ADVERTISEMENT

കൊൽക്കത്ത∙ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 500നടുത്ത് മത്സരങ്ങൾ കളിച്ച് തഴക്കവും പഴക്കവുമുള്ള തനിക്ക് ശ്രേയസ് അയ്യരെന്നല്ല, വിരാട് കോലിയായാലും അവരോടു സംസാരിക്കാനും നിർദേശങ്ങൾ നൽകാനുമുള്ള അവകാശം ഉണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കൂടിയായ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഐപിഎലില്‍ മികച്ച താരമായും ക്യാപ്റ്റനായും വളരാൻ റിക്കി പോണ്ടിങ്ങും സൗരവ് ഗാംഗുലിയും സഹായിച്ചിട്ടുണ്ടെന്ന ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേ‌യസ് അയ്യരുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. അന്ന് ടീമിന്റെ മാർഗദർശികൾക്കൊപ്പം അയ്യർ സൗരവ് ഗാംഗുലിയുടെയും പേരുപറഞ്ഞത് ഭിന്നതാൽപര്യ വിഷയം ഉയർത്തിയിരുന്നു.

ബിസിസിഐ പ്രസിഡന്റിന്റെ പദവി വഹിക്കുന്ന ഗാംഗുലി, ഐപിഎലിലെ ഒരു ടീമിന്റെ മെന്ററാകുന്നത് എങ്ങനെ എന്നായിരുന്നു വിമർശകരുടെ ചോദ്യം. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി ഗാംഗുലി നേരിട്ട് രംഗത്തെത്തിയത്. ‘കഴിഞ്ഞ വർഷം ഞാൻ ശ്രേയസ് അയ്യരെ സഹായിച്ചിരുന്നു. നിലവിൽ ബിസിസിഐ അധ്യക്ഷനാണെന്നത് സത്യമാണ്. എന്നാൽ, ഞാൻ ഇന്ത്യയ്ക്കായി അഞ്ഞൂറോളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്. അതുകൊണ്ടുതന്നെ എനിക്ക് ഒരു യുവതാരത്തോടു സംസാരിക്കാം, സഹായിക്കാം, അത് ശ്രേയസ് അയ്യരായാലും വിരാട് കോലിയായാലും. അവർക്ക് സഹായം വേണമെങ്കിൽ അതു ചെയ്യാനും എനിക്ക് അവകാശമുണ്ട്’ – ഒരു പരിപാടിയിൽ സൗരവ് ഗാംഗുലി പ്രതികരിച്ചു.

ഐപിഎൽ 13–ാം സീസണിലെ ഡൽഹിയുടെ ആദ്യ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടുമ്പോഴാണ് അയ്യർ വിവാദ പരാമർശം നടത്തിയത്. മത്സരത്തിനു മുന്നോടിയായി ടോസിങ്ങിന് എത്തിയപ്പോൾ ‘ഇപ്പോഴും ഗാംഗുലി ഡൽഹി ടീമിന്റെ മെന്ററാ’ണെന്ന തരത്തില്‍ അയ്യർ നടത്തിയ പ്രസ്താവനയാണു വിവാദത്തിലായത്. ശ്രേയസ് അയ്യരുടെ മെന്റർ പരാമർശം വിവാദമായതോടെ അയ്യർ തന്നെ ട്വിറ്ററിൽ ഇതിനുള്ള വിശദീകരണവും നൽകിയിരുന്നു.

‘ഒരു തുടക്കക്കാരൻ ക്യാപ്റ്റൻ എന്ന നിലയിൽ, ക്രിക്കറ്റ് കളിക്കാരൻ, ക്യാപ്റ്റൻ എന്നീ നിലകളിലുള്ള എന്റെ വളർച്ചയുടെ ഭാഗമായിരുന്ന റിക്കി പോണ്ടിങ്ങിനോടും ദാദയോടും ഞാൻ നന്ദിയുള്ളവനാണ്. അവർ രണ്ടു പേരും എന്റെ വ്യക്തിപരമായ വളർച്ചയിലും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനെന്ന നിലയിലുമുള്ള വളർച്ചയിലും വഹിച്ച പങ്കിന് നന്ദി പറയാൻ വേണ്ടി മാത്രമാണ് ആ പ്രസ്താവന നടത്തിയത്’ – ഇതായിരുന്നു അയ്യരുടെ വിശദീകരണം.

English Summary: Have played nearly 500 games for India, can speak to any player be it Iyer or Kohli: Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com