ADVERTISEMENT

ദുബായ് ∙ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് ക്യാപ്റ്റൻ സ്ഥാനം ഇംഗ്ലണ്ട് താരം ഒയിൻ മോർഗനു കൈമാറിയതോടെ അഭ്യൂഹങ്ങളുടെ കുടം തുറന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനു തൊട്ടുമുൻപാണു കാർത്തിക്കിന്റെ ‘സ്ഥാനത്യാഗം’ കൊൽക്കത്ത പുറത്തുപറഞ്ഞത്. സ്വന്തം ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി കാർത്തിക് സ്ഥാനമൊഴിഞ്ഞെന്നാണു കൊൽക്കത്ത വിശദീകരിച്ചതെങ്കിലും അതു മാത്രമല്ല കാരണമെന്നാണു സൂചനകൾ. 

ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ മോർഗൻ കൊൽക്കത്തയെ നയിക്കണമെന്നായിരുന്നു ഭൂരിഭാഗം ആരാധകരുടെയും ആവശ്യം.  മോർഗനെ മറികടന്നു കാർത്തിക്കിനെ ക്യാപ്റ്റനാക്കിയതിനെ പലരും വിമർശിക്കുകയും ചെയ്തു. മുംബൈയോടും ഡൽഹിയോടും തോൽക്കുക കൂടി ചെയ്തതോടെ വിമർശനം കൂടി. വിൻഡീസ് താരം സുനി‍ൽ നരെയ്നെ ഓപ്പണിങ് സ്ഥാനത്തുനിന്നു മാറ്റാത്തതിന്റെയും മോർഗനെ ബാറ്റിങ്ങിൽ നേരത്തേ ഇറക്കാത്തതിന്റെയും പഴി കാർത്തിക്കിനായി. ടീമിനു പ്ലേഓഫ് സാധ്യത നിലനിൽക്കെ, സ്ഥാനമാറ്റത്തിന്റെ സമയം ഇതാണോയെന്നു മുൻ താരങ്ങളായ ആകാശ് ചോപ്ര, ഇർഫാൻ പഠാൻ തുടങ്ങിയവർ ആശങ്കപ്പെട്ടു കഴിഞ്ഞു.

കാർത്തിക് Vs മോർഗൻ

2018ൽ 7.4 കോടി രൂപയ്ക്കാണു കൊൽക്കത്ത ദിനേഷ് കാർത്തിക്കിനെ ടീമിലെടുത്തത്. കാർത്തിക്കിന്റെ ക്യാപ്റ്റൻസിയിൽ ആദ്യ സീസണിൽ 3–ാം സ്ഥാനത്തെത്തിയ കൊൽക്കത്ത കഴിഞ്ഞ സീസണിൽ 5–ാമതായി. ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ കാർത്തിക്കിനു ഫോമിലെത്താനായില്ല. പഞ്ചാബിനെതിരായ മത്സരത്തിൽ 29 പന്തിൽ 58 റൺസടിച്ചു വിജയശിൽപിയായി. എന്നാൽ, ബാംഗ്ലൂരിനെതിരെയും ഇന്നലെ മുംബൈയ്ക്കെതിരെയും പരാജയപ്പെട്ടു. 8 മത്സരങ്ങളിൽ 112 റൺസാണു കാർത്തിക് നേടിയത്.

ഈ സീസൺ താരലേലത്തിൽ 5.25 കോടി രൂപയ്ക്കാണു കൊൽക്കത്ത മോർഗനെ സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിങ്ങിനൊപ്പം മോർഗന്റെ നായകമികവും കൊൽക്കത്ത മാനേജ്മെന്റിനെ സ്വാധീനിച്ചു. ലോവർ ഓർഡറിലേക്ക് ഇറങ്ങേണ്ടി വന്നതു മൂലം ബാറ്റിങ് അവസരം കുറഞ്ഞെങ്കിലും 8 മത്സരങ്ങളിൽ മോർഗൻ 214 റൺസ് നേടി. കൊൽക്കത്ത ബാറ്റ്സ്മാൻമാരിൽ ശുഭ്മാൻ ഗിൽ (8 മത്സരങ്ങളിൽ 275 റൺസ്) കഴിഞ്ഞാൽ 2–ാം സ്ഥാനത്തു മോർഗനാണ്.

English Summary: Dinesh Karthik resigned as Kolkata Knight Riders captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com