sections
MORE

കോലിയുമായി ‘തെറ്റി’ ഇപ്പോൾ പഞ്ചാബിന്റെ പരിശീലകൻ; 50ന്റെ നിറവിൽ കുംബ്ലെ

anil-kumble-1200
SHARE

ഇന്ത്യ കണ്ട ഏറ്റവും മികച്ച ലെഗ്‌ സ്‌പിന്നർ എന്ന പേരു സമ്പാദിച്ച കളിക്കാരനാണ് അനിൽ രാധാകൃഷ്‌ണ കുംബ്ലെ. ഏകദിന ക്രിക്കറ്റിലായാലും ടെസ്‌റ്റ് ക്രിക്കറ്റിലായാലും വിക്കറ്റ് വേട്ടയിൽ ഒന്നാം സ്‌ഥാനത്തുള്ള ഇന്ത്യക്കാരൻ എന്ന റെക്കോർഡിനുടമയാണ് അദ്ദേഹം. രണ്ടു പതിറ്റാണ്ടുകാലം (1990–2008) രാജ്യാന്തര ക്രിക്കറ്റിൽ നിറഞ്ഞുനിന്ന കുംബ്ലെ 132 ടെസ്റ്റുകളും 271 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 619 വിക്കറ്റും ഏകദിനത്തിൽ 337 വിക്കറ്റും സ്വന്തം. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള കുംബ്ലെ, ടെസ്‌റ്റ് ക്രിക്കറ്റിൽ 600ലേറെ വിക്കറ്റുകൾ നേടിയ ഏക ഇന്ത്യക്കാരൻകൂടിയാണ്.

ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്‌സിൽ 10 വിക്കറ്റുകൾ സ്വന്തമാക്കിയ രണ്ടുപേരെയുള്ളൂ, ആദ്യത്തെയാൾ ഇംഗ്ലണ്ടിന്റെ ജിം ലേക്കർ ആണ് (1956). രണ്ടാമത്തെയാൾ കുംബ്ലെയും. ജിം ലേക്കറുടെ പ്രകടനത്തിന് നാലു പതിറ്റാണ്ടുകള്‍ക്കുശേഷമായിരുന്നു കുംബ്ലെയുടെ റെക്കോർഡ് നേട്ടം. ഏറെ നാളായി മുടങ്ങിക്കിടന്ന ഇന്ത്യ–പാക്ക് ടെസ്‌റ്റ് പരമ്പര വീണ്ടും പുനരാരംഭിച്ച 1999ൽ ന്യൂഡൽഹി ഫിറോസ് ഷാ കോട്‍ല മൈതാനത്തായിരുന്നു കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടം.

ലേക്കറുടേതുപോലെതന്നെ രണ്ടാം ഇന്നിങ്‌സിലാണ് കുംബ്ലെയും പത്തു വിക്കറ്റ് സ്വന്തമാക്കിയത്. ആ ടെസ്‌റ്റിൽ കുംബ്ലെ നേടിയത് ആകെ വിക്കറ്റുകൾ 14. ആ മത്സരത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. ബാറ്റിങ്ങിലും ഒരു അപൂർവ റെക്കോർഡിന് ഉടമയാണ് കുംബ്ലെ. ആദ്യ ടെസ്‌റ്റ് സെഞ്ചുറി നേടാൻ ഏറ്റവും കൂടുതൽ ടെസ്‌റ്റുകളും (118) ഇന്നിങ്‌സുകളും (151) വേണ്ടിവന്ന താരം എന്ന ബഹുമതിയാണ് കുംബ്ലെയുടെ പേരിലുള്ളത്.

∙ അനിൽ കുംബ്ലെ എന്ന നായകൻ

ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ 30–ാമത്തെ നായകനാണ് അനിൽ കുംബ്ലെ. ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറിയതിന്റെ 75–ാം വാർഷികം ആഘോഷിച്ച വേളയിൽ ഇന്ത്യയുടെ 409–ാമത്തെ ടെസ്‌റ്റ് മത്സരത്തിലാണ് കുംബ്ലെ ഇന്ത്യൻ ക്യാപ്‌റ്റന്റെ കുപ്പാഴമണിഞ്ഞത്. 2007ലെ ഇന്ത്യാ–പാക്ക് ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫിറോസ് ഷാ കോട്‍ലയിലാണ് കുംബ്ലെ നായകപദവിയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സത്തിൽത്തന്നെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കുംബ്ലെയുടെ വിജയത്തിന് തങ്കത്തിളക്കം അവകാശപ്പെടാം.

ക്യാപ്‌റ്റനായ ആദ്യ മത്സരത്തിൽത്തന്നെ വിജയവും ‘മാൻ ഓഫ് ദ് മാച്ച്’ ബഹുമതിയും കുംബ്ലെയ്‌ക്കായിരുന്നു. ടെസ്‌റ്റ് ക്രിക്കറ്റിൽ കുംബ്ലെ ഇന്ത്യയെ നയിക്കുമ്പോൾ ഏകദിനടീമിന്റെ നായകൻ മഹേന്ദ്രസിങ് ധോനിയായിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ടെസ്‌റ്റ് ടീമിനും ഏകദിനടീമിനും പ്രത്യേക ക്യാപ്‌റ്റൻമാരെ നിയമിച്ചത്. ലോകക്രിക്കറ്റിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടുളള കുംബ്ലെ ക്യാപ്‌റ്റൻ എന്ന നിലയിലും റെക്കോർഡ് സൃഷ്‌ടിച്ചാണ് അരങ്ങേറ്റം കുറിച്ചത്.

ടെസ്‌റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സര പരിചയവുമായി (118 ടെസ്‌റ്റുകൾ) ക്യാപ്‌റ്റൻ സ്‌ഥാനത്തെത്തിയ വ്യക്‌തിയാണ് കുംബ്ലെ. 111 ടെസ്‌റ്റിനു ശേഷം ഓസ്‌ട്രേലിയയുടെ നായകനായ സ്‌റ്റീവ് വോയാണു തൊട്ടുപിന്നിൽ. കുംബ്ലെ ഇന്ത്യയെ നയിച്ചത് 14 ടെസ്റ്റിൽ– മൂന്നു ജയം, അഞ്ചു തോൽവി, ആറു സമനില. 2002ൽ ഒരു ഏകദിനത്തിൽ ഇന്ത്യൻ നായകൻ. അതിൽ വിജയം.

∙ അനിൽ കുംബ്ലെ എന്ന പരിശീലകൻ

വിരമിച്ചശേഷം ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്തും കുംബ്ലെയെത്തി. 2016 ജൂണിലാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് ടീമുകളുടെ ഉപദേശക റോളിൽ തിളങ്ങിയതും രാജ്യാന്തര രംഗത്തെ അനുഭവ സമ്പത്തും കാര്യങ്ങൾ അവസാന നിമിഷം അന്ന് കുംബ്ലെയ്ക്ക് അനുകൂലമാക്കി. എന്നാൽ നായകൻ വിരാട് കോലിയുമായുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല.

2017 ജൂണിൽ ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫിക്ക് തൊട്ടുമുൻപാണ് ക്യാപ്റ്റൻ കോലി പരിശീലകൻ കുംബ്ലെയ്ക്കെതിരെ തിരിഞ്ഞത്. ഇതോടെ രഹസ്യമായിരുന്ന കോച്ച്– ക്യാപ്റ്റൻ പോര് പരസ്യമായി. പരിശീലകന്റെ കാലാവധി തീരാറായ കുംബ്ലെയ്ക്ക് ഇതിനിടെ ബിസിസിഐ കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തു. എന്നാൽ ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോടു തോൽവി ഏറ്റുവാങ്ങിയതിനുപിന്നാലെ കുംബ്ലെ രാജിവച്ചു.
കോലിയുമായി ഒത്തുപോകാനാവില്ലെന്നും ബന്ധം മോശമായതുകൊണ്ടുമാണ് താൻ രാജിവയ്ക്കുന്നതെന്നും അദ്ദേഹം ബിസിസിഐയോടു വ്യക്തമാക്കുകയും െചയ്തു. ഇരുവരും തമ്മിൽ സംസാരിച്ചിട്ടുപോലും ആറു മാസത്തോളമായി എന്ന വിവരം ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചു. തുടർന്ന് 2017 ജൂണിൽ കോച്ചില്ലാതെയാണ് ഇന്ത്യ വിൻഡീസ് പര്യടനത്തിനായി പോയത്.

∙ അത്മവിശ്വാസത്തിന്റെ പ്രതീകം

2002ലെ ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനത്തിലെ നാലാം ടെസ്‌റ്റിൽ മെർവിൻ ധില്ലന്റെ പന്തിൽ താടിയെല്ലിന് പരുക്കേറ്റെങ്കിലും അതൊന്നും വകവയ്‌ക്കാതെ ഇന്ത്യയ്‌ക്കുവേണ്ടി പന്തെറിയാനെത്തിയ അനിൽ കുംബ്ലെയെ മറക്കാനാവില്ല. ആന്റിഗ്വയിലെ സെന്റ് ജോൺസായിരുന്നു വേദി. അന്ന് തലയിൽ ബാൻഡേജിട്ട് പത്ത് ഓവറുകളും എറിഞ്ഞ് ബ്രയാൻ ലാറയുടെ വിക്കറ്റും സ്വന്തമാക്കിയ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ അധ്യായമാണ് എഴുതിച്ചേർത്തത്. പിന്നീട് താടിയെല്ലിന് ശസ്‌ത്രകീയ നടത്തിയാണ് കുംബ്ലെ ക്രിക്കറ്റ് ലോകത്തേക്ക് തിരികെയെത്തിയത്.

∙ കേരളത്തിന്റെ സ്വന്തം കുംബ്ലെ

കേരളവുമായി കുംബ്ലെയ്ക്ക് ഒരു പൊക്കിൾക്കൊടി ബന്ധമുണ്ടെന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന ഘടകമാണ്. കുംബ്ലെയുടെ കുടുംബവേരുകൾ കേരളത്തിലാണ്. കുംബ്ലെയുടെ പിതാവ് കെ. എൻ. കൃഷ്‌ണസ്വാമി കാസർകോട് ജില്ലയിലെ കുമ്പള സ്വദേശിയാണ്. ജന്മസ്‌ഥലത്തിന്റെ ഓർമയ്‌ക്കായിട്ടാണത്രെ മകന്റെ പേരിനൊപ്പം കുംബ്ലെ എന്നു ചേർത്തത്.

English Summary: Anil Kumble: Indian Spin Legend Turns 50

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA