sections
MORE

കുമ്പളയുടെ ജംബോ ജെറ്റ്; അനിൽ കുംബ്ലെയ്ക്ക് ഇന്ന് 50–ാം പിറന്നാൾ

Anil Kumble
SHARE

ആറടി ഒരിഞ്ചു പൊക്കം, അതിനൊത്ത വണ്ണം. കാഴ്ചയിലൊരു പേസ് ബോളർ. പക്ഷേ, ലെഗ് സ്പിന്നർ. സാധാരണ ലെഗ് സ്പിന്നർമാർക്കു ലഭിക്കുന്ന ടേണോ ഫ്ലൈറ്റോ ഇല്ലാത്ത ബോളിങ്. പോർമുഖത്തേക്കു കുതിക്കുന്ന കുതിരയെപ്പോലെ ചാടി കൃത്യമായ ലൈനിലും ലെങ്തിലും ശരംപോലെ ക്രീസിലേക്കെത്തിയ പന്തുകൾ ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ മേൽവിലാസമാണ് അനിൽ കുംബ്ലെ. വ്യത്യസ്തമായ ആക്‌ഷനും സ്പിൻ ബോളിങ്ങിലെ പരിചിതമല്ലാത്ത വേഗവും കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ സ്പിൻ ഡിപാർട്മെന്റിനെ 2 പതിറ്റാണ്ടോളം ഭരിച്ച അനിൽ കുംബ്ലെയ്ക്ക് ഇന്ന് 50–ാം പിറന്നാൾ.

ജീവിതം ഹാഫ് സെഞ്ചുറി കടന്നു കുതിക്കുമ്പോൾ പിറന്നാൾ ആഘോഷത്തെക്കാൾ താൻ പരിശീലിപ്പിക്കുന്ന കിങ്സ് ഇലവൻ പഞ്ചാബിന്റെ ഈ ഐപിഎൽ സീസണിലെ പ്രകടനത്തെക്കുറിച്ചുള്ള വ്യാകുലതകളിലായിരിക്കും അനിൽ കുംബ്ലെ. ‘പകരക്കാരോ പിൻതുടർച്ചക്കാരോ ഇല്ലാത്ത ക്രിക്കറ്ററാണു കുംബ്ലെ. അദ്ദേഹത്തിനു മുൻപും ശേഷവും എന്ന് ഇന്ത്യൻ സ്പിൻ ബോളിങ്ങിനെ വേർതിരിക്കാം’– മുൻ ഇന്ത്യൻ താരം മദൻലാൽ ഒരിക്കൽ പറഞ്ഞു. ഈ വാക്കുകളോടു നീതി പുലർ‌ത്തുന്ന പ്രകടനമാണു തന്റെ കരിയറിലുടനീളവും പിൽക്കാലത്തു പരിശീലകൻ, മെന്റർ, സിലക്ടർ തുടങ്ങിയ ചുമതലകളിലും കുംബ്ലെ കാഴ്ച വച്ചത്.

കുംബ്ലെയുടെ ശരീരഭാഷ ഒരു പേസ് ബോളർക്കു ചേർന്നതാണെന്നു പലരും അഭിപ്രായപ്പെട്ടെങ്കിലും ലെഗ്ബ്രേക്കിലായിരുന്നു അദ്ദേഹത്തിന്റെ താൽപര്യം. കർണാടക ടീമിനായി വിക്കറ്റു കൊയ്യുന്നതിനിടെയാണ് 1990ൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു കുംബ്ലെയെ വിളിക്കുന്നത്. 2008ൽ വിരമിക്കുമ്പോൾ ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ 3–ാമത്തെ ബോളർ (619 വിക്കറ്റ്) എന്ന റെക്കോർഡുമായാണു (മുത്തയ്യ മുരളീധരനും ഷെയ്ൻ വോണിനും പിന്നിൽ) കുംബ്ലെ പടിയിറങ്ങിയത്. ‌പാക്കിസ്ഥാനെതിരായ 10 വിക്കറ്റ് നേട്ടവും ഓവലിലെ ടെസ്റ്റ് സെഞ്ചുറിയും  പരുക്കേറ്റ താടിയിൽ തുന്നിക്കെട്ടുമായി തിരിച്ചെത്തി ലാറയുടെ വിക്കറ്റു വീഴ്ത്തിയ പോരാട്ടവീര്യവും മായാത്ത കുംബ്ലെ ചിത്രങ്ങളിൽ ചിലതുമാത്രം. 

ക്രിക്കറ്റ് ലോകത്ത് ജംബോ എന്ന പേരു കുംബ്ലെയ്ക്കു സമ്മാനിച്ചതു സഹതാരം നവ്ജ്യോത് സിങ് സിദ്ദുവായിരുന്നു. ഇറാനി ട്രോഫി ടൂർണമെന്റിനിടെ കുംബ്ലെ എറിഞ്ഞ പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്തു. അതുകണ്ട സിദ്ദു ‘ജംബോ ജെറ്റ്’ എന്നു കമന്റടിച്ചു. ജംബോ ജെറ്റ് പിന്നീടു ‘ജംബോ’ ആയി.

1970 ഒക്ടോബർ 17നു കൃഷ്ണസ്വാമി – സരോജ ദമ്പതികളുടെ മൂത്തമകനായി ബെംഗളൂരുവിലായിരുന്നു കുംബ്ലെയുടെ ജനനം. കാസർകോട് കുമ്പളയിൽ നിന്നു കർണാടകയിലേക്കു ചേക്കേറിയ മാതാപിതാക്കൾ മകന്റെ പേരിനൊപ്പം ചേർത്ത നാട്ടുപേര് –കുമ്പള– ലോപിച്ചു കുംബ്ലെ ആയി. കുമ്പളക്കാരും ആ സ്നേഹത്തിനു പ്രതിനന്ദി കാട്ടി; കുമ്പളയിലെ ഒരു റോഡിന് അവർ അനിൽ കുംെബ്ലയുടെ പേരാണു നൽകിയത്.

അർജുൻ രാധാകൃഷ്ണൻ

English Summary: Anil Kumble birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA