ADVERTISEMENT

ഷാർജ ∙ ശിഖർ ധവാന്റെ സെഞ്ചുറി മികവും അവസാന ഓവറിൽ അക്സർ പട്ടേലിന്റെ മൂന്നു പടുകൂറ്റൻ സിക്സറുകളും തകർത്തെറിഞ്ഞത് ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയപ്രതീക്ഷകൾ. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന 17 റൺസ് ഒരു പന്ത് ശേഷിക്കെ മറികടന്ന ഡൽഹി ക്യാപിറ്റൽസിന് ചെന്നൈയ്ക്കെതിരെ 5 വിക്കറ്റ് ജയം.

58 പന്തിൽ ഒരു സിക്സും 14 ഫോറുമുൾപ്പെടെ ശിഖർ ധവാൻ 101 റൺസെടുത്തും അക്സർ പട്ടേൽ 5 പന്തിൽ മൂന്നു സിക്സ് ഉൾപ്പെടെ 21 റൺസോടെയും പുറത്താകാതെ നിന്നു. ശിഖർ ധവാന്റെ ആദ്യ ഐപിഎൽ സെഞ്ചുറിയാണിത്. സ്കോർ: ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ്. ഡൽഹി 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ്. ഈ ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 7 ജയങ്ങളുമായി 14 പോയിന്റ് നേടിയ ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസിനെ മറികടന്ന് പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 

Shikhar-Dhawan-1
ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന്റെ ജയം ആഘോഷിക്കുന്ന ശിഖർ ധവാൻ. ചിത്രം: ഐപിഎൽ ട്വിറ്റർ

ചെന്നൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഡൽഹിക്ക് ആദ്യ ഓവറിൽ തന്നെ ദീപക് ചാഹർ പ്രഹരമേൽപ്പിച്ചു. സ്കോർ ബോർഡ് തുറക്കും മുൻപേ പൃഥ്വി ഷായെ (പൂജ്യം) ബൗൾഡാക്കി. തുടർന്നെത്തിയ അജിൻക്യ രഹാനെ (8 റൺസ്) അഞ്ചാം ഓവറിൽ ദീപക് ചാഹറിന്റെ ബോളിങ്ങിൽ സാം കറന് ക്യാച്ച് നൽകി മടങ്ങി.

ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ശിഖർ ധവാൻ സ്കോർ ഉയർത്തി. ഏഴാം ഓവറിൽ ഡൽഹി സ്കോർ 50 കടന്നു. വൈകാതെ ശിഖർ ധവാൻ അർധസെ‍ഞ്ചുറി തികച്ചു. ടീം സ്കോർ 96 ആയപ്പോൾ ഡൽഹിയ്ക്ക് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ വിക്കറ്റ് നഷ്ടമായി. 23 പന്തിൽ ഒരു ഫോറും ഒരു സിക്സും ഉൾപ്പെടെ 23 റൺസെടുത്ത ശ്രേയസ് അയ്യരെ ഡ്വെയ്ൻ ബ്രാവോയുടെ പന്തിൽ ഫാഫ് ഡുപ്ലേസി ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

13 ാം ഓവറിൽ മാർക്കസ് സ്റ്റോയ്നിസിന്റെ സിക്സറോടെ ഡൽഹി സ്കോർ 100 കടന്നു. ടീം സ്കോർ 137 ൽ എത്തിനിൽക്കെ മാർക്കസ് സ്റ്റോയ്നിസിനെ (14 പന്തിൽ രണ്ട് സിക്സും ഒരു ഫോറുമുൾപ്പെടെ 24 റൺസ്) ഷാർദൂൽ താക്കൂറിന്റെ ബോളിങ്ങിൽ അമ്പാട്ടി റായുഡു ക്യാച്ചെടുത്ത് പുറത്താക്കി. വൈകാതെ അലക്സ് കാരി (4 റൺസ്) സാം കറന്റെ പന്തിൽ ഫാഫ് ഡുപ്ലേസിക്കു ക്യാച്ച് നൽകി മടങ്ങി. 19 ാം ഓവറിലെ അവസാന പന്തിൽ ശിഖർ ധവാൻ സെഞ്ചുറി തികച്ചു.

അവസാന ഓവറിൽ ഡൽഹിയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസ്. ആദ്യ പന്ത് വൈഡ്. അടുത്ത പന്തിൽ ധവാൻ ഒരു റണ്ണെടുത്തു. തുടർന്നുള്ള പന്തുകളിൽ അക്സർ പട്ടേലിന്റെ വക സിക്സ്. പിന്നാലെ രണ്ട് നേടിയ അക്സർ പട്ടേൽ അ‍‍‍ഞ്ചാം പന്തിൽ സിക്സറോടെ മത്സരം ഡൽഹിയുടെ കൈപ്പിടിയിലാക്കി. അവസാന ഓവറിൽ ഡൽഹി അടിച്ചുകൂട്ടിയ 22 റൺസിൽ 20 റൺസും അക്സർ പട്ടേലിന്റെ വകയായിരുന്നു. ചെന്നൈയ്ക്കു വേണ്ടി ദീപക് ചാഹർ രണ്ടു വിക്കറ്റും, ഡ്വെയ്ൻ ബ്രാവോ, ഷാർദൂൽ താക്കൂർ, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Deepak-Chahar
ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷായെ പുറത്താക്കിയ ദീപക് ചാഹറിന്റെ ആഹ്ലാദം. ചിത്രം: ഐപിഎൽ ട്വിറ്റർ

നേരത്തെ, അവസാന ഓവറുകളിലെ കടന്നാക്രമണത്തിന്റെ പിൻബലത്തിലാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് മികച്ച സ്കോർ നേടിയത്. ഫാഫ് ഡുപ്ലേസി (58 റൺസ്), ഷെയ്ൻ വാട്സൻ (36 റൺസ്), അമ്പാട്ടി റായുഡു (പുറത്താകാതെ 45 റൺസ്), രവീന്ദ്ര ജഡേജ (പുറത്താകാതെ 33 റൺസ്) എന്നിവരുടെ ബാറ്റിങ് മികവിൽ ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. അവസാന 5 ഓവറിൽ 67 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. 

ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡ് തുറക്കും മുൻപേ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ ആൻറിച്ച് നോർജെ ക്യാച്ചെടുത്ത് സാം കറൻ (പൂജ്യം) മടങ്ങി. തുടർന്നെത്തിയ ഷെയ്ൻ വാട്സനുമായി ചേർന്ന് ഫാഫ് ഡുപ്ലേസി സ്കോർ ഉയർത്തി. 

Faf-du-Plessis-and-Shane-Watson
ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിനിടെ ഫാഫ് ഡുപ്ലേസിയും ഷെയ്ൻ വാട്സനും. ചിത്രം: ഐപിഎൽ ട്വിറ്റർ

ഒൻപതാം ഓവറിൽ ചെന്നൈ സ്കോർ 50 കടന്നു. 12 ാം ഓവറിൽ ഫാഫ് ഡുപ്ലേസി അർധശതകം തികച്ചു. 39 പന്തിൽ 2 സിക്സും 5 ഫോറും ഉൾപ്പെടെയാണ് ഡുപ്ലേസി അർധസെഞ്ചുറി നേടിയത്. തൊട്ടടുത്ത പന്തിൽ ഷെയ്ൻ വാട്സനെ (28 പന്തിൽ ആറു ഫോറുൾപ്പെടെ 36 റൺസ്) ആൻറിച്ച് നോർജെ ബൗൾഡാക്കി. നിർണായകമായ 87 റൺസ് കൂട്ടുകെട്ടാണ് ഡുപ്ലേസി – വാട്സൻ സഖ്യം പടുത്തുയർത്തിയത്. 14 ാം ഓവറിൽ ചെന്നൈ സ്കോർ 100 കടന്നു. 

15 ാം ഓവറിൽ ഫാഫ് ഡുപ്ലേസിയെ കഗിസോ റബാഡ പുറത്താക്കി. ഡുപ്ലേസി ഉയർത്തിയടിച്ച പന്ത് ശിഖർ ധവാന്റെ കൈകളിലൊതുങ്ങി. 47 പന്തിൽ  2 സിക്സും 6 ഫോറും ഉൾപ്പെടെ 58 റൺസാണ് ഡുപ്ലേസി നേടിയത്. ഈ വിക്കറ്റോടെ കഗിസോ റബാഡ ഐപിഎലിൽ 50 വിക്കറ്റുകൾ തികച്ചു. തുടർന്നെത്തിയ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വന്നപാടെ മടങ്ങി. ആൻറിച്ച് നോർജെയുടെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിയ്ക്ക് ക്യാച്ച്. 5 പന്തിൽ 3 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. ഇതിനിടെ അമ്പാട്ടി റായുഡു ഐപിഎലിൽ 3500 റൺസ് തികച്ചു. 

18 ഓവർ പൂർത്തിയായപ്പോൾ ചെന്നൈ 4 വിക്കറ്റ് നഷ്ടത്തിൽ 147 റൺ‌സ്. അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയും തുടരെ വമ്പൻ ഷോട്ടുകൾ പായിച്ചതോടെ ചെന്നൈയുടെ സ്കോർ അതിവേഗം ഉയർന്നു. അവസാന 5 ഓവറിൽ 67 റൺസാണ് ചെന്നൈ നേടിയത്. ഇന്നിങ്സ് അവസാനിക്കുമ്പോൾ ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. അമ്പാട്ടി റായുഡു 25 പന്തിൽ 4 സിക്സും ഒരു ഫോറുമുൾപ്പെടെ 45 റൺസോടെയും, രവീന്ദ്ര ജഡേജ 13 പന്തിൽ 4 സിക്സ് ഉൾപ്പെടെ 33 റൺസോടെയും പുറത്താകാതെ നിന്നു. റായുഡു – ജഡേജ സഖ്യം 50 റൺസ് കൂട്ടുകെട്ടും പടുത്തുയർത്തി. ഡൽഹിയ്ക്കു വേണ്ടി ആൻറിച്ച് നോർജെ രണ്ടു വിക്കറ്റും, തുഷാർ ദേശ്പാണ്ഡെ, കഗിസോ റബാഡ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

English Summary: Indian Premier League 2020 34th match Delhi Capitals vs Chennai Super Kings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com