ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ ലഹരിമരുന്നു കേസിനിടെ സമാനമായ ആരോപണം ക്രിക്കറ്റിലേക്കും. ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ചില ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടതായി നടിയും മോഡലുമായ ഷെർലിൻ ചോപ്രയാണ് വെളിപ്പെടുത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരത്തിനുശേഷം നടന്ന ആഘോഷ പാർട്ടിക്കിടെയാണ് ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർ ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നാണു വെളിപ്പെടുത്തൽ. ദേശീയ മാധ്യമമായ എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഷെർലിൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. അതേസമയം, ഏത് സീസണിലെ മത്സരമാണെന്ന് അവർ വ്യക്തമാക്കിയില്ല.

സംഭവത്തെക്കുറിച്ച് ഷെർലിൻ പറയുന്നത് ഇങ്ങനെ: ‘‘കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരം കാണാൻ ഒരിക്കൽ ഞാൻ കൊൽക്കത്തയില്‍ പോയിരുന്നു. മത്സരത്തിന് ശേഷം അവരുടെ പാർട്ടിക്കും എന്നെ ക്ഷണിച്ചു. ഈ പാർട്ടിയിൽ പ്രശസ്തരായ പല ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടേയും ഭാര്യമാരും പങ്കെടുത്തിരുന്നു. പാർട്ടി നന്നായി ആസ്വദിച്ചു. നൃത്തം ചെയ്തതിന്റെ ക്ഷീണം കാരണം വാഷ് റൂമിൽ പോയി. ഞെട്ടിക്കുന്ന കാഴ്ചയാണു ഞാൻ അവിടെ കണ്ടത്. താരങ്ങളുടെ ഭാര്യമാർ വാഷ്റൂം ഏരിയയിൽനിന്ന് കൊക്കെയ്ൻ ഉപയോഗിക്കുകയായിരുന്നു.’’ – ഷെർലിൻ വെളിപ്പെടുത്തി.

‘‘അവർ എന്നെ നോക്കി ചിരിച്ചു, ഞാൻ തിരിച്ചും ചിരിച്ചു. രംഗം പന്തിയല്ലെന്ന് മനസ്സിലായ ഉടനെ ഞാൻ‌ പുറത്തേക്കു പോയി. ഇത്തരം ലഹരിമരുന്നു പാർട്ടികൾ തുടർച്ചയായി നടക്കാറുണ്ട്. പുരുഷൻമാരുടെ വാഷ്റൂമിൽ പോയാലും ഇതൊക്കെ തന്നെയാണു നടക്കുന്നതെന്ന് ഉറപ്പാണ്.’’– ഷെർലിൻ അവകാശപ്പെട്ടു.

അതേസമയം, ക്രിക്കറ്റ് താരങ്ങളുടെ അവരുടെ ഭാര്യമാരുടെയോ പേര് എടുത്തുപറയാൻ അവർ തയാറായില്ല. എങ്കിലും അന്വേഷണം നടത്തിയാൽ നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോയെ (എൻസിബി) ഇക്കാര്യത്തില്‍ സഹായിക്കാൻ തയാറാണെന്നും ഷെർലിൻ വ്യക്തമാക്കി. എൻസിബി ചോദ്യം ചെയ്യാൻ എന്നെ വിളിക്കുകയാണെങ്കിൽ സഹായിക്കാന്‍ തയാറാണ്. ബോളിവുഡിലെ മയക്കുമരുന്ന് സംഘത്തെ പുറത്തുകൊണ്ടുവരുന്നതിന് അവർ നടത്തുന്ന ശ്രമങ്ങളിൽ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിനിമാലോകത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കേസിൽ നടി റിയ ചക്രവർത്തി, സഹോദരന്‍ ഷൗവിക് ചക്രവർത്തി, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ തുടങ്ങി 16 പേരെയാണ് എൻസിബി ഇതിനകം അറസ്റ്റ് ചെയ്തത്. നർകോട്ടിക്സ് ബ്യൂറോയ്ക്കു പുറമേ സിബിഐയും ഇഡിയും സുശാന്തിന്റെ മരണത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

English Summary: I Have Seen Cricketer, Bollywood Star Wives Taking Cocaine: Sherlyn Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com