ADVERTISEMENT

ദുബായ്∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡ്വെയ്‌ൻ ബ്രാവോയെ പുറത്താക്കിയ ശേഷം നടത്തിയ ‘വിവാദ ചിരി’യിൽ വിശദീകരണവുമായി സൺറൈസേഴ്സ് ഹൈദരാബാദ് താരം ഖലീൽ അഹമ്മദ്. ചൊവ്വാഴ്ച ദുബായിൽ നടന്ന മത്സരത്തിലായിരുന്നു സംഭവം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് എടുത്തത്. ഖലീൽ അഹമ്മദ് 20ാം ഓവർ എറിയാൻ എത്തുമ്പോൾ 152–5 എന്നി നിലയിലായിരുന്നു സിഎസ്കെ. ക്രീസിൽ രവീന്ദ്ര ജഡേജയും ഡ്വെയ്ൻ ബ്രാവോയും.

തൊട്ടുമുൻ‌പത്തെ ഓവറിന്റെ അവസാന പന്തിൽ ക്യാപ്റ്റൻ ധോണി പുറത്തായതിനു പിന്നാലെയാണ് ബ്രാവോ ക്രീസിലെത്തുന്നത്. ഖലീൽ അഹമ്മദിന്റെ ആദ്യ പന്തിൽ തന്നെ വമ്പൻ ഷോട്ടിനു ശ്രമിച്ച ബ്രാവോയ്ക്കു പക്ഷേ പിഴച്ചു. പന്ത് ബാറ്റിൽ കൊള്ളാതെ നേരേ സ്റ്റംപിലേക്ക്; ബ്രാവോ ക്ലീൻ ബോൾഡ്. വിക്കറ്റ് ലഭിച്ചശേഷം വലിയ ആഘോഷം നടത്താതിരുന്ന ഖലീൽ അഹമ്മദ്, ബ്രാവോയെ നോക്കി ചെറിയ ഒരു ചിരി പാസാക്കുക മാത്രമാണ് ചെയ്തത്.

എന്നാൽ ഖലീലിന്റെ ആ ‘ഭാവ’ത്തിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഖലീൽ ബ്രാവോയെ പരിഹസിച്ചു എന്ന തരത്തിലായിരുന്നു പ്രചരണം. ഇതോടെയാണ് വിശദീകരണവുമായി ഖലീൽ തന്നെ രംഗത്തെത്തിയത്. ‘ഞാൻ ബ്രാവോയെ നോക്കി ചിരിച്ചില്ല. അതിനു മറ്റൊരു കാരണമുണ്ടായിരുന്നു. അദ്ദേഹം ഒരു യഥാർത്ഥ ഇതിഹാസമാണ്. അദ്ദേഹം എനിക്ക് മൂത്ത സഹോദരനെ പോലെയാണ്.’– ഖലീൽ പറഞ്ഞു.

മത്സരത്തിൽ 20 റൺസിനാണ് ചെന്നൈ വിജയിച്ചത്. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിന് 20 ഓവറിൽ 147 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ബ്രാവോ ഉൾപ്പെടെയുള്ള ബോളർമാർ ഹൈദരാബാദ് ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കിയതോടെയാണ് ചെന്നൈ വിജയം അനായാസമായത്. 25 റൺസ് വിട്ടുകൊടുത്ത ബ്രാവോ രണ്ടു വിക്കറ്റ് വീഴ്ത്തി.

English Summary: ‘I wasn’t laughing at Dwayne Bravo’ - Khaleel Ahmed clarifies his celebration after receiving flak on Twitter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com