ADVERTISEMENT

ദുബായ്∙ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ആവേശം വിടാതെ ദീർഘദൂരം യാത്ര ചെയ്ത്, ആറു ദിവസത്തെ ക്വാറന്റീനും അഞ്ച് കോവിഡ് പരിശോധനകളും പുഞ്ചിരിയോടെ നേരിട്ട തനിക്ക്, ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ ഒരു റൺ കുറച്ച അംപയറുടെ പിഴവ് കനത്ത പ്രഹരമേൽപ്പിച്ചെന്ന് ടീം ഉടമ കൂടിയായ ബോളിവുഡ് താരം പ്രീതി സിന്റ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുടർ കുറിപ്പുകളിലാണ് സംഭവത്തിൽ പ്രീതി സിന്റയുടെ പ്രതികരണം. മത്സരഫലത്തെ പോലും സ്വാധീനിച്ച പിഴവിനു കാരണക്കാരനായ അംപയറിനാണ് ‘മാൻ ഓഫ് ദ് മാച്ച്’ പുരസ്കാരം നൽകേണ്ടതെന്ന് പരിഹസിച്ച മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പ്രീതി സിന്റ നിലപാട് വ്യക്തമാക്കിയത്.

ഇത്രയധികം സാങ്കേതിക വിദ്യ ലഭ്യമായ ഇക്കാലത്തും മത്സരഫലത്തെ സ്വാധീനിക്കുന്ന വിധത്തിൽ ഇത്തരമൊരു പിഴവ് സംഭവിച്ചത് സ്വീകാര്യമല്ലെന്ന നിലപാടാണ് ഇതേക്കുറിച്ച് പ്രതികരിച്ച മുൻ താരങ്ങളും കമന്റേറ്റർമാരും ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്. ഇത്തരമൊരു പിഴവ് ശ്രദ്ധയിൽപ്പെട്ട അവസരത്തിൽത്തന്നെ സ്കോർ തിരുത്തേണ്ടിയിരുന്നുവെന്ന് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ ചൂണ്ടിക്കാട്ടി. രാജ്യാന്തര ക്രിക്കറ്റിൽപ്പോലും പിഴവു പരിഹരിക്കാൻ ഇത്തരത്തിൽ സ്കോർ തിരുത്തിയ സംഭവമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ അംപയറുടെ പിഴവിൽ മത്സരം നഷ്ടമായ സാഹചര്യത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് മാച്ച് റഫറിക്ക് പരാതി നൽകി. കിങ്സ് ഇലവൻ സിഇഒ സതീഷ് മേനോനാണ് ഇക്കാര്യം അറിയിച്ചത്. ‘മനുഷ്യ സഹജമായ തെറ്റുകൾ മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും ഐപിഎൽ പോലുള്ളൊരു ലോകോത്തര ടൂർണമെന്റിൽ ഇത്തരം മാനുഷിക പിഴവുകൾക്ക് സ്ഥാനമില്ല. ആ ഒരു റൺ ഞങ്ങൾക്ക് പ്ലേ ഓഫ് സ്ഥാനം നഷ്ടമാക്കിയെങ്കിലോ?’ – സതീഷ് ചോദിച്ചു. അതേസമയം, കിങ്സ് ഇലവന്റെ അപ്പീൽ കൊണ്ടു ഫലമുണ്ടാകാൻ സാധ്യതയില്ല.

∙ പ്രീതി സിന്റയുടെ പ്രതികരണം

വലിയൊരു പകർച്ചവ്യാധിക്കിടയിലും ഏറ്റവും ആവേശത്തോടെ നടത്തിയ ദീർഘ യാത്രയ്ക്കൊടുവിൽ ആറു ദിവസത്തെ ക്വാറന്റീനും അഞ്ച് കോവിഡ് ടെസ്റ്റുകളും പുഞ്ചിരിയോടെയാണ് ഞാൻ നേരിട്ടത്. പക്ഷേ, ഒരു റൺ കുറച്ച ആ നടപടി വലിയ പ്രഹരമായിപ്പോയി. ഇത്രയധികം സാങ്കേതിക വിദ്യകൾ ലഭ്യമാണെങ്കിലും അത് ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്? ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) ഇക്കാര്യത്തിൽ നിയമ പരിഷ്കരണം നടത്തേണ്ട സമയമായി. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ശരിയല്ല’ – പ്രീതി സിന്റ കുറിച്ചു.

മത്സരഫലം ജയമായാലും തോൽവിയായാലും അതിനെ സന്തോഷത്തോടെ സ്വീകരിക്കാനാണ് എനിക്കിഷ്ടം. ക്രിക്കറ്റിന്റെ ആ സ്പിരിറ്റിലാണ് വിശ്വാസവും. എങ്കിലും ഭാവിയിൽ ക്രിക്കറ്റിനെ കൂടുതൽ ആസ്വാദ്യകരവും പിഴവറ്റതുമാക്കുന്നതിനുള്ള മാറ്റങ്ങൾക്കായി ശ്രമിക്കുന്നതും പ്രധാനമാണ്. സംഭവിച്ചത് സംഭവിച്ചു. ഇനി മുന്നോട്ടു നീങ്ങേണ്ട സമയമാണ്. ശുഭാപ്തി വിശ്വാസത്തോടെ വരും മത്സരങ്ങൾക്കായി കാത്തിരിക്കുന്നു – മറ്റൊരു ട്വീറ്റിൽ പ്രീതി കുറിച്ചു.

മത്സരഫലത്തെ സ്വാധീനിച്ച അംപയറിങ് പിഴവിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മറ്റു ചില പ്രതികരണങ്ങളിലൂടെ:

∙ ആകാശ് ചോപ്ര (മുൻ ഇന്ത്യൻ താരം, കമന്റേറ്റർ)

ആ ഒരു റൺ കുറച്ച നടപടി തെറ്റായിപ്പോയി. ഇത്തരം സംഭവങ്ങളിൽ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കണം. ഇതുപോലുള്ള പിഴവുകൾ തേ‍ർഡ് അംപയർ കൃത്യസമയത്ത് കണ്ടെത്തിയെങ്കിൽ മാത്രമേ അതു നടക്കൂ. ഒടുവിൽ കിങ്സ് ഇലവൻ പഞ്ചാബ് രണ്ടു പോയിന്റ് വ്യത്യാസത്തിൽ പ്ലേ ഓഫിലെത്താതെ പോയാൽ എന്തു ചെയ്യും? ഈ ഐപിഎൽ സീസൺ കൂടുതൽ കടുപ്പമാകുമെന്ന് തോന്നുന്നു.

∙ ഹർഷ ഭോഗ്‍ലെ (കമന്റേറ്റർ)

ഇപ്പോഴത്തെ സാഹചര്യത്തിൽ തേർഡ് അംപയറിന് ഫീൽഡ് അംപയറിന്റെ തീരുമാനത്തിൽ കയറി ഇടപെടാനാവില്ല. ഈ സംഭവത്തിൽ സ്കോർ തിരുത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ. കാരണം അതേ ബാറ്റ്സ്മാൻ തന്നെയാണ് സ്ട്രൈക്കിലുണ്ടായിരുന്നത്. ഫീൽഡിങ് ടീമിന് തന്ത്രങ്ങളിലോ ഫീൽഡിങ് വിന്യാസത്തിലോ മാറ്റം വരുത്തേണ്ടതുമുണ്ടായിരുന്നില്ല. രാജ്യാന്തര ക്രിക്കറ്റിൽ പോലും പിഴവു സംഭവിച്ചപ്പോൾ സ്കോർ തിരുത്തിയ സംഭവമുണ്ട്. 19–20 ഓവറുകൾക്കിടയ്ക്കുള്ള സമയത്ത് ഇത് ചെയ്യുന്നതായിരുന്നു ഉചിതം.

∙ സ്കോട്ട് സ്റ്റൈറിസ് (മുൻ ന്യൂസീലൻഡ് താരം, കമന്റേറ്റർ)

ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ആ ഒരു റൺ കുറച്ച അംപയറിന്റെ നടപടി ഭീകരം. എങ്കിലും അവസാന മൂന്നു പന്തിൽ ജയിക്കാൻ ഒരു റൺ മാത്രം വേണ്ടിയിരുന്നിട്ടും സാധിക്കുന്നില്ലെങ്കിൽ, സ്വയം കുറ്റപ്പെടുത്തുക മാത്രമേ നിർവാഹമുള്ളൂ.

∙ ഹേമാങ് ബദാനി (മുൻ ഇന്ത്യൻ താരം)

മത്സരം സൂപ്പർ ഓവറിലേക്ക് എത്തേണ്ടിയിരുന്നതല്ല. ആ ഒരു റൺ തീർച്ചയായും പഞ്ചാബിന് ലഭിക്കേണ്ടിയിരുന്നതാണ്. എങ്കിലും സൂപ്പർ ഓവറിൽ കെ.എൽ. രാഹുലിനൊപ്പം ക്രീസിലെത്തേണ്ടിയിരുന്നത് നിക്കോളാസ് പുരാനല്ല, മായങ്ക് അഗർവാളാണ്.

∙ ദൊഡ്ഡ ഗണേഷ് (മുൻ ഇന്ത്യൻ താരം)

ഇത്രയും സാങ്കേതിക വിദ്യകളുടെ സഹായമുണ്ടായിട്ടും അംപയറിനു സംഭവിച്ച പിഴവ് വിഡ്ഢിത്തമാണ്. ആ ഒരു റണ്ണാണ് പഞ്ചാബ് അർഹിച്ച വിജയം അവരിൽനിന്ന് തട്ടിയെടുത്തത്. അവരുടെ കാര്യത്തിൽ വിഷമം തോന്നുന്നു. എങ്കിലും അവസാന നിമിഷം വരെ തളരാതെ പൊരുതിയ ഡൽഹിക്ക് അഭിനന്ദനങ്ങൾ.

∙ ഇർഫാൻ പഠാൻ (മുൻ ഇന്ത്യൻ താരം)

ആ ഒരു റൺ കുറച്ചതിനെക്കുറിച്ച് എന്തു പറയുന്നു?

∙ സഞ്ജയ് മഞ്ജരേക്കർ (മുൻ ഇന്ത്യൻ താരം, കമന്റേറ്റർ)

ആ ഒരു റൺ കുറച്ച ഫീൽഡ് അംപയറിന്റെ പിഴവ് തേർഡ് അംപയർ ഇടപെട്ട് തിരുത്തേണ്ടതായിരുന്നു.

English Summary: Umpiring controversy as short-run call potentially costs the match for KXIP against DC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com