ADVERTISEMENT

ദുബായ്∙ ഐപിഎല്ലിൽ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വമ്പൻ വിജയവുമായി കിങ്സ് ഇലവൻ പഞ്ചാബ്. 97 റൺസിനാണ് പഞ്ചാബിന്റെ ജയം. പഞ്ചാബ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന്റെ പോരാട്ടം 17 ഓവറിൽ 109 റൺസിൽ അവസാനിച്ചു. ആദ്യ മത്സരം ‘ഭാഗ്യക്കേടിന്’ ഡൽഹിയോടു തോറ്റ പഞ്ചാബിന് ഗംഭീര തിരിച്ചിവരവുകൂടിയായി ഈ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 3 വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്.

69 പന്തിൽ 132 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ കെ.എൽ. രാഹുലാണ് പഞ്ചാബിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ബോളിങ്ങിൽ നിറം മങ്ങിയ ബാംഗ്ലൂർ ടീം മറുപടി ബാറ്റിങ്ങിൽ തകർച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നു. 30 റൺസെടുത്ത വാഷിങ്ടൻ സുന്ദറാണ് റോയൽ ചാലഞ്ചേഴ്സിന്റെ ടോപ്സ്കോറർ. എബി ഡി വില്ലിയേഴ്സ് 28 റൺസ് നേടി. ക്യാപ്റ്റൻ വിരാട് കോലിയുൾപ്പെടെ ബാംഗ്ലൂരിന്റെ ഏഴ് താരങ്ങൾക്ക് രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പഞ്ചാബിന്റെ യുവ ബോളർമാരായ രവി ബിഷ്ണോയിയും മുരുകൻ അശ്വിനുമാണ് ബാംഗ്ലൂര്‍ ബാറ്റിങ് നിരയെ ഒന്നുമല്ലാതാക്കിയത്.

പട നയിച്ച് രാഹുൽ, ക്യാച്ചുകൾ പാഴാക്കി കോലി; പഞ്ചാബ് മൂന്നിന് 206

ഐപിഎൽ 13–ാം സീസണിലെ ആദ്യ സെഞ്ചുറിയുമായി രാഹുൽ പടനയിച്ചപ്പോൾ ബാംഗ്ലൂരിനു മുന്നിൽ 207 റൺസ് വിജയലക്ഷ്യമാണ് പഞ്ചാബ് ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 206 റൺസെടുത്തത്. ക്യാപ്റ്റൻ കെ.എൽ.രാഹുൽ 69 പന്തിൽനിന്ന് 132 റൺസുമായി പുറത്താകാതെ നിന്നു. 14 ഫോറും ഏഴു പടുകൂറ്റൻ സിക്സറുകളും അകമ്പടി സേവിച്ച ഇന്നിങ്സാണ് രാഹുലിന്റേത്.

mayank-agarwal-out
യുസ്‍വേന്ദ്ര ചെഹലിന്റെ പന്തില്‍ ബൗൾഡാകുന്ന പഞ്ചാബ് താരം മായങ്ക് അഗർവാൾ

രാഹുൽ തകർത്തടിച്ചതോടെ മറ്റു പഞ്ചാബ് താരങ്ങൾ മറുവശത്ത് കാഴ്ച്ചക്കാരായി. മായങ്ക് അഗർവാൾ (20 പന്തിൽ 26), നിക്കോളാസ് പുരാൻ (18 പന്തിൽ 17), ഗ്ലെൻ മാക്സ്‌വെൽ (5), കരുൺ നായർ (എട്ടു പന്തിൽ പുറത്താകാതെ 15)എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് താരങ്ങളുടെ പ്രകടനം. ഒന്നാം വിക്കറ്റിൽ രാഹുൽ – മായങ്ക് സഖ്യവും രണ്ടാം വിക്കറ്റിൽ രാഹുൽ – പുരാൻ സഖ്യവും 57 റൺസ് വീതമെടുത്തു. മാക്സ്‌വെൽ പെട്ടെന്നു മടങ്ങിയെങ്കിലും നാലാം വിക്കറ്റിൽ കരുൺ നായരെ കൂട്ടുപിടിച്ച് രാഹുൽ 78 റൺസ് കൂട്ടുകെട്ടും ഉയർത്തി. വെറും 28 പന്തിൽനിന്നാണ് രാഹുൽ–കരുൺ സഖ്യം 78 റൺസ് ചേർത്തത്. ഇതിൽ കരുണിന്റെ സംഭാവന 15 റൺസ് മാത്രം. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടും യുസ്‌വേന്ദ്ര ചെഹൽ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ ഓപ്പണർ മായങ്ക് അഗർവാളും ക്യാപ്റ്റൻ കെ.എൽ. രാഹുലും മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. ഏഴാം ഓവറില്‍ പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായി. 20 പന്തിൽ 26 റൺസെടുത്ത മായങ്ക് യുസ്‍വേന്ദ്ര ചെഹലിന്റെ പന്തിൽ ബൗൾഡായി. തുടർന്ന നിക്കോളാസ് പുരാനെ കൂട്ടുപിടിച്ച് രാഹുൽ പഞ്ചാബ് സ്കോർ ഉയർത്തി. അതിനിടെ ക്യാപ്റ്റൻ രാഹുൽ അർധസെഞ്ചുറിയും പൂർത്തിയാക്കി. 36 പന്തുകളിൽനിന്നാണ് രാഹുൽ ഐപിഎല്ലിലെ 17–ാം അർധ സെഞ്ചുറി നേടിയത്.

ഇതിനിടെ ഐപിഎല്ലിൽ അതിവേഗം രണ്ടായിരം റൺസ് തികയ്ക്കുന്ന ഇന്ത്യക്കാരനെന്ന നേട്ടവും രാഹുലിന്റെ പേരിലായി. സച്ചിൻ തെൻഡുൽക്കറെയാണ് ഇക്കാര്യത്തിൽ രാഹുൽ മറികടന്നത്. 2013 ൽ റോയൽ ചാലഞ്ചേഴ്സിനായി അരങ്ങേറിയ രാഹുൽ 60 ഇന്നിങ്സുകളില്‍നിന്നാണ് 2000 റൺസ് പിന്നിട്ടത്. സച്ചിന്‍ 63 ഇന്നിങ്സുകളിൽനിന്നാണ് 2000 റൺസ് നേടിയത്. 12 ഓവറിൽ പഞ്ചാബ് സ്കോർ 100 കടന്നു. പിന്നാലെ പുരാനെയും പഞ്ചാബിന് നഷ്ടമായി. 18 പന്തില്‍ 17 റൺസെടുത്ത പുരാനെ ശിവം ദുബെയുടെ പന്തിൽ ഡി വില്ലിയേഴ്സ് ക്യാച്ചെടുത്താണു മടക്കിയത്. രാഹുലിനെ ക്യാച്ചെടുത്തു പുറത്താക്കാൻ രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും രണ്ടു തവണയും ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി അവ പാഴാക്കി. രാഹുൽ 83, 89 റൺസുകൾ നേടി നിൽക്കുമ്പോഴായിരുന്നു ഇത്.

അഞ്ച് റൺസ് മാത്രമെടുത്ത ഗ്ലെൻ മാക്സ്‍വെല്ലിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. 62 പന്തിൽനിന്ന് രാഹുൽ സെഞ്ചുറി തികച്ചു. 2020 ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണ് രാഹുൽ നേടിയത്. അവസാന ഓവറുകളിൽ രാഹുൽ തുടർച്ചയായി സിക്സറുകൾ പറത്തി. കരുൺ നായരും ബൗണ്ടറികൾ കണ്ടെത്തിയതോടെ പഞ്ചാബ് സ്കോർ 200 പിന്നിട്ടു. എട്ട് പന്തില്‍ 15 റൺസെടുത്ത കരുൺ നായർ പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടു വിക്കറ്റും ചെഹൽ ഒരു വിക്കറ്റും സ്വന്തമാക്കി.

വിക്കറ്റുകൾ പിഴുതെറിഞ്ഞ് പഞ്ചാബ്, ബാംഗ്ലൂര്‍ തവിടുപൊടി

മറുപടി ബാറ്റിങ്ങില്‍ കൂട്ടത്തകർച്ചയോടെയാണ് ബാംഗ്ലൂർ തുടങ്ങിയത്. ആദ്യ മൂന്ന് ഓവറുകൾ അവസാനിക്കുമ്പോഴേക്കും പഞ്ചാബ് ബോളർമാർ മൂന്ന് ബാംഗ്ലൂർ താരങ്ങളെ പുറത്താക്കി. പിന്നീടുള്ള ഇടവേളകളിലും വിക്കറ്റെടുക്കാൻ പഞ്ചാബ് ബോളർമാർ മത്സരിച്ചതോടെ ബാംഗ്ലൂർ തവിടുപൊടി. കഴിഞ്ഞ മത്സരത്തിലെ ബാംഗ്ലൂരിന്റെ മലയാളി ഹീറോ ദേവ്ദത്ത് പടിക്കൽ ഒരു റണ്ണിന് പുറത്തായി. ആദ്യ ഓവറിലെ നാലാം പന്തിൽ രവി ബിഷ്ണോയി ക്യാച്ചെടുത്താണ് ദേവ്ദത്തിനെ മടക്കിയത്.

ജോഷ് ഫിലിപ്പും (പൂജ്യം), ക്യാപ്റ്റൻ കോലിയും (ഒന്ന്) വന്നപോലെ മടങ്ങി. ആരൺ ഫിഞ്ചും എബി ഡി വില്ലിയേഴ്സുമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ഇരുവരും ചേർന്ന് സ്കോർ 50 കടത്തി. എന്നാൽ എട്ടാം ഓവറിൽ ആരൺ ഫിഞ്ചിനെ രവി ബിഷ്ണോയി ബൗൾഡാക്കി. 21 പന്തിൽ 20 റൺസാണ് ഫിഞ്ച് നേടിയത്. 18 പന്തിൽ 28 റൺസ് നേടിയ ഡിവില്ലിയേഴ്സിനെ മുരുകൻ അശ്വിൻ പുറത്താക്കി. ഇതോടെ ബാംഗ്ലൂർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 57 എന്ന നിലയിലായി.

അടുത്ത ഊഴം ശിവം ദുബെയുടേതായിരുന്നു. 12 പന്തിൽ 12 റൺസെടുത്ത താരത്തെ മാക്സ്‍വെൽ ബൗൾഡാക്കി. ഉമേഷ് യാദവ് റണ്ണൊന്നുമെടുക്കാതെ മടങ്ങി. 27 പന്തിൽ 30 റൺസെടുത്ത വാഷിങ്ടൻ സുന്ദറിന്റെ ചെറുത്തുനിൽപ് ബാംഗ്ലൂർ സ്കോര്‍ 100 കടത്തി. 16–ാം ഓവറിൽ സുന്ദറിനെ മായങ്ക് അഗർവാളിന്റെ കൈകളിലെത്തിച്ച് രവി ബിഷ്ണോയ് വിക്കറ്റ് നേട്ടം മൂന്നാക്കി. വാലറ്റത്തെ പഞ്ചാബ് ബോളർമാർ അനായാസം പുറത്താക്കിയതോടെ ബാംഗ്ലൂർ 109 റൺസിന് പുറത്ത്. 97 റൺസിന്റെ തകർപ്പൻ വിജയം പഞ്ചാബിന് സ്വന്തം. ഷെൽഡൻ കോട്രൽ രണ്ടു വിക്കറ്റും മുഹമ്മദ് ഷമി, മാക്സ്‍വെൽ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

English Summary: IPL 2020, RCB VS KXIP Match Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com