ADVERTISEMENT

ക്രിക്കറ്റിലെ വിവാദമായ പുറത്താക്കൽ രീതി ‘മങ്കാദി’ങ്ങുമായി ഇപ്പോൾ ഏറ്റവും ബന്ധപ്പെട്ടു കിടക്കുന്ന പേരാണ് ഇന്ത്യയുടെയും ഡൽഹി ക്യാപിറ്റൽസിന്റെയും താരമായ രവിചന്ദ്ര അശ്വിന്റേത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ജയ്പുരിൽവച്ച് രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്‍ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ പഞ്ചാബ് കിങ്സ് ഇലവന്‍ നായകൻകൂടിയായിരുന്ന അശ്വിന്റെ നടപടി ഏറെ വിവാദം ഉയർത്തിയിരുന്നു. അതേ സീസണിൽ ഡൽ‌ഹിക്കെതിരായ മത്സരത്തിൽ നോൺ സ്ട്രൈക്കിങ് എൻഡിൽ നിന്ന ശിഖർ ധവാൻ ക്രീസ് വിട്ടു പുറത്തിറങ്ങുന്നതിനു മുൻപുതന്നെ ബോളിങ് മതിയാക്കി സ്റ്റംപിനുനേരെ പന്തുനീട്ടി അശ്വിൻ താക്കീത് ചെയ്തതും ക്രിക്കറ്റ് പ്രേമികൾ മറന്നിട്ടില്ല.

ഇത്തവണ ഡൽഹി ടീമിലെത്തിയ അശ്വിൻ, മങ്കാദിങ്ങിലൂടെ ആരെയും പുറത്താക്കില്ല എന്നാണ് ഉറപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ആരൺ ഫിഞ്ച് നോൺ സ്ട്രൈക്കർ എൻഡിലെ ക്രീസ് വിട്ടു നിൽക്കുന്നതു കണ്ടപ്പോൾ പന്തുകൊണ്ട് സ്റ്റംപ് ചെയ്യാൻ അശ്വിൻ ശ്രമിച്ചതുമില്ല. പകരം ഫിഞ്ചിനെ താക്കീത് ചെയ്തു ക്രീസിൽ തിരികെക്കയറ്റി ‘മാതൃക’ കാട്ടി. ഇക്കുറി പഴയ ജോസ് ബട്‍ലറെ പുറത്താക്കി അശ്വിൻ പകരംവീട്ടി, അതും ശിഖർ ധവാന്റെ ക്യാച്ചിൽ. മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് നേട്ടവും അശ്വിൻ സ്വന്തമാക്കി. 

ബട്‍ലറെ മങ്കാദിങ്ങിലൂടെ പിറത്താക്കിയ ചിത്രം, ആ സംഭവത്തിന്റെ ഒന്നാം വാർഷികത്തിൽ കോവിഡ് രോഗപ്രതിരോധ ബോധവൽക്കരണത്തിന് ഉപയോഗിക്കുകയും ചെയ്തു അശ്വിൻ. അശ്വിൻ അന്ന് ട്വിറ്ററിൽ കുറിച്ചതിങ്ങനെ: ‘രാജ്യം ലോക്ഡൗണിലായ ഈ സമയത്ത്, എല്ലാവർക്കുമുള്ള നല്ലൊരു മുന്നറിയിപ്പാണിത്. പുറത്തിറങ്ങി കറങ്ങരുത്. എല്ലാവരും അകത്തിരിക്കുക, സുരക്ഷിതരാകുക’ ! മങ്കാദിങ്ങിനോടു ഇപ്പോൾ മുഖം തിരിക്കുന്ന അശ്വിൻ, മങ്കാദിങ് ഒഴിവാക്കാൻ പകരം നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. പന്തെറിയും മുൻപേ ബാറ്റ്സ്മാൻ ക്രീസ് വിട്ടാൽ ‘ഫ്രീ ബോൾ’ അനുവദിക്കുക. ഫ്രീബോളിൽ ബാറ്റ്സ്മാൻ ഔട്ടായാൽ ടീമിന്റെ ആകെ സ്കോറിൽനിന്ന് 5 റൺസ് കുറയ്ക്കണം. ഫ്രീഹിറ്റ് പോലെ കളിക്കു ഹരം പകരാൻ ഫ്രീബോളിനും കഴിയുമെന്ന് അശ്വിൻ പറയുന്നു.

∙ മങ്കാദ് ശൈലി

ഏതെങ്കിലും ബാറ്റ്സ്മാൻ രൂപപ്പെടുത്തിയ ബാറ്റിങ് ശൈലിയോ, ബോളർ സൃഷ്ടിച്ച ബോളിങ് രീതിയോ അയാളുടെ പേരിൽത്തന്നെ ക്രിക്കറ്റ് നിഘണ്ടുവിൽ സ്ഥാനം നേടിയ സംഭവങ്ങൾ നിരവധി. ദിൽഷൻ സ്കൂപ്പ് അങ്ങനെ വന്ന ശൈലിയാണ്. എന്നാൽ ഒരു ബാറ്റ്സ്മാൻ കളിക്കിടെ പുറത്താകുന്ന രീതി മറ്റൊരു താരത്തിന്റെ പേരിനൊപ്പം ചരിത്രമാകുക– അതിനുള്ള ഭാഗ്യമാണ് ഏഴു പതിറ്റാണ്ടു മുൻപ് ഇന്ത്യൻ ഓൾറൗണ്ടർ വിനു മങ്ക‌ാദ് സ്വന്തമാക്കിയത്.  1947–48ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ് മങ്കാദും അദ്ദേഹം നടത്തിയ ഒരു പുറത്താക്കലും ചരിത്രമായത്. ബോളിങ് ആക്ഷൻ പൂർത്തിയാക്കും മുൻപ്  നോൺ സ്ട്രൈക്കർ എൻഡിലെ ബാറ്റ്സ്മാൻ ക്രീസ് വിട്ടിറങ്ങിയാൽ ബോളർ ഔട്ടാക്കുന്ന വിവാദപരമായ രീതിയാണ് ‘മങ്കാദിങ്’. 

∙ മങ്കാദിന്റെ പുറത്താക്കൽ

1947–48ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന് പ്രത്യേകതകൾ ഏറെയാണ്: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര, ഇന്ത്യ നേരിടുന്നത് മഹാനായ സർ ഡോണാൾഡ് ബ്രാഡ്മാന്റെ ഓസ്ട്രേലിയയെ, ലാലാ അമർനാഥിന്റെ നേതൃത്വത്തിലുള്ള ആദ്യ പരമ്പര. പര്യടനത്തിൽ ആകെ അഞ്ചു ടെസ്റ്റ് പരമ്പരകളാണ് ഉൾപ്പെടുത്തിയിരുന്നത്. ബ്രിസ്ബേനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. രണ്ടാം ടെസ്റ്റ് സിഡ്നിയിൽ. ഇന്ത്യൻ ഇന്നിങ്സ് 188 റൺസിന് അവസാനിച്ചു.

രണ്ടാം ദിവസം ഓസീസ് ഇന്നിങ്സ് 25 റൺസിൽ നിൽക്കുന്നു. ഓപ്പണിങ് ബാറ്റ്സ്മാൻ വില്യം ആൽഫ്രഡ് ബ്രൗൺ എന്ന ബിൽ ബ്രൗൺ 18 റൺസുമായി നോൺ സ്ട്രൈക്കിങ് എൻഡിൽ. മങ്കാദ് നോക്കുമ്പോൾ ബ്രൗൺ ക്രീസിന് പുറത്ത്. ഡെലിവറി പൂർത്തിയാക്കുംമുൻപെ നോൺ സ്ട്രൈക്കർ ക്രീസിന് പുറത്താണെങ്കിൽ ബോളർക്ക് സ്റ്റംപ് ചെയ്യാൻ അവകാശമുണ്ട്. ബ്രൗൺ ക്രീസിന് പുറത്തുനിൽക്കുമ്പോൾ മങ്കാദ് പണി പറ്റിച്ചു, ബ്രൗൺ പുറത്ത്. (ഇതേ പര്യടനത്തിലെ ഓസ്‌ട്രേലിയൻ ഇലവനെതിരെയുള്ള മത്സരത്തിലും ബ്രൗൺ മങ്കാദിനാൽ ഇങ്ങനെതന്നെ പുറത്തായിരുന്നു. ഡെലിവറി പൂർത്തിയാകുംമുൻപെ ക്രീസിന് പുറത്തിറങ്ങരുതെന്ന് മങ്കാദ് ബ്രൗണിന് പലകുറി മുന്നറിയിപ്പ് നൽകിയിരുന്നതാണ്).

ashiwn-buttler-Mankading
ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കുന്ന ആർ. അശ്വിൻ.

മങ്കാദിന്റെ ഈ പുറത്താക്കൽ അന്ന് ഏറെ വിവാദവും ഒച്ചപ്പാടും ഉണ്ടാക്കി. സ്‌പോർട്‌സ്‌മാൻഷിപ്പില്ലാത്ത പെരുമാറ്റമായിപ്പോയി മങ്കാദിന്റെ ഈ പുറത്താക്കൽ എന്ന് ഓസിസ് ദിനപ്പത്രങ്ങൾ പരിഹസിച്ചു. ഇൗ സംഭവം ഓസിസ് പത്രങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചു. ക്രിക്കറ്റ് ചരിത്രത്തിൽ മങ്കാദ് സ്‌ഥാനം നേടി. ഇങ്ങനെ പുറത്താക്കുന്നതിന് മങ്കാദിങ് എന്നൊരു ഓമനപ്പേരും ലഭിച്ചു.  എന്നാൽ മങ്കാദിന്റെ ഈ നടപടിയെ ന്യായീകരിച്ച രണ്ടു താരങ്ങളുണ്ട്– ഓസിസ് നായകൻ സർ ബ്രാഡ്മാനും മങ്കാദിനാൽ പുറത്താക്കപ്പെട്ട ബ്രൗണും. 

∙ പുറത്തായവർ ഏറെ

ബോളിങ് പൂർത്തിയാക്കുംമുൻപെ ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്‌ട്രൈക്കർമാരെ ബോളർമാർ പുറത്താക്കിയ സംഭവങ്ങൾ രാജ്യാന്തരക്രിക്കറ്റിലും ആഭ്യന്തരക്രിക്കറ്റിലും ഏറെയാണ്. അതിനു തുടക്കമിട്ട കളിക്കാരൻ ഇന്ത്യയുടെ വിനു മങ്കാദാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ ഇയാൻ റെഡ്പാത്തിനെ വെസ്റ്റ് ഇൻഡീസിന്റെ ചാർളി ഗ്രിഫിത്തും ഇംഗ്ലണ്ടിന്റെ ഡെറിക് റാൻഡലിനെ ന്യൂസീലൻഡിന്റെ ഇവൻ ചാറ്റ്ഫീൽഡും പാക്കിസ്ഥാന്റെ സിക്കന്ദർ ഭക്തിനെ ഓസ്ട്രേലിയയുടെ അലൻ ഹസ്റ്റും ഇങ്ങനെ പുറത്താക്കിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിൽ അഞ്ചു പേരും ട്വന്റി 20യിൽ ഒരു താരവും മങ്കാദ് ശൈലിയിൽ പുറത്തായിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇങ്ങനെ പത്തോളം നോൺ സ്ട്രൈക്കർമാരും പുറത്തായി.

∙ മങ്കാദിന്റെ പേരിനോടു ചേർത്തുവയ്ക്കെരുതെന്ന് ഗാവസ്കർ

മഹാനായ ഇന്ത്യൻ താരം വിനു മങ്കാദിന്റെ പേര് ആ ശൈലിയോട് ചേർത്തുവയ്ക്കരുതെന്നു മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ 2017ൽ ക്രിക്കറ്റ് ലോകത്തോടു ആവശ്യപ്പെട്ടിരുന്നു. അതും ആ പുറത്താകലിന് കാരണക്കാരനായ വിനു മങ്കാദിന്റെ 100–ാം ജന്മവാർഷികത്തിൽ.  ഈ പുറത്താകലിന് ഇന്ത്യൻ താരത്തിന്റെ പേരുകൂടി ചേർക്കുന്നത് മഹാനായ ആ ഇന്ത്യക്കാരനെ അപമാനിക്കുന്നതിന് തുല്യമെന്ന് ഗാവസ്കർ അന്നു പറഞ്ഞിരുന്നു. മങ്കാദ് അന്ന് പുറത്താക്കിയ ഓസിസ് ബാറ്റ്സ്മാന്‍ ബിൽ ബ്രൗണിന്റെ പേര് വേണമെങ്കിൽ ഇങ്ങനെ പുറത്താകുന്നതിനെ വിശേഷിപ്പിക്കാം എന്നും ഗാവസ്കർ പറയുന്നു.

∙ വിനു മങ്കാദ്– മഹാനായ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സ്വന്തംപേരോടു ചേർത്തുവച്ച താരമാണ് വിനു മങ്കാദ് എന്ന മൽവന്ത്രായി ഹിമത്‍ലാൽ മങ്കാദ്. ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്യാപ്റ്റനാണ് മങ്കാദ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ അവസാനമായി ടെസ്റ്റ് കളിക്കുമ്പോൾ മങ്കാദിന്റെ പ്രായം 41 വയസും 289 ദിവസും (1959ൽ). ഇതൊരു ഇന്ത്യൻ റെക്കോർഡാണ് ഇപ്പോഴും. വലതുകൈകൊണ്ട് ബാറ്റുചെയ്യുകയും ഇടതുകൈ കൊണ്ട് ബോൾ ചെയ്യുകയും ചെയ്യുന്ന മികച്ചൊരു ഓൾറൗണ്ടർ.

കപിൽദേവിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർ. ഒരു ടെസ്‌റ്റിൽ അഞ്ചു വിക്കറ്റും സെഞ്ചുറിയും നേടുന്ന ആദ്യ ഇന്ത്യൻ താരം, 1000 റൺസും 100 വിക്കറ്റും സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരൻ തുടങ്ങിയ റെക്കോർഡുകൾക്ക് ഉടമയാണ് മങ്കാദ്. 1952ലെ ലോർഡ്സ് ടെസ്റ്റിലാണ് മങ്കാദിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പിറന്നത്– അന്ന് നേടിയ 72, 184 എന്നീ സ്കോറുകൾക്കൊപ്പം 73 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റ് പിഴുതത് വലിയ വാർത്തയായിരുന്നു. അന്ന് ഇംഗ്ലീഷ് പത്രങ്ങൾ ആ മത്സരത്തെ ഇംഗ്ലണ്ട്– മങ്കാദ് പോരാട്ടം എന്നാണ് വാഴ്ത്തിയത്.

പാക്കിസ്‌ഥാനിലേക്കുള്ള ഇന്ത്യയുടെ ആദ്യപര്യടനം (1954–55) നയിച്ചത് മങ്കാദ് ആണ്. ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ടിന്റെ റെക്കോർഡ് അരനൂറ്റാണ്ടു കാലം മങ്കാദ്– പങ്കജ് റോയി സഖ്യത്തിന്റെ പേരിലായിരുന്നു. 1955–56ലെ ഇന്ത്യ– ന്യൂസീലൻഡ് ചെന്നൈ ടെസ്‌റ്റിലാണ് ചരിത്രം പിറന്നത്. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ മങ്കാദും റോയിയും ചേർന്ന് പടുത്തുയർത്തിയത് 413 റൺസിന്റെ കൂറ്റൻ സ്‌കോർ. മങ്കാദ് 231 റൺസും പങ്കജ് റോയി 173 റൺസും നേടി. ഒരു ദിവസം മുഴുവൻ ബാറ്റ് ചെയ്‌ത ആദ്യ ഇന്ത്യൻ സഖ്യമായിരുന്നു ഇവർ. 2008ൽ മാത്രമാണ് ഈ റെക്കോർഡ് തകർന്നത്. ആകെ 44 ടെസ്‌റ്റുകളിൽനിന്നായി 2109 റൺസും 162 വിക്കറ്റുകളും താരം കൊയ്‌തു. ആറ് ടെസ്‌റ്റുകളിൽ ഇന്ത്യയെ നയിച്ച മങ്കാദിന് ഇന്ത്യയ്‌ക്ക് ഒരു വിജയം പോലും സമ്മാനിക്കാനായില്ല. അഞ്ച് സമനിലയും ഒരു തോൽവിയും. 1947ൽ  വിസ്‌ഡൻ ക്രിക്കറ്റർ ബഹുമതി നൽകി ആദരിച്ചു.

ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്തും ഒരു പിടി റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പ്രഫഷനൽ ക്രിക്കറ്റ് താരമായ ആദ്യ ഇന്ത്യക്കാരൻ അദ്ദേഹമാണ്. 1952ൽ ലങ്കാഷറുമായി കരാർ ഒപ്പിട്ടതിലൂടെ പ്രഫഷനൽ താരമാകുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി. ഇതോടെ ബിസിസിഐയുമായി ഉടക്കുവീണു. ഏതെങ്കിലും ഉൽപ്പന്നത്തിന്റെ പരസ്യകരാറിൽ ഒപ്പിട്ട ആദ്യ ഇന്ത്യൻ താരവും അദ്ദേഹമാണ്.

വിനു മങ്കദിന്റെ മകൻ അശക് മങ്കാദ് ഇന്ത്യൻ ടെസ്‌റ്റ് താരമായിരുന്നു. ഏഴ് തവണ ദേശീയ വനിതാ ടെന്നീസ് ചാംപ്യൻപട്ടമണിഞ്ഞ നിരുപമാ വസന്താണ് അശോകിന്റെ ഭാര്യ. ഇവരുടെ മകൻ ഹർഷ് മങ്കാദ് ഇന്ത്യൻ ടെന്നിസ് താരമായി. ഡേവിസ് കപ്പിൽ കളിച്ചിട്ടുണ്ട്. നിരുപമയുടെ അച്‌ഛൻ മുൻ ഡേവിസ് കപ്പ് താരം ജോർജ് വസന്ത്. 1978ൽ മുംബൈയിൽവച്ചാണ് മങ്കാദ് മരിച്ചത്.

English Summary: history of mankading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com