ADVERTISEMENT

2018ലെ ജമ്മു കശ്മീർ ക്രിക്കറ്റ് ടീ സിലക്‌ഷൻ. ഫാസ്റ്റ് ബോളർമാരെ മുൻപിൻ നോക്കാതെ സിക്സർ അടിക്കുന്ന ഒരു പതിനാറുകാരൻ. ടീമിന്റെ പ്ലെയർ കം മെന്ററായിരുന്ന ഇർഫാൻ പഠാൻ ആ പയ്യൻസിനെ ശ്രദ്ധിച്ചത് അങ്ങനെയാണ്. അതിശയത്തോടെ അവന്റെ ജൂനിയർ ലെവൽ റെക്കോർഡുകൾ വരുത്തി പരിശോധിച്ചപ്പോൾ അതിൽ സിക്സറുകൾ മാത്രം. ആ പയ്യനാണ്, ഡൽഹി താരം ആന്റിക് നോർട്യയെ കഴിഞ്ഞ ദിവസം 86 മീറ്റർ ദൂരത്തി‍ൽ സിക്സറിനു പറത്തി അരങ്ങേറ്റം ഉജ്വലമാക്കിയ ഹൈദരാബാദ് സൺറൈസേഴ്സിന്റെ അബ്ദുൽ സമദ്. 

‘ചുമ്മാ’ സിക്സടിച്ചു നടന്നിരുന്ന സമദിനെ ഐപിഎലിലേക്കെത്തിച്ചതിൽ ഇർഫാൻ പഠാനു കയ്യടിക്കുകയാണു ക്രിക്കറ്റ് ലോകം. രജൗറി ജില്ലയിലെ കാലാകോട്ട് ഗ്രാമത്തിൽനിന്നാണു സമദ് വരുന്നത്.  കശ്മീരിൽനിന്നുള്ള 3–ാമത്തെ ഐപിഎൽ താരം. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ നിർണായകമായ അവസാന ഓവർ സമചിത്തതയോടെ തീർത്ത് സീസൺ മുഴുവൻ കളിക്കാനുള്ള മികവു കാണിച്ചു കഴിഞ്ഞു സമദ്. എറിയുന്നതാരെന്ന നോട്ടമില്ലാതെ പ്രതികൂലമായ സാഹചര്യത്തിലും സിക്സടിക്കാനുള്ള കഴിവാണ് സമദിന്റെ പ്രത്യേകത. 

സമദിനെ ജമ്മു കശ്മീർ ടീമിൽ എടുക്കുമ്പോൾ തന്നെ പഠാൻ നയം വ്യക്തമാക്കിയിരുന്നു. ‘സിക്സറുകൾ നേടുന്നതു മാത്രമല്ല ബാറ്റിങ്, വിക്കറ്റ് പോകാതെ പിടിച്ചു നിൽക്കാൻ കഴിയണം.’ പഠാന്റെ പരിശീലനത്തിലൂടെ രഞ്ജി ട്രോഫിയിൽ സമദ് ആ മാറ്റം കൊണ്ടു വന്നു. മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ പുല്ലുനിറഞ്ഞ പിച്ചിൽ മധ്യനിരയിൽ പിടിച്ചുനിന്ന് 89 പന്തിൽ നേടിയ 78 റൺസ് ടീമിനു ജയം സമ്മാനിച്ചു. കർണാടകയ്ക്കെതിരായ ക്വാർട്ടർ ഫൈനലിലും മികവുകാട്ടി. കഴിഞ്ഞ രഞ്ജി സീസണിൽ 10 മത്സരങ്ങളിൽ 112.97 സ്ട്രൈക് റേറ്റിൽ 592 റൺസാണു പതിനെട്ടുകാരൻ നേടിയത്. 36 സിക്സറുകളോടെ സമദ് നേടിയ 2 സെഞ്ചുറികളും 3 അർധ സെഞ്ചുറികളും കശ്മീരിനെ ക്വാർട്ടർ ഫൈനലിലെത്തിക്കുന്നതിൽ നിർണായകമായി. 

വിജയ് ഹസാരെ ടൂർണമെന്റിൽ ഗുജറാത്തിനെതിരെ നേടിയ 7 സിക്സറുകളാണു സമദിന് ഐപിഎലിലേക്കു പെട്ടെന്നു വഴി കാണിച്ചത്. കളി തോറ്റെങ്കിലും 53 പന്തിൽ 68 റൺസ് നേടുന്നതിനിടെ സമദ് ഉയർത്തിവിട്ട 7 സിക്സറുകളുടെ ഇരകൾ പീയൂഷ് ചൗളയും അക്‌സർ പട്ടേലുമായിരുന്നു. സൺറൈസേഴ്സിന്റെ മെന്റർ വി.വി.എസ്.ലക്ഷ്മൺ മധ്യനിരയിലേക്കു പറ്റിയ കളിക്കാരനെ തിരയുമ്പോഴാണു കശ്മീർ കോച്ചും ലക്ഷ്മണിന്റെ പഴയ അണ്ടർ 19 സഹകളിക്കാരനുമായ മിലാപ് മേവാധ സമദിന്റെ പേരു നിർദേശിച്ചത്. അങ്ങനെയാണ് അടിസ്ഥാന വിലയായ 20 ലക്ഷത്തിനു സമദ് ഐപിഎലിലെത്തിയത്.  

Content Highlights: Abdul Samad, IPL, Jammu Kashmir, Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com