ADVERTISEMENT

ഷാർജ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ ആദ്യ മത്സരങ്ങളിൽ നിറംമങ്ങിയശേഷം ഫോമിലേക്ക് തിരിച്ചെത്തിയ റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലിക്ക്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ട്രോൾ. ഷാർജ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ കൊൽക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിലെ ഒരു രസകരമായ സംഭവമാണ് ട്രോളുകൾക്ക് ആധാരം. മത്സരത്തിൽ ബാംഗ്ലൂർ ഇന്നിങ്സിലെ 19–ാം ഓവർ ബോൾ ചെയ്ത കൊൽക്കത്ത താരം പ്രസിദ്ധ് കൃഷ്ണയുടെ മൂന്നാം പന്ത് കോലി തേഡ്‌ മാനിലൂടെ ബൗണ്ടറി കടത്തിയിരുന്നു. ഇതിനുശേഷം മുഷ്ടി ചുരുട്ടി ആഹ്ലാദം പ്രകടിപ്പിച്ചതാണ് ട്രോളൻമാർ ഏറ്റുപിടിച്ചത്.

ഒരു ഫോർ നേടിയിട്ട് ആഹ്ലാദം പ്രകടിപ്പിച്ചതിൽ എന്താണ് ഇത്ര ‘ട്രോളാൻ’ എന്നല്ലേ? കാരണമുണ്ട്. മത്സരത്തിൽ കോലിയുടെ ആദ്യ ബൗണ്ടറിയായിരുന്നു 19–ാം ഓവറിലെ മൂന്നാം പന്തിൽ നേടിയ ആ ഫോർ! ബാംഗ്ലൂർ ഇന്നിങ്സിന്റെ എട്ടാം ഓവറിൽ ക്രീസിലെത്തിയ താരമാണ് കോലിയെന്ന് ഓർക്കണം. ആന്ദ്രെ റസ്സൽ ബോൾ ചെയ്ത എട്ടാം ഓവറിലെ നാലാം പന്തിൽ ആർസിബി ഓപ്പണർ ദേവ്ദത്ത് പടിക്കൽ ക്ലീൻ ബൗൾഡായതോടെയാണ് കോലി ക്രീസിലെത്തുന്നത്. അവിടുന്നങ്ങോട്ട് ആദ്യ ബൗണ്ടറി നേടാൻ കോലി കാത്തിരുന്നത് പതിനൊന്ന് ഓവറോളമാണ്!

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി എണ്ണപ്പെടുന്ന വിരാട് കോലിയിൽനിന്ന് ഒരു ട്വന്റി20 മത്സരത്തിൽ പ്രതീക്ഷിക്കാവുന്ന പ്രകടനമാണോ ഇത്? മത്സരത്തിൽ കോലി നേരിട്ട 25–ാം പന്തിലായിരുന്നു ആ ബൗണ്ടറി! ഫോറും സിക്സുമൊന്നും നേടിയില്ലെങ്കിലും അതിനകം 24 പന്തുകളിൽനിന്ന് സിംഗിളുകളും ഡബിളുകളുമൊക്കെയായി കോലി 25 റൺസ് നേടിയിരുന്നു. 19–ാം ഓവർ ബോൾ ചെയ്ത പ്രസിദ്ധ് കൃഷ്ണ മൂന്നാം പന്ത് സ്റ്റംപിൽനിന്ന് മാറ്റി വൈഡായിട്ടാണ് എറിഞ്ഞത്. കോലിയാകട്ടെ, അൽപം ആയാസപ്പെട്ടാണ് ആ പന്തിൽ ബാറ്റുവച്ചത്. ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പറിനും ഷോർട്ട് തേഡ് മാനും ഇടയിലൂടെ ബൗണ്ടറി കടന്ന ഉടനെയാണ് കോലി മുഷ്ടി ചുരുട്ടി ആഹ്ലാദം പ്രകടിപ്പിച്ചത്.

മത്സരത്തിൽ ഒരേയൊരു ബൗണ്ടറി മാത്രമാണ് നേടിയെങ്കിലുമെന്ത്, പിരിയാത്ത മൂന്നാം വിക്കറ്റിൽ എ.ബി. ഡിവില്ലിയേഴ്സിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് കോലി ഗ്രൗണ്ടിൽനിന്ന് കയറിയത്! കോലി ഒരറ്റത്ത് പതിവിലും നിശബ്ദനായിരുന്നെങ്കിലും മറുവശത്ത് ഡിവില്ലിയേഴ്സ് കത്തിക്കയറിയതോടെയാണ് മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പിറന്നത്. ഇതിൽ കോലിയുടെ സംഭാവന 22 റൺസ് മാത്രം. ബാക്കി ഡിവില്ലിയേഴ്സ് വക. ഡിവില്ലിയേഴ്സ് 33 പന്തിൽ അഞ്ച് ഫോറും ആറു സിക്സും സഹിതം 73 റൺസോടെയും കോലി 28 പന്തിൽ ഒരേയൊരു ഫോർ സഹിതം 33 റൺസോടെയും പുറത്താകാതെ നിന്നു. 

English Summary: RCB skipper Virat Kohli fist pumps after hitting his first boundary in the 19th over; fans trolls him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com