sections
MORE

മാൻ ഓഫ് ദ് മാച്ച് അവാർഡ് ആ അംപയറിനു കൊടുക്കൂ: പൊട്ടിത്തെറിച്ച് സേവാഗ്!

sehwag-nitin-menon
ക്രിസ് ജോർദാൻ ക്രീസിൽ തൊടുന്നതിന്റെ ദൃശ്യം. വീരേന്ദർ സേവാഗാണ് രണ്ടാം ചിത്രത്തിൽ.
SHARE

ദുബായ്∙ ഐപിഎല്ലിലെ ഏറ്റവും ആവേകരമായ ത്രില്ലർ പോരാട്ടങ്ങളിലൊന്ന് എന്ന നിലയിൽ ചരിത്രത്തിന്റെ ഭാഗമായെങ്കിലും, ഡൽഹി ക്യാപിറ്റൽസ് – കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിന്റെ നിറംകെടുത്തി വിവാദം പുകയുന്നു. മത്സരത്തിനിടെ അംപയറിനു സംഭവിച്ചൊരു പിഴവിനെച്ചൊല്ലിയാണ് വിവാദം. അടുത്തിടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) എലീറ്റ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി അംപയർ നിതിൻ മേനോനാണ് പിഴവു സംഭവിച്ചത്. ആവേശകരമായ നിമിഷങ്ങൾക്കൊടുവിൽ ‘ടൈ’യിൽ അവസാനിച്ച മത്സരത്തിൽ അംപയറിന്റെ ഈ പിഴവ് മത്സരഫലത്തെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിവാദം ഉടലെടുത്തത്.

മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ 19–ാം ഓവറിൽ പഞ്ചാബ് താരങ്ങളായ മായങ്ക് അഗർവാളും ക്രിസ് ജോർദാനും നേടിയ ഡബിളിൽ ഒരു റൺ, ജോർദാൻ ക്രീസിൽ സ്പർശിച്ചില്ലെന്ന കാരണത്താൽ അപംയർ റദ്ദാക്കിയിരുന്നു. എന്നാൽ, ജോർദാൻ ക്രീസിൽ സ്പർശിച്ചുവെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെയാണ് വിവാദം കടുത്തത്. ‘ടൈ’യിൽ അവസാനിച്ച മത്സരത്തിൽ അംപയറിന്റെ പിഴവിൽ നിഷേധിക്കപ്പെട്ട ഈ ഒരു റൺ, പഞ്ചാബിന്റെ തോൽവിക്കു കാരണമായെന്നാണ് വാദം. പൊതുവെ രൂക്ഷ വിമർശനങ്ങളിൽനിന്ന് അകന്നുനിൽക്കാറുള്ള മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് ഉൾപ്പെടെയുള്ളവർ അംപയറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഡൽഹി – പഞ്ചാബ് മത്സരത്തിലെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സത്യത്തിൽ ആ അംപയറിനാണ് നൽകേണ്ടതെന്ന രൂക്ഷ പ്രതികരണത്തിലൂടെയാണ് സേവാഗ് നിലപാട് വ്യക്തമാക്കിയത്.

∙ എന്താണ് സംഭവിച്ചത്?

മത്സരത്തിലെ ഏറ്റവും നിർണായകമെന്നു പറയാവുന്ന നിമിഷത്തിലാണ് ഐസിസി എലീറ്റ് പാനലിൽ അംഗമായ അംപയറിന് പിഴവു സംഭവിച്ചത്. കഗീസോ റബാദ ഡൽഹിക്കായി 19–ാം ഓവർ എറിയാനെത്തുമ്പോൾ അവർക്കു വിജയത്തിലേക്ക് വേണ്ടിയിരുന്നത് 25 റൺസ്. ക്രീസിൽ ഉജ്വല ഫോമിലുള്ള മായങ്ക് അഗർവാളും (49 പന്തിൽ 65) ക്രിസ് ജോർദാനും (അഞ്ച് പന്തിൽ അഞ്ച്). ആദ്യ പന്തിൽ മായങ്കിന് റണ്ണെടുക്കാനായില്ല. രണ്ടാം പന്ത് നേർരേഖയിൽ ബൗണ്ടറി കടന്നു.

മൂന്നാം പന്തിലാണ് വിവാദം ഉടലെടുത്തത്. ഔട്ട്സൈഡ് ഓഫിൽ ഫുൾടോസായി മാറിയ പന്ത് അഗർവാൾ എക്സ്ട്രാ കവറിലേക്ക് തിരിച്ചുവിട്ടു. ഉറപ്പായിരുന്ന രണ്ടു റൺസും ഓടിയെടുത്തു. എന്നാൽ, സ്ക്വയർ ലെഗ് അംപയർ നിതിൻ മേനോൻ ഇതിൽ ഒരു റൺ മാത്രമേ അനുവദിച്ചുള്ളൂ. ഓട്ടത്തിനിടെ ക്രിസ് ജോർദാൻ ക്രീസിൽ സ്പർശിച്ചില്ലെന്നായിരുന്നു ന്യായം. കൂടുതൽ ആവേശകരമായി മാറിയ മത്സരം ഒടുവിൽ ടൈയിൽ അവസാനിക്കുകയും ചെയ്തു.

എന്നാൽ, റീപ്ലേകളിൽ ജോർദാൻ ക്രീസിൽ സ്പർശിച്ചിരുന്നുവെന്ന് വ്യക്തമായതോടെ പഞ്ചാബ് ആരാധകർ ഇളകി. മത്സരം ടൈയിൽ അവസാനിക്കുകയും സൂപ്പർ ഓവറിൽ പഞ്ചാബ് തോൽക്കുകയും ചെയ്തതോടെ കലി ഇരട്ടിയായി. ഇത്രയും സാങ്കേതിക വിദ്യകൾ ലഭ്യമായ കാലത്ത് അംപയറിൽനിന്ന് ഇത്തരമൊരു പിഴവ് സംഭവിക്കാൻ പാടില്ലെന്നാണ് വിമർശകരുടെ വാദം.

∙ ‘അംപയറാണ് മാൻ ഓഫ് ദ് മാച്ച്’

ഇതിനിടെയാണ് രൂക്ഷ വിമർശനവുമായി വീരേന്ദർ സേവാഗ്, കിങ്സ് ഇലവൻ പഞ്ചാബ് ഉടമ പ്രീതി സിന്റ തുടങ്ങിയവരും രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് സേവാഗ് അനിഷ്ടം പ്രകടമാക്കിയത്.

‘മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരത്തിനുള്ള താരത്തെ തിരഞ്ഞടുത്തതിനോട് എനിക്കു വിയോജിപ്പുണ്ട്. ക്രീസിൽ തൊട്ടില്ലെന്ന കാരണത്താൽ പഞ്ചാബിന്റെ ഒരു റൺ കുറച്ച ആ അംപയറിനാണ് യഥാർഥത്തിൽ പുരസ്കാരം നൽകേണ്ടത്. ആ പിഴവാണ് മത്സരഫലം നിർണയിച്ചത്’ – സേവാഗ് കുറിച്ചു.

English Summary: ‘Umpire should have been man of the match’: Virender Sehwag fuming after an umpiring howler in DC vs KXIP match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA