ADVERTISEMENT

ദുബായ്∙ യുഎഇയിൽ പുരോഗമിക്കുന്ന ഐപിഎൽ 13–ാം സീസണിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ‘സിക്സർ പെരുമഴ’. സീസണിൽ വെറും 10 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇതുവരെ പിറന്നത് 153 സിക്സറുകൾ! തിങ്കളാഴ്ച നടന്ന മുംബൈ ഇന്ത്യൻസ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ സിക്സറുകളുമായി വ്യക്തിഗത പട്ടികയിൽ മുന്നിലെത്തിയതോ? മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ.

ഇതുവരെ രണ്ടു മത്സരങ്ങളിൽ മാത്രം കളത്തിലിറങ്ങിയ സഞ്ജു ആകെ നേടിയത് 16 സിക്സറുകളാണ്! ഷാർജയിലെ താരതമ്യേന ചെറിയ ബൗണ്ടറികളുള്ള സ്റ്റേഡിയത്തിലായിരുന്നു ഈ രണ്ടു മത്സരങ്ങളുമെന്നത് സഞ്ജുവിന്റെ നേട്ടത്തിൽ സഹായകമായി.

യുഎഇയിലെ മൂന്നു സ്റ്റേഡിയങ്ങളിലായാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ടീമുകൾക്ക് വേദികളുടെ സ്വഭാവത്തെക്കുറിച്ച് ധാരണ ലഭിച്ച സാഹചര്യത്തിൽ തുടർന്നും സിക്സറുകളുടെ പെരുമഴ തന്നെ പ്രതീക്ഷിക്കാമെന്നാണ് സൂചന. ഇതുവരെ പൂർത്തിയായത് 10 മത്സരങ്ങളാണെങ്കിൽ ഇനിയും നടക്കാനുള്ളത് 50 മത്സരങ്ങളാണ്. സിക്സറുകളുടെ എണ്ണത്തിൽ ഈ സീസൺ റെക്കോർഡിട്ടാലും അതിശയിക്കാനില്ലെന്ന് ചുരുക്കം. ആകെ 872 സിക്സറുകൾ പിറന്ന 11–ാം സീസണാണ് നിലവിൽ ഇക്കാര്യത്തിൽ മുന്നിൽ. ഏറ്റവും കുറവ് സിക്സർ പിറന്നത് രണ്ടാം സീസണിലാണ്; 442 സിക്സറുകൾ.

ഇക്കുറി ഐപിഎല്ലിന് വേദിയാകുന്ന സ്റ്റേഡിയങ്ങളിൽ ഏറ്റവും ചെറുത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയമാണ്. സഞ്ജു സാംസൺ ഉൾപ്പെടുന്ന രാജസ്ഥാൻ റോയൽസിന്റെ രണ്ടു മത്സരങ്ങളും നടന്നത് ഇവിടെയാണ്. ഇതിൽ രാജസ്ഥാൻ – ചെന്നൈ മത്സരത്തിൽ പിറന്നത് 33 സിക്സറുകളാണ്. ഇത് റെക്കോർഡാണ്. രാജസ്ഥാൻ – പഞ്ചാബ് മത്സരത്തിൽ 29 സിക്സറുകളും പിറന്നു. ആകെ 26 സിക്സറുകള്‍ പിറന്ന മുംബൈ – ബാംഗ്ലൂർ മത്സരമാണ് മൂന്നാമത്. ഷാർജയ്ക്ക് പുറത്ത് കൂടുതൽ സിക്സറുകൾ പിറന്നതും ദുബായിൽ നടന്ന ഈ മത്സരത്തിലാണ്. ഏറ്റവും കുറവ് സിക്സറുകൾ പിറന്നതും ദുബായിലാണ്. ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടിയപ്പോൾ പിറന്നത് മൂന്നു സിക്സറുകൾ മാത്രം. മുംബൈയും ചെന്നൈയും തമ്മിൽ അബുദാബിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആകെ ഒൻപത് സിക്സർ പിറന്നു.

സിക്സറുകളുടെ എണ്ണത്തിൽ മുന്നിൽ ഷാർജ തന്നെ; 62 എണ്ണം. രണ്ടു മത്സരങ്ങളിൽനിന്നാണിത്. അതായത് മത്സരത്തിൽ ശരാശരി 31 സിക്സറുകളാണ് ഇവിടെ പിറന്നത്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 58 സിക്സറുകൾ പിറന്നു. ഒരു മത്സരത്തിൽ ശരാശരി 11.6 സിക്സറുകൾ! അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഇതുവരെ നടന്നത് മൂന്നു മത്സരങ്ങൾ. കൂട്ടത്തിൽ ബാറ്റിങ്ങിനെ അത്ര തുണയ്ക്കാത്ത ഇവിടുത്തെ വിക്കറ്റിൽനിന്ന് പിറവിയെടുത്തത് 33 സിക്സറുകളാണ്. ശരാശരി 11 സിക്സറുകൾ വീതം.

∙ ‘സിക്സർ മഴ’യിൽ റെക്കോർഡ്!

ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോർഡിനൊപ്പം രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരം. 2 ഇന്നിങ്സുകളിലുമായി 33 സിക്സുകളാണു മത്സരത്തിൽ ആകെ പിറന്നത്. 2018ൽ ചെന്നൈയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിലും ഇത്രയും സിക്സറുകൾ പിറന്നിരുന്നു. സഞ്ജു സാംസൺ (9), സ്റ്റീവ് സ്മിത്ത് (4), ജോഫ്ര ആർച്ചർ (4), ഷെയ്ൻ വാട്സൻ (4), ഫാഫ് ഡുപ്ലെസി (7), സാം കറൻ (2), എം.എസ്. ധോണി (3) എന്നിവരാണ് രാജസ്ഥാൻ-ചെന്നൈ മത്സരത്തിലെ സിക്സർ വീരൻമാർ.

∙ ‘സിക്സർ സഞ്ജു’

ഈ സീസണിൽ കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മലയാളി താരം സഞ്ജു സാംസൺ ബഹുദൂരം മുന്നിലാണ്. രണ്ട് മത്സരങ്ങളിൽനിന്ന് 16 സിക്സറുകളാണ് സഞ്ജു സ്വന്തം പേരിലാക്കിയത്. ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സറുകളെന്ന നേട്ടം മുംബൈ താരം ഇഷാൻ കിഷനുമായി പങ്കിടുകയാണ് സഞ്ജു. ചെന്നൈയ്ക്കെതിരെ സഞ്ജുവും, ഇന്നലെ ബാംഗ്ലൂരിനെതിരെ മുംബൈ താരം ഇഷാൻ കിഷനും ഒൻപതു സിക്സറുകൾ വീതം നേടി.

∙ കൂടുതൽ സിക്സർ നേടിയ താരങ്ങൾ

1. സഞ്ജു സാംസൺ – രണ്ട് മത്സരം – 16 സിക്സർ
2. മായങ്ക് അഗർവാൾ – 3 മത്സരം – 11 സിക്സർ
3. ഇഷാൻ കിഷൻ – ഒരു മത്സരം – ഒൻപത് സിക്സർ
4. കെ.എൽ. രാഹുൽ – മൂന്ന് മത്സരം – ഒൻപത് സിക്സർ
5. രാഹുൽ തെവാത്തിയ – രണ്ട് മത്സരം – ഏഴു സിക്സ്

English Summary: 153 Sixes already in just 10 matches so far in IPL 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com