ADVERTISEMENT

ടെസ്റ്റ് ക്രിക്കറ്റിന്റെ ബാറ്റിങ് ഹാങ്ങോവറിൽനിന്ന് ഏകദിന ബാറ്റിങ്ങിനെ മോചിപ്പിച്ചതിൽ സുപ്രധാന പങ്കുവഹിച്ച കളിക്കാരനാണ് ഇന്നലെ വിടവാങ്ങിയ ഡീൻ മെർവിൻ ജോൺസ്. ടെസ്റ്റ് ശൈലി ഉപേക്ഷിച്ച് ഏകദിനത്തിൽ ബാറ്റു വീശാൻ മടിച്ചവരിൽനിന്നു വേറിട്ടുനിന്ന്, ഫാസ്റ്റ് ബോളർമാരെ ക്രീസ് വിട്ടിറിങ്ങി അടിക്കാൻ ജോൺസ് തയാറായപ്പോൾ ഏകദിന ക്രിക്കറ്റിന്റെ സുവർണകാലത്തിനു തുടക്കമായി. ആരെയും കൂസാത്ത ശൈലി ജോൺസിനെ ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി ഉയർത്തി. വിക്കറ്റുകൾക്കിടയിലെ ജോൺസിന്റെ ഓട്ടവും ഔട്ട്ഫീൽഡിലെ ആക്രമണോത്സുക ഫീൽഡിങ്ങും ഏകദിന ക്രിക്കറ്റിന്റെ രൂപഭാവങ്ങൾ മാറ്റി. അടിമുടി ക്രിക്കറ്റ് ജീൻ നിറഞ്ഞ ജോൺസ് ഇനി ഓർമ. 

അദ്ഭുതം, അരങ്ങേറ്റം

1984ൽ ജോൺസ് ഓസ്ട്രേലിയൻ ടീമിലെത്തിയതു യാദൃച്ഛികമായാണ്. വിൻഡീസ് പര്യടനത്തിനുള്ള ടീമിലെ മധ്യനിര ബാറ്റ്സ്മാൻ ഗ്രഹാം യാലപ്പിനു പരുക്കേറ്റപ്പോൾ പകരക്കാരനായി ജോൺസിനെ പരിഗണിച്ചു. ടീമിലെത്തിയ ജോൺസിന് അരങ്ങേറ്റം കുറിക്കാനായത് മറ്റൊരു താരത്തിന് അസുഖം ബാധിച്ചപ്പോഴാണ്. 52 ടെസ്റ്റും 164 ഏകദിന മത്സരങ്ങളും നീണ്ട കരിയർ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ കുതിപ്പിന്റെ കാലമായിരുന്നു. 1987ൽ അവർ ലോകകപ്പ് നേടിയത് ജോൺസ് നേടിയ 314 റൺസിന്റെയും അതുല്യ ഫീൽഡിങ്ങിന്റെയും മികവിലായിരുന്നു. 1989ലെ ആഷസ് പരമ്പരയിലെ താരവും ജോൺസായിരുന്നു.

Dean-Jones-6
‍ഡീൻ ജോൺസ് (ഫയൽ ചിത്രം).

ചെന്നൈ വണ്ടർ

ഇന്ത്യക്കാർക്കു മറക്കാനാവാത്ത കളിക്കാരനാണു ഡീൻ ജോൺസ്. 1986–87 പരമ്പരയിൽ ‘മദ്രാസിലെ ചെപ്പോക്കി’ൽ നടന്ന ടെസ്റ്റിൽ ഓസീസിനു കൂറ്റൻ സ്കോർ സമ്മാനിച്ചതു  ജോൺസിന്റെ ഒറ്റയാൾ പോരാട്ടമാണ്. കടുത്ത ചൂടിൽ തളർന്ന് പല തവണ ഛർദിച്ച് ക്രീസിലിരുന്നാണു ജോൺസ് ഡബിൾ സെഞ്ചുറി (210) തികച്ചത്. മാസ്മരിക പ്രകടനത്തിനുശേഷം താരത്തിനെ  ആശുപത്രിയിലെത്തിക്കേണ്ടി വന്നു. അവിടെ ഡ്രിപ്പിട്ടു കിടത്തേണ്ടിയും വന്നു. ഇന്ത്യൻ കാണികൾ ആദ്യമായി എതിർ ടീമിലെ കളിക്കാരനായി കയ്യടിച്ചു തുടങ്ങിയതും അന്നാണ്.

വിവാദത്തിന്റെ പിച്ചിൽ

അടിച്ചുപൊളി ബാറ്റിങ് ശൈലി വാക്പോരിലും തുടർന്നതു ജോൺസിനു പലപ്പോഴും വിനയായി. വിൻഡീസ് – ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കിടെ ജോൺസ് അനാവശ്യമായി കർട്‍ലി അംബ്രോസിനെ പ്രകോപിപ്പിച്ചതിന് (അംബ്രോസ് ധരിച്ച വെള്ള റിസ്റ്റ് ബാൻഡ് ബാറ്റ്സ്മാൻമാരുടെ ശ്രദ്ധ മാറ്റുന്നുവെന്നായിരുന്നു ജോൺസിന്റെ പരാതി) ഓസീസ് കനത്ത വില നൽകേണ്ടി വന്നു. മികച്ച ഫോമിലായിരുന്നിട്ടും 1993ൽ ടെസ്റ്റ് ടീമിൽ നിന്നും 94ൽ ഏകദിന ടീമിൽനിന്നും പുറത്താകാൻ കാരണവും ആ ശൈലിയായിരുന്നു. വിക്ടോറിയ, ഡെർബിഷെർ ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നതിനും കാരണം മറ്റൊന്നായിരുന്നില്ല.

Dean-Jones-8
‍ഡീൻ ജോൺസ് (ഫയൽ ചിത്രം).

പ്രഫസർ ഡീനോ

കളിമികവിനൊപ്പം പേരു കേട്ടതായിരുന്നു ‘പ്രഫസർ ഡീനോ’യുടെ കളി പറച്ചിൽ. ഇതേ പേരിൽ ഒരു ചാനലിൽ ക്രിക്കറ്റ് വിശകലനവും ജോൺസ് നടത്തി. അറിവും അനുഭവക്കരുത്തും ചേർന്ന ആ വിദഗ്ധാഭിപ്രായത്തിന് എവിടെയും സ്ഥാനമുണ്ടായിരുന്നു. പക്ഷേ, അവിടെയും ജോൺസിന്റെ മൈക്ക് വിവാദം പിടിച്ചു. 2006ലെ ദക്ഷിണാഫ്രിക്ക – ശ്രീലങ്ക കൊളംബോ ടെസ്റ്റിനിടെ ഹാഷിം അംലയെ ‘ഭീകരൻ’ എന്നു വിളിച്ചതിനു പിന്നീടു മാപ്പു പറഞ്ഞെങ്കിലും പണി പോയി. വിലക്കിനുശേഷം വീണ്ടും കമന്ററിയിൽ തിളങ്ങിത്തുടങ്ങിയ ജോൺസിന്റെ 2–ാം ഇന്നിങ്സ് മരണം കവരുകയും ചെയ്തു. 

Dean-Jones-2
‍ഡീൻ ജോൺസ് (ഫയൽ ചിത്രം).

ഡീൻ ജോൺസ്

ടെസ്റ്റ്

മത്സരം 52 

റൺസ് 3631 

സെഞ്ചുറി 11 

അർധ സെഞ്ചുറി 14 

ഉയർന്ന സ്കോർ 216 

ശരാശരി 46.55 

ക്യാച്ച് 34 

ഏകദിനം

മത്സരം 164 

റൺസ് 6068 

സെഞ്ചുറി 7 

അർധ സെഞ്ചുറി 46 

ഉയർന്ന സ്കോർ 145 

ശരാശരി 44.62 

ക്യാച്ച് 54 

ചെന്നൈയിലെ ടൈ ടെസ്റ്റ് - 1986 സെപ്റ്റംബർ 18–22

ഓസീസ് ഒന്നാം ഇന്നിങ്സ് 

7ന് 574 ഡിക്ലയേഡ് 

(ഡേവിഡ് ബൂൺ 122, ഡീൻ ജോൺസ് 210, അലൻ ബോർഡർ 106. ശിവ്‌ലാൽ യാദവ് 4 വിക്കറ്റ്) 

ഇന്ത്യ ഒന്നാം ഇന്നിങ്സ് 

397നു പുറത്ത് 

(ശ്രീകാന്ത് 53, അസ്ഹറുദ്ദീൻ 50, രവി ശാസ്ത്രി 62, കപിൽ 119. ഗ്രെഗ് മാത്യൂസ് 5 വിക്കറ്റ്) 

ഓസീസ് 2–ാം ഇന്നിങ്സ് 

5ന് 170 ഡിക്ലയേഡ് 

(ബൂൺ 49, ജോൺസ് 24, ബോർഡർ 27. മനീന്ദർ സിങ് 3 വിക്കറ്റ്) 

ഇന്ത്യ 2–ാം ഇന്നിങ്സ് 

347നു പുറത്ത്. 

(ഗാവസ്കർ 90, അമർനാഥ് 51, ശാസ്ത്രി പുറത്താകാതെ 48. ഗ്രെഗ് മാത്യൂസ് 5 വിക്കറ്റ്, റേ ബ്രൈറ്റ് 5 വിക്കറ്റ്)

English Summary: Dean Jones passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com