ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) കമന്റേറ്റർ ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസിന്റെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഐപിഎൽ ദൗത്യവും നിർവഹിച്ച് ഇന്ന് രാവിലെ പോലും യാതൊരു കുഴപ്പവുമില്ലാതെ ഓടിച്ചാടി നടന്ന ഡീൻ ജോൺസിനെ തീർത്തും അപ്രതീക്ഷിതമായാണ് മരണം കൂട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം പോലും ടെലിവിഷനിൽ കണ്ട ആ മുഖവും കേട്ട ആ ശബ്ദവും ഇനിയില്ലല്ലോ എന്ന വേദനയിലാണ് ആരാധകരും.

1986ലെ പ്രശസ്തമായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ 40 ഡിഗ്രിക്കു മുകളിൽ കൊടുംചൂടിൽ ഛർദ്ദിയും ക്ഷീണവും വകവയ്ക്കാതെ നേടിയ ആ ഐതിഹാസിക ഇരട്ടസെഞ്ചുറിയുടെ ഓർമകൾ ബാക്കിയാക്കിയാണ് അതേ മണ്ണിൽനിന്ന് ഡ‍ീൻ ജോൺസിന്റെ അന്ത്യയാത്ര. 1987ൽ വിസ്‌ഡൻ റേറ്റിങ്ങിൽ മികച്ച ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇദ്ദേഹം. ഡീൻ ജോൺസിന്റെ ആകസ്മിക നിര്യാണത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

ഇന്നു രാവിലെ പ്രഭാത ഭക്ഷണവും കഴിച്ച് ഐപിഎൽ കമന്ററി സംഘത്തിന്റെ പതിവു യോഗത്തിലും പങ്കെടുത്ത ഡീൻ ജോൺസ്, സഹപ്രവർത്തകരുമായി സംസാരിച്ചുനിൽക്കെയാണ് ഉച്ചയോടെ കുഴഞ്ഞുവീണതെന്ന് ‘ടൈംസ് ഓഫ്’ ഇന്ത്യ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിലെ ഒരു സ്റ്റാർ ഹോട്ടലിലായിരുന്നു ഡീൻ ജോൺസ് ഉൾപ്പെട്ട കമന്ററി സംഘത്തിന്റെ താമസം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ‘ബയോ സെക്യുർ ബബ്ളി’ന്റെ ഭാഗമായിരുന്നു ഈ സംഘം.

ദക്ഷിണ മുംബൈയിലെ ഹോട്ടലിൽ താമസ സ്ഥലത്ത് പ്രഭാത ഭക്ഷണത്തിനും യോഗത്തിനും ശേഷം സഹപ്രവർത്തകരുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്. സ്ഥലത്തുണ്ടായിരുന്ന ആശുപത്രിയിൽ അദ്ദേഹത്തെ ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

1980കളുടെ മധ്യത്തിൽ തകർന്നുകിടന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഉയർത്തിക്കൊണ്ടു വരുന്നതിൽ നിർണായക പങ്കുവഹിച്ച രണ്ടു താരങ്ങളിൽ ഒരാളാണ് ജോൺസ്. തികഞ്ഞ ആക്രമണോത്സുകതയോടെ ഓസീസിനെ നയിച്ച അലൻ ബോർഡറായിരുന്നു ഒന്നാമൻ. അതേ ആക്രമണോത്സുകതയോടെ ഓസീസ് ബാറ്റിങ്ങിനെ നയിച്ച ഡീൻ ജോൺസ് രണ്ടാമനും. സമ്മർദ്ദ ഘട്ടങ്ങളിൽ മികച്ച കളി കെട്ടഴിക്കാനുള്ള ജോൺസിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു. 1986ൽ ചെന്നൈയിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഡീൻ ജോൺസ് പുറത്തെടുത്ത ഐതിഹാസിക പ്രകടനം ആരാധകർ ഇന്നും ഓർമിക്കുന്നതാണ്. അന്ന് കനത്ത ചൂടിൽ ക്ഷീണം ബാധിച്ച് അവശനിലയിലായിട്ടും ബാറ്റിങ് തുടർന്ന ഡീൻ ജോൺസ്, ഇരട്ടസെഞ്ചുറി കുറിച്ചാണ് തിരിച്ചുകയറിയത്.

മനസ്സിലുള്ളത് വെട്ടിത്തുറന്നു പറഞ്ഞ് ഒട്ടേറെ വിവാദങ്ങളിലും ചെന്നുചാടി. 2006ൽ കൊളംബോയിൽ ശ്രീലങ്ക – ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റിന്റെ കമന്ററിക്കിടെ ഹാഷിം അംലയെ ‘ഭീകരവാദി’ എന്നു വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. കൊളംബോയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ ഒന്നാം ഇന്നിങ്‌സിനിടെയാണ് സംഭവം. 14 റൺസെടുത്ത ശ്രീലങ്കയുടെ കുമാർ സംഗക്കാരയെ എൻടിനിയുടെ ബോളിങ്ങിൽ അംല അസാധ്യമായ ഒരു ക്യാച്ചിലൂടെ പുറത്താക്കി. ജോൺസിന്റെ കമന്റ് ഉടൻ വന്നു: ‘ആ ഭീകരവാദി ഒരു ക്യാച്ച് കൂടി എടുത്തിരിക്കുന്നു’. പിന്നീട് ഡീൻ ജോൺസ് ഈ സംഭവത്തിൽ മാപ്പുപറഞ്ഞെങ്കിലും കമന്ററി നൽകിയ ചാനൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

English Summary: Former cricketer Dean Jones, 59, passes away after cardiac arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com