ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെലിനെ വിവാഹം ചെയ്യുന്നതിന്റെ പേരിൽ സമൂഹമാധ്യമത്തിൽ തന്നെ ‘വഞ്ചകി’ എന്ന് വിശേഷിപ്പിച്ച വ്യക്തിക്ക് മറുപടിയുമായി അദ്ദേഹത്തിന്റെ ഇന്ത്യക്കാരിയായ പ്രതിശ്രുത വധു വിനി രാമൻ. കഴിഞ്ഞ ദിവസം ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മാക്സ്‌വെലിനൊപ്പമുള്ള ചിത്രത്തിനു ചുവടെയാണ് വിമർശനവുമായി ഒരു ആരാധകൻ പ്രത്യക്ഷപ്പെട്ടത്. കമന്റിനു രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയ വിനി, പിന്നീട് ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം ഇൻസ്റ്റഗ്രാം സ്റ്റോറിയായി മറ്റൊരു കുറിപ്പുകൂടി പോസ്റ്റ് ചെയ്തു. വിനിയുടെ മറുപടിക്ക് അഭിനന്ദനവുമായി മാക്സ്‌വെലും രംഗത്തെത്തി. യുഎഇയിൽ പുരോഗമിക്കുന്ന ഐപിഎലിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമാണ് മാക്സ്‌വെൽ.

കഴിഞ്ഞ ദിവസമാണ് ഗ്ലെൻ മാക്സ്‌വെലിന് ഒപ്പമുള്ള ഒരു ചിത്രം വിനി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വൈറലായി മാറിയ ഈ ചിത്രം ഒട്ടേറെപ്പേരാണ് ലൈക്ക് ചെയ്തത്. ഇതിനിടെയാണ് ആരാധകരിലൊരാൾ വിവാദ പരാമർശവുമായി രംഗത്തെത്തിയത്. വിനിയെ വഞ്ചകിയെന്ന് വിളിച്ച ഇയാൾ, മാക്സ്‌വെലിനെ വിട്ട് ഇന്ത്യക്കാരനെ വിവാഹം ചെയ്യാനും അവരെ ‘ആഹ്വാനം ചെയ്തു’.

ഈ കമന്റിനു നേരിട്ടു മറുപടി കുറിച്ചശേഷമാണ് വിനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രസ്തുത കമന്റിന്റെ സ്ക്രീൻഷോട്ട് സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തത്. ദേശത്തിനും വംശത്തിനും അപ്പുറം ആളുകളെ സ്നേഹിക്കുകയെന്നത് തന്റെ മാത്രം തീരുമാനവും തിരഞ്ഞെടുപ്പുമാണെന്ന് വിനി വ്യക്തമാക്കി. ഇന്റർനെറ്റിലെ മുഖമില്ലാത്തവരുടെ വിമർശനങ്ങൾ വകവച്ചു കൊടുക്കുന്നില്ലെന്നും അവർ കുറിച്ചു. ഇതിനു പിന്നാലെയാണ് വിശദമായ മറുപടിയിട്ടത്.

പൊതുവെ ഇത്തരം കമന്റുകളോട് ഞാൻ പ്രതികരിക്കാറില്ല. കാരണം, അനാവശ്യ ശ്രദ്ധ നേടാൻ പടച്ചുവിടുന്നതാണ് ഇതെന്ന് എനിക്ക് വ്യക്തമായി അറിയാം. പക്ഷേ, ആറു മാസം പിന്നിട്ട ലോക്ഡൗൺ മൂലം എനിക്കിപ്പോൾ ആവശ്യത്തിലേറെ സമയമുണ്ട്. അതുകൊണ്ട് അജ്ഞരായ വിഡ്ഢികൾക്ക് ചില കാര്യങ്ങൾ പറഞ്ഞുകൊടുക്കാമെന്ന് കരുതി.

ചർമത്തിന്റെ നിറം വ്യത്യസ്തമായ ഒരാളെ പ്രണയിക്കുന്നതുകൊണ്ട് നിങ്ങൾ വഞ്ചകിയാകുന്നില്ല. ഒരു വെള്ളക്കാരനെ സ്നേഹിച്ചതുകൊണ്ട് ഇന്ത്യക്കാരിയാണെന്ന് പറയാൻ എനിക്ക് നാണക്കേടാണെന്നും അർഥമില്ല. വെള്ളക്കാരനെ പ്രണയിക്കുക എന്നത് എന്റെ ഇഷ്ടമാണ്. അതേക്കുറിച്ച് മറ്റുള്ളവർ എന്തു ചിന്തിക്കുമെന്ന് കരുതേണ്ട ആവശ്യവും എനിക്കില്ല.

വിനിയുടെ ഈ മറുപടിയുടെ സ്ക്രീൻഷോട്ട് സഹിതം മാക്സ്‍വെലും ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്. വിനിയുടെ മറുപടിയെ അനുമോദിച്ചും ചിലരുടെ മനോഗതിയെ വിമർശിച്ചുമുള്ളതാണ് ഈ സ്റ്റോറി.

ഇക്കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യൻ വംശജയായ വിനി രാമനുമായുള്ള മാക്സ്‌വെലിന്റെ വിവാഹനിശ്ചയം നടന്നത്. തമിഴ്നാട്ടിൽ വേരുകളുള്ള വിനി രാമൻ ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലാണ്. ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണ് വിനി. മാക്‌സ്‌വെലും വിനിയും 2017 മുതൽ പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗിൽ മാക്‌സ്‌വെലിന്റെ ടീമായ മെൽബൺ സ്റ്റാർസിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. മുപ്പത്തൊന്നുകാരനായ മാക്‌സ്‌വെൽ ഓസ്ട്രേലിയയ്ക്കായി ഏഴു ടെസ്റ്റുകളും 110 ഏകദിനങ്ങളും 61 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്നു ഫോർമാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള താരങ്ങളിലൊരാൾ കൂടിയാണ്.

English Summary: ‘Loving a white person doesn’t mean I am embarrassed to be an Indian’ – Glenn Maxwell’s fiancee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com