിഞ്ചിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കി. ഇതിൽ 35 റൺസും ദേവ്ദത്തിന്റെ വക. ബൗണ്ടറികളുടെ ഒഴുക്കിന് ചെറിയൊരു ഇടവേള വന്നെങ്കിലും 10–ാം ഓവറിൽ ദേവ്ദത്തിന്റെ അർധസെഞ്ചുറി പിറന്നു. 36 പന്തിൽ എട്ടു ഫോറുകൾ സഹിതമായിരുന്നു അരങ്ങേറ്റത്തിലെ അർധസെഞ്ചുറിയുടെ പിറവി. 11–ാം ഓവറിലെ അവസാന പന്തിൽ വിജയ് ശങ്കറിന്റെ പന്തിൽ ബൗൾഡായി മടങ്ങുമ്പോൾ ദേവ്ദത്തിന്റെ പേരിലുണ്ടായിരുന്നത് 56 റൺസ്. 42 പന്തിൽ എട്ടു ഫോറുകൾ നിറംചാർത്തിയ ഇന്നിങ്സ്.

∙ റെക്കോർഡ് ബുക്കിൽ ദേവ്ദത്ത്

ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 അരങ്ങേറ്റങ്ങൾക്കു പിന്നാലെ ഐപിഎൽ അരങ്ങേറ്റത്തിലും അർധസെഞ്ചുറി നേടിയെന്ന റെക്കോർഡും ഇനി പടിക്കലിനു സ്വന്തം. 2018ൽ മഹാരാഷ്ട്ര‌യ്‌ക്കെതിരെയായിരുന്നു ദേവ്ദത്തിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ഒന്നാം ഇന്നിങ്സിൽ ഏഴു റൺസിനു പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സിൽ 77 റൺസ് നേടി. 2019ൽ ജാർഖണ്ഡിനെതിരെ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറി. നേടിയത് 58 റൺസ്. ഇതേ വർഷം ഉത്തരാഖണ്ഡിനെതിരെ ട്വന്റി20 അരങ്ങേറ്റം. പുറത്താകാതെ 53 റൺസെടുത്ത് കരുത്തുകാട്ടി. ഇതിനു പിന്നാലെയാണ് ഐപിഎൽ അരങ്ങേറ്റത്തിൽ സൺറൈസേഴ്സിനെതിരായ അർധസെഞ്ചുറി.

ഇതോടെ, റോയൽ ചാലഞ്ചേഴ്സിന് വേണ്ടി അരങ്ങേറ്റത്തിൽ അർധസെഞ്ചുറി നേടിയ സൂപ്പർതാര നിരയിലേക്കാണ് ദേവ്ദത്തും നടന്നു കയറിയത്. അരങ്ങേറ്റ മത്സരത്തിൽ ആർസിബിക്കു വേണ്ടി കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായും ദേവ്ദത്ത് മാറി. പിന്നിലാക്കിയത് സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സിനെയും യുവരാജ് സിങ്ങിനെയും. മുന്നിലുള്ളത് അരങ്ങേറ്റത്തിലെ അർധസെഞ്ചുറി സെഞ്ചുറിയാക്കി പരിവർത്തനം ചെയ്ത ക്രിസ് ഗെയ്‍ൽ മാത്രം.

∙ അരങ്ങേറ്റത്തിൽ ആർസിബിക്കു വേണ്ടി അർധസെഞ്ചുറി നേടിയവർ

102* ക്രിസ് ഗെയ്ൽ, കൊൽക്കത്തയ്‌ക്കെതിരെ 2011ൽ
57 ദേവ്ദത്ത് പടിക്കൽ, സൺറൈസേഴ്സിനെതിരെ 2020ൽ
54* എ.ബി. ഡിവില്ലിയേഴ്സ്, കൊച്ചിൻ ടസ്കേഴ്സ് കേരളയ്‌ക്കെതിരെ 2011ൽ
52* യുവരാജ് സിങ്, ഡൽഹി ഡെയർഡെവിൾസിനെതിരെ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) 2014ൽ
52 ശ്രീവത്സ് ഗോസ്വാമി, ഡൽഹി ഡെയർഡെവിൾസിനെതിരെ 2008ൽ

∙ മലപ്പുറം കണക്‌ഷൻ

ദേവ്‌ദത്തിന്റെ അച്ഛൻ ബാബുനു നിലമ്പൂർ സ്വദേശിയും അമ്മ അമ്പിളി പടിക്കൽ എടപ്പാൾ സ്വദേശിയുമാണ്. അമ്മ വഴിയാണ് ദേവ്‌ദത്തിന്റെ പേരിനൊപ്പമുള്ള പടിക്കൽ സ്കോർ ബോർഡിലേക്കും കയറിക്കൂടിയത്. ദേവ്‌ദത്തിന് 4 വയസ്സുള്ളപ്പോൾ അച്ഛന്റെ ജോലി ആവശ്യാർഥം കുടുംബം ഹൈദരാബാദിലേക്കു താമസം മാറി. മകന്റെ ക്രിക്കറ്റ് ഭാവികൂടി കണക്കിലെടുത്ത് 2011ൽ ബെംഗളൂരുവിലെത്തി. ദേവ്ദത്ത് 2 വർഷം മുൻപ് ആലപ്പുഴയിൽ കളിക്കാൻ വന്നിരുന്നു. ചാന്ദ്നി സഹോദരിയാണ്.

English Summary: Devdutt Padikkal slams fifty on debut, all you need to know about RCB’s new opener

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com