ADVERTISEMENT

ഷാർജ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ച യശ്വസി ജയ്‌സ്വാൾ, മത്സരത്തിനു മുന്നോടിയായി മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണിയുടെ അനുഗ്രഹം തേടിയത് ശ്രദ്ധേയമായി. ധോണിയെ കണ്ടപ്പോൾ തന്നെ കൈകൂപ്പുന്ന ജയ്സ്വാളിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ധോണി ടോസിങ്ങിനായി മൈതാനത്തേക്ക് പോകുമ്പോഴാണ് ജയ്‌സ്വാൾ അടുത്തെത്തി കൈകൂപ്പി അനുഗ്രഹം തേടിയത്.

ധോണി വരുന്നത് കണ്ട് അടുത്തേക്കു ചെന്ന ജയ്‍സ്വാൾ ആദ്യം കോവിഡ് കാലത്തെ രീതിയനുസരിച്ച് ധോണിയുടെ മുഷ്ടിയിൽ കൈമുട്ടിച്ചു. ശേഷം അനുഗ്രഹം തേടി കൈകൂപ്പി. ഇതിന്റെ ചിത്രവും വിഡിയോയും ആരാധകർ ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒട്ടേറെപ്പേരാണ് ഇതിന്റെ ചിത്രവും വിഡിയോയും പങ്കുവച്ചത്. ഐപിഎൽ അരങ്ങേറ്റം കുറിച്ച യശ്വസി, ആറു പന്തിൽ ആറു റൺസുമായി പുറത്തായിരുന്നു.

ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിലെ ശ്രദ്ധേയ പ്രകടനത്തിനു പിന്നാലെയാണ് യശ്വസി ജയ്‌സ്വാളെന്ന കൗമാരക്കാരനെ രാജസ്ഥാൻ റോയൽസ് സ്വന്തം പാളയത്തിലെത്തിച്ചത്. അണ്ടർ 19 ലോകകപ്പിൽ ആറ് ഇന്നിങ്സുകളിൽനിന്ന് 400 റണ്‍സ് സ്വന്തമാക്കിയ യശ്വസിയായിരുന്നു ടോപ് സ്കോറർ. പാക്കിസ്ഥാനെതിരായ സെമി പോരാട്ടത്തിൽ പുറത്താകാതെ സെഞ്ചുറിയും കുറിച്ചു. 2.40 കോടി രൂപ മുടക്കിയാണ് രാജസ്ഥാൻ യശ്വസിയെ സ്വന്തം പാളയത്തിലെത്തിച്ചത്. ഡേവിഡ് മില്ലറിനു പോലും 75 ലക്ഷം രൂപ മാത്രം കൊടുത്ത സ്ഥാനത്താണിത്.

English Summary: IPL Debutant Yashasvi Jaiswal Greeting CSK's Dhoni With Folded Hands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com