sections
MORE

പഞ്ചാബ് തോറ്റിരുന്നെങ്കിൽ ആരെ കുറ്റം പറയുമായിരുന്നു? രാഹുലിനെ വിമർശിച്ച് സേവാഗ്

kl-rahul-sehwag
കെ.എൽ.രാഹുൽ, വിരേന്ദർ സേവാഗ്
SHARE

ഷാർജ∙ മൂന്ന് ഓവറിൽ ജയിക്കാൻ വേണ്ടത് വെറും 11 റൺസ്. എന്നിട്ടും വിജയം തൊട്ടത് അവസാനം പന്തിൽ. 17 പന്തിൽ നേടാനായത് വെറും 10 റൺസ്. തുടർച്ചയായ അ‍ഞ്ച് മത്സരങ്ങൾ പഞ്ചാബ് എങ്ങനെ തോറ്റു എന്നുള്ളതിന്റെ ഉത്തരമായിരുന്നു വ്യാഴാഴ്ചത്തെ അവരുടെ അവസാന ഓവർ വിജയം. ടീമിന്റെ കയ്യിൽനിന്ന് എങ്ങനെയൊക്കെ മത്സരം വഴുതിപോകാമെന്ന് പഞ്ചാബ്–ബാംഗ്ലൂർ മത്സരം കണ്ടു മറ്റു ടീമുകൾ പഠിക്കണം.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന്റെ വിജയലക്ഷ്യം 172 റൺസ്. ഓപ്പണിങ് സംഖ്യം ലക്ഷ്യബോധത്തോടെ ബാറ്റുവീശിയപ്പോൾ 17–ാം ഓവറിൽ പഞ്ചാബ് സ്കോർ 161/1. മത്സരം വിജയിക്കാൻ അടുത്ത മൂന്ന് ഓവറിൽ വേണ്ടത് 11 റൺസ്. ക്രീസിൽ അർധസെഞ്ചുറി തികച്ച രണ്ടു ബാറ്റ്സ്മാന്മാർ. ക്യാപ്റ്റൻ കെ.എൽ.രാഹുലും ‘ബോസ്’ ക്രിസ് ഗെയ്‌ലും. ക്രിസ് മോറിസ് എറിഞ്ഞ 18–ാം ഓവറിൽ പഞ്ചാബിന് നേടാനായത് വെറും 4 റൺസ്. അതിൽ രണ്ടു റൺസും എക്സ്ട്രാസിലൂടെ.

അടുത്ത ഓവർ എറിഞ്ഞത് ലങ്കൻ പേസർ ഇസുരു ഉഡാന. ഓവറിൽ ഒരു എക്സ്ട്ര ഉൾപ്പെടെ 5 റൺസ്. 12 പന്തിൽ പഞ്ചാബ് നേടിയത് 9 റൺസ്. അവസാന ഓവർ എറിയാൻ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി ഏൽപ്പിച്ചത് സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിനെ. നേരിടുന്നത് ക്രിസ് ഗെയ്ൽ. ആദ്യ 2 പന്തുകളിലും റണ്ണെടുത്തില്ല. 3–ാം പന്തിൽ സിംഗിൾ. 4–ാം പന്തിൽ രാഹുലിന്റെ ഷോട്ട് നേരേ ഫീൽഡറുടെ കയ്യിലേക്ക്.

5–ാം പന്ത് തട്ടിയിട്ടു രാഹുൽ സിംഗിളിനായി ശ്രമിച്ചെങ്കിലും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് ഗെയ്‌ലിനു ഓടിയെത്താനായില്ല; റണ്ണൗട്ട്. അവസാനനിമിഷം പഞ്ചാബ് മത്സരം കൈവിട്ടെന്ന് തോന്നിച്ച നിമിഷങ്ങൾ. പിന്നീട് ക്രീസിലെത്തിയത് മറ്റൊരു വിൻഡീസ് താരം നിക്കോളാസ് പുരാൻ. ഇന്നിങ്സിലെ അവസാന പന്ത് ബൗണ്ടറിക്കു മേലേ പറത്തി ഒടുവിൽ നിക്കോളാസ് പുരാനാണ് പഞ്ചാബിന്റെ ശ്വാസം നേരേയാക്കിയത്.

നിലയുറപ്പിച്ച രണ്ടു ബാറ്റ്സ്മാന്മാർ ക്രീസിലുണ്ടായിട്ടും പഞ്ചാബ് വിജയം ഇത്രയും താമസിപ്പിച്ചതിനെ വിമർശിച്ച് ടീമിന്റെ മുൻ ക്യാപ്റ്റനും ഉപദേശകനുമായ വിരേന്ദർ സേവാഗ് രംഗത്തെത്തി. ഒന്നോ രണ്ടോ ഓവർ‌ മുൻപ് കെ.എൽ.രാഹുൽ മത്സരം പൂർത്തിയാക്കിയിരുന്നെങ്കിൽ താൻ കൂടുതൽ‌ ആസ്വദിക്കുമായിരുന്നെന്ന് സേവാഗ് പറഞ്ഞു. മികച്ച ഫോമിലുള്ള രണ്ടു ബാറ്റ്സ്മാന്മാർ ക്രീസലുള്ളപ്പോൾ 18 പന്തിൽ 11 റൺസ് അനായാസമാണ്. രണ്ട് ഓവർ നേരത്തെ വിജയിച്ചാൽ നെറ്റ് റൺ റേറ്റ് ഉയർത്താൻ ആകുമായിരുന്നെന്ന് സേവാഗ് പറഞ്ഞു.

‘മത്സരങ്ങളും ടൂർണമെന്റും വിജയിക്കുന്നതിനെക്കുറിച്ചാണ് യഥാർഥത്തിൽ നിങ്ങളുടെ ചിന്തയെങ്കിൽ, നെറ്റ് റൺ റൺ റേറ്റ് ശ്രദ്ധിക്കണം. എല്ലാവർക്കും തുല്യ പോയിന്റ് കിട്ടുന്ന ഒരുഘട്ടം ടൂർണമെന്റിൽ ഉണ്ടായേക്കാം. ആ സമയത്ത് നെറ്റ് റൺ റേറ്റ് കുറവാണെങ്കിൽ ടൂർണമെന്റിൽ പിന്നെ മുന്നോട്ട് പോകാൻ കഴിയില്ല.’ – സേവാഗ് പറഞ്ഞു.

അവസാനം വരെ പുറത്താകാതെനിന്ന കെ.എൽ.രാഹുലിനെ സേവാഗ് അഭിനന്ദിച്ചെങ്കിലും അവസാന ഓവർ വരെ മത്സരം നീട്ടയതിനെ താരം വിമർശിച്ചു. അവസാന പന്തിൽ നിക്കോളാസ് പുരാൻ ഔട്ട് ആയിരുന്നെങ്കിൽ ആരെയാണ് കുറ്റം പറയാൻ ആകുക? – പുരാനേയോ, രാഹുലിനെയോ അതോ ഗെയ്‌ലിനെയോ എന്നു സേവാഗ് ചോദിച്ചു. അതുകൊണ്ട് മത്സരം അവസാന ഓവർ നീട്ടാതിരിക്കുന്നതിൽ രാഹുൽ ശ്രദ്ധിക്കണമെന്നും സേവാഗ് പറഞ്ഞു.

English Summary: ‘Had they lost, who among Gayle, Pooran or Rahul would’ve taken the blame?’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA