ADVERTISEMENT

മുംബൈ∙ ഇതിഹാസ താരങ്ങളും സമകാലികരുമായ ഇമ്രാൻ ഖാനും സുനിൽ ഗാവസ്കറും രചിച്ച പുസ്തകങ്ങളിൽ ഒരേപോലെ പരാമർശിച്ച പേരാണ് മൊഹീന്ദർ അമർനാഥ് ഭരദ്വാജിന്റേത്. 1980കളിൽ ഇന്ത്യയുടെ ഏറ്റവും കരുത്തനായ ഓൾറൗണ്ടർ, ഫാസ്റ്റ് ബോളർമാരെ വട്ടംകറക്കിയ പ്രതിഭാധനനായ ബാറ്റ്സ്മാൻ എന്നീ വിശേഷണങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ജിമ്മി’ക്ക് അവകാശപ്പെട്ടതാണ്. 1969ൽ അരങ്ങേറ്റംകുറിച്ചെങ്കിലും ഓൾറൗണ്ട് പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ വിശ്വസ്തതാരമായി മൊഹീന്ദർ മാറിയത് 1980ളിൽ മാത്രമായിരുന്നു. ഗാവസ്കറുടെ Idols എന്ന പുസ്തകത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി വിശേഷിപ്പിച്ചത് മൊഹീന്ദറിനെയാണ്. 1983 ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മൊഹീന്ദർ അമർനാഥിന് ഇന്ന് 70 വയസ് പൂർത്തിയാകുന്നു.

ഇന്ത്യയുടെ സ്ഥിരം കളിക്കാരൻ എന്ന പേര് ഒരിക്കൽപ്പോലും മൊഹീന്ദറിനെ തേടിയെത്തിയിരുന്നില്ല. അപൂർവ കാലങ്ങളൊഴിച്ചാൽ മൊഹിന്ദർ ഒരിക്കൽപ്പോലും ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിരം മുഖവുമായിരുന്നില്ല. പല തവണ ടീമിൽ ഇടം കിട്ടാതെ പുറത്താവുകയും പിന്നീട് തിരികെയെത്തി വന്നതിനാൽ അദ്ദേഹത്തിനൊരു പേരും വീണു: ‘ഇന്ത്യൻ ക്രിക്കറ്റിലെ തിരിച്ചുവരവുകാരൻ’ (Comeback Man of Indian Cricket)!

അരനൂറ്റാണ്ട് മുൻപ്, 1969ലെ ക്രിസ്മസ് തലേന്നായിരുന്നു മൊഹിന്ദറിന്റെ ടെസ്റ്റ് അരങ്ങേറ്റം, ചെന്നൈയിൽ ഓസ്ട്രേലിയയ്ക്കെതിരെ. ആദ്യ ഇന്നിങ്സിൽ 16 റൺസ് മാത്രം നേടിയ മൊഹിന്ദർ പിന്നീട് ക്രിക്കറ്റിലേക്ക് തിരികെയെത്തിയത് 1976ൽ മാത്രം. മാൽക്കം മാർഷൽ, മൈക്കൽ ഹോൾഡിങ്, വിൻസ്റ്റൻ ഡേവിസ്, ഇമ്രാൻ ഖാൻ, സർഫ്രാസ് നവാസ്, ജെഫ് തോംസൻ തുടങ്ങിയ പ്രതിഭകളെ നേരിട്ടാണ് ലോകത്തിലെ മികച്ച ബാറ്റ്സ്മാൻമാരുടെ നിരയിലേക്ക് അദ്ദേഹം ഉയർന്നുവന്നത്. 1982–83ൽ ഇന്ത്യയുടെ വിശ്വസ്തനായ മൂന്നാം നമ്പർ ബാറ്റ്സമാനായി അദ്ദേഹം വളർന്നു.

അതേ വർഷം പാക്ക്, വിൻഡീസ് നിരകൾക്കെതിരെ 11 ടെസ്റ്റുകളിൽനിന്നുമാത്രം നേടിയത് ആയിരത്തിലേറെ റൺസ്. ഇമ്രാൻ ഖാൻ രചിച്ച ‘ഓൾറൗണ്ട് വ്യൂ’ എന്ന പുസ്തകത്തിൽ ആ സീസണിലെ ഏറ്റവും വലിയ ബാറ്റ്സ്മാന്‍ എന്ന വിശേഷണം ചാർത്തിക്കൊടുത്തതും മൊഹിന്ദർ അമർനാഥിനാണ്. ഗുണ്ടപ്പ വിശ്വനാഥിന്റെ വിരമിക്കലോടെ മൊഹിന്ദർ ടീമിന്റെ നിർണായക ഘടകവുമായി. 69 ടെസ്റ്റുകളിൽനിന്നായി 4378 റൺസ് (ശരാശരി 42.50) നേടിയ അദ്ദേഹം 32 വിക്കറ്റുകളും സ്വന്തമാക്കി. 11 സെഞ്ചുറിയും 24 അർധസെഞ്ചുറിയും ആ ബാറ്റിൽനിന്നു പിറന്നു. 

ആദ്യ മൂന്നു ലോകകപ്പ് ടൂർണമെന്റുകളിലും അദ്ദേഹം ഇന്ത്യൻ ടീമിലുണ്ടായിരുന്നു. 1983ൽ കപിൽദേവ് ലോകകപ്പ് ഉയർത്തിയപ്പോൾ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം.  അന്ന് ഫൈനലിൽ 26 റൺസ് സംഭാവന ചെയ്യുകയും വിലപ്പെട്ട മൂന്ന് വീൻഡീസ് വിക്കറ്റുകൾ പിഴുതെറിയുകയും ചെയ്‌ത മൊഹീന്ദർ അമർനാഥായിരുന്നു കളിയിലെ കേമൻ. തകർന്നുകൊണ്ടിരുന്ന ഇന്ത്യൻ ഇന്നിങ്‌സിന് അന്ന് അൽപം ജീവവായു നൽകിയത് ശ്രീകാന്തും (38 റൺസ്)  മൊഹിന്ദറും (26 റൺസ്) ചേർന്നു നേടിയ 57 റൺസിന്റെ കൂട്ടുകെട്ടാണ്.  അമർനാഥ് തന്നെയായിരുന്നു ഇന്ത്യൻ ജയത്തിന്റെ പിന്നണിക്കാരൻ.

ഇംഗ്ലണ്ടിനെതിരായ സെമിയിലും അമർനാഥ് തന്നെയായിരുന്നു മാൻ ഓഫ് ദ് മാച്ച്. 1983 ലോകകപ്പിൽനിന്ന് 237 റൺസും എട്ടു വിക്കറ്റുകളും. 85 ഏകദിനമൽസരങ്ങളിൽനിന്നായി 1924റൺസ്, 46 വിക്കറ്റ് എന്നതാണ് ആകെ സമ്പാദ്യം. 1985ൽ ഗാവസ്കർ നയിച്ച ഇന്ത്യ ഓസ്ട്രേലിയയിൽ ബെൻസൺ ആൻഡ് ഹെഡ്ജസ് കിരീടം ചൂടിയപ്പോഴും ജിമ്മിയുണ്ടായിരുന്നു. ക്രിക്കറ്റിൽ അപൂർവമായി പുറത്താകുന്ന ഹാൻഡ്‍ലിങ് ദ് ബോൾ, ഒബ്ട്രക്ടിങ് ദ് ഫീൽഡ് എന്നീ രീതികളിൽ പുറത്തായ ചരിത്രവും അദ്ദേഹത്തിനുണ്ട്, രണ്ടും ഏകദിനക്രിക്കറ്റിലായിരുന്നു. 

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നായകൻ ലാലാ അമർനാഥിന്റെ പുത്രനാണ് മൊഹീന്ദർ. ഇന്ത്യൻ ക്രിക്കറ്റിൽ സ്വന്തം സ്‌ഥാനം കണ്ടെത്തിയ മൂന്ന് ആൺമക്കളുടെ പിതാവായിരുന്നു ലാലാ: സുരീന്ദർ, മൊഹീന്ദർ, രജീന്ദർ. ഇവരിൽ സുരീന്ദറും മൊഹീന്ദറും ഇന്ത്യൻ ടീമിലെത്തിയെങ്കിൽ മൂന്നാമൻ രജീന്ദർക്ക് അർഹമായ അംഗീകാരം ലഭിക്കാതെപോയി. സ്വന്തം മക്കളെ ഇന്ത്യൻ ടീമിലെടുക്കാൻ അധികൃതരിൽ സമ്മർദ്ദം ചെലുത്തി എന്നുപോലും ചിലർ ലാലായെക്കുറിച്ചു പരാതിപറഞ്ഞു നടന്നിരുന്നു. ശ്രീലങ്കക്കെതിരായ പരമ്പരയിൽ തന്റെ മക്കളായ മൊഹീന്ദറിനെയും, സുരീന്ദറിനെയും ഇന്ത്യൻ ടീമിൽ എടുക്കണമെന്ന ആവശ്യവുമായി സിലക്‌ഷൻ കമ്മിറ്റി ചെയർമാനെ അദ്ദേഹം ചെന്നുകണ്ടു എന്നതായിരുന്നു, ആ ആരോപണം.

അതു കേട്ടപ്പോൾ ലാലാ തുറന്നടിച്ചു. ശുപാർശയുടെ തണലിൽ ക്രിക്കറ്റ് കളിക്കുന്ന തത്വശാസ്‌ത്രം എനിക്ക് തികച്ചും അജ്‌ഞാതം. എന്നാൽ അധികകാലം പ്രതിഭകളെ ഒളിപ്പിച്ചുനിർത്താൻ സാധിക്കില്ലല്ലോ. 1969ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പരമ്പര മൊഹീന്ദർ അരങ്ങേറ്റം കുറിച്ചു, 1976ൽ സുരീന്ദറും ഇന്ത്യയ്ക്കു കളിച്ചു.  

പഞ്ചാബ് സ്വദേശിയായിരുന്നതുകൊണ്ടും  കുടുംബപശ്ചാത്തലം അറിയാവുന്നതുകൊണ്ടുതന്നെ ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ള പാക്ക് കളിക്കാരിൽ ബഹുഭൂരിപക്ഷവും തന്നോടു പഞ്ചാബി ഭാഷയിലാണു സംസാരിച്ചിരുന്നത് എന്ന് മൊഹിന്ദർ പറഞ്ഞിട്ടുണ്ട്: ‘ഇന്ത്യൻ കളിക്കാരിൽ എന്നോടു മാത്രം അവർ പ്രത്യേക പരിഗണന കാട്ടി; പലപ്പോഴും അവരിൽ ഒരാളെപ്പോലെതന്നെ. എന്നെ ആരും ചീത്തവിളിച്ചില്ല; എന്റെ നേർക്കു മോശം കമന്റുകൾ പാഞ്ഞെത്തിയില്ല. പക്ഷേ, ടീമിലെ എന്റെ കൂട്ടുകാരുടെ അവസ്ഥ ബഹുകഷ്ടമായിരുന്നു’ 

താരമെന്ന നിലയിൽമാത്രമല്ല പരിശീലകൻ എന്ന നിലയിലും തഴയപ്പെട്ട ചരിത്രമാണ് ജിമ്മിയുടേത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്‌ഥാനത്ത് ജോൺ റൈറ്റിനു പിൻഗാമിയാകാൻ മൊഹിന്ദറെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹത്തെ മറികടന്നാണ് ഗ്രെഗ് ചാപ്പലിനെ തിരഞ്ഞെടുത്തത്.  കളിക്കുന്ന കാലത്ത് സിലക്ഷൻ ബോർഡുമായി ഏറ്റുമുട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ബോർഡ് അംഗങ്ങളെ ജോക്കർമാരുടെ ഒരു കൂട്ടം എന്നു കളിയാക്കിയത് ഏറെ വിവാദം സൃഷ്ടിച്ച സംഭവമാണ്.

English Summary: Birthday Wishes Mohinder Amarnath!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com