sections
MORE

കൊൽക്കത്തയുടെ വഴിക്ക് രാജസ്ഥാൻ ഇല്ല; റോയൽസ് ‘ബോസ്’ ജോസല്ല, സ്മിത്ത് തന്നെ

sanju-samson-smith
സ്റ്റീവ് സ്മിത്ത് മത്സരത്തിനിടെ
SHARE

ദുബായ്∙ ക്യാപ്റ്റനെ തന്നെ മാറ്റി ഇന്ത്യൻ പ്രീമിയർ ലീഗിൽ നിർണായക മാറ്റം സ്വീകരിച്ചിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും തുടരെ പരാജയപ്പെടുന്ന ദിനേഷ് കാർത്തിക്കിനെ മാറ്റി ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയിച്ച നായകൻ ഒയിൻ മോർഗനാണു കൊൽക്കത്ത പുതിയ ചുമതല നൽകിയിരിക്കുന്നത്. ദിനേഷ് കാർത്തിക്ക് സ്വയം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതാണെന്ന് കെകെആർ മാനേജ്മെന്റ് പറയുന്നുണ്ടെങ്കിലും അത് അങ്ങനെയൊന്നുമല്ലെന്നാണ് ആരാധകരുടെ വാദം. രാജസ്ഥാൻ റോയൽസ് ഉള്‍പ്പടെയുള്ള ടീമുകൾ കൊൽക്കത്തയുടെ വഴി സ്വീകരിക്കണമെന്നും ക്രിക്കറ്റ് ആരാധകർ പറയുന്നു.

രാജസ്ഥാൻ റോയൽസിന്റെ ഒരു ട്വീറ്റോടെ രാജസ്ഥാനും ക്യാപ്റ്റനെ മാറ്റുകയാണെന്ന അഭ്യൂഹവും പരന്നു. രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ജോസ് ബട്‌ലറുടെ ചിത്രത്തോടൊപ്പം ‘ജോസിനെ പോലൊരു ബോസിന് നന്ദിപൂർവം’ എന്ന് ക്യാപ്ഷനും നൽകി. മോർഗൻ കൊൽക്കത്ത ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു രാജസ്ഥാന്റെ ട്വീറ്റ്. ഇതോടെ സ്റ്റീവ് സ്മിത്തിനെ മാറ്റി ബട്‍ലർ ക്യാപ്റ്റൻ സ്ഥാനത്തേക്കു വരികയാണെന്ന് ആരാധകർക്കിടയിൽ അഭ്യൂഹങ്ങളുണ്ടായി. എന്നാൽ സംഭവം ചർച്ചയായതോടെ വ്യക്തത വരുത്തി രാജസ്ഥാൻ റോയൽസ് തന്നെ രംഗത്തെത്തി.

ഇനിയുള്ള മത്സരങ്ങളിലും സ്റ്റീവ് സ്മിത്ത് തന്നെ രാജസ്ഥാൻ റോയൽസിനെ നയിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. തമാശയ്ക്കു വേണ്ടി ചെയ്ത കാര്യമാണു ഇത്രയും ചർച്ചകൾക്കു വഴിയൊരുക്കിയതെന്നും ടീം വ്യക്തമാക്കി. ‘തെറ്റായ അഭ്യൂഹങ്ങൾക്കു തുടക്കമിട്ടെന്ന് അഡ്മിൻസ് തിരിച്ചറിഞ്ഞപ്പോൾ’ എന്ന ക്യാപ്ഷനിൽ രാജസ്ഥാന്റെ ട്വിറ്ററിൽ മറ്റൊരു ട്വീറ്റ് കൂടെ പ്രത്യക്ഷപ്പെട്ടു. ഐപിഎല്ലിൽ രാജസ്ഥാൻ തിരിച്ചുവരവിന് വേണ്ടി ശ്രമിക്കുമ്പോഴാണ് ക്യാപ്റ്റൻ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുന്നത്. റൺസ് കണ്ടെത്താനാകാത്ത സ്റ്റീവ് സ്മിത്തിനെതിരെ ആരാധകർ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. മത്സരങ്ങൾ തുടർച്ചയായി തോറ്റതോടെ ഇതിനു ശക്തിയേറി.

എട്ട് മത്സരങ്ങൾ കളിച്ച റോയൽസിന് ഇതുവരെ മൂന്നെണ്ണത്തിൽ മാത്രമാണു ജയിക്കാൻ സാധിച്ചത്. പോയിന്റ് പട്ടികയിൽ‌ ഏഴാം സ്ഥാനത്താണ് അവർ. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 13 റൺസിന് രാജസ്ഥാൻ തോറ്റു. ഐപിഎല്ലിൽ രണ്ടാം ഘട്ട മത്സരങ്ങൾ ആരംഭിച്ചതിനാൽ ഇനിയുള്ള കളികളെങ്കിലും ജയിക്കാൻ സാധിച്ചില്ലെങ്കിൽ സീസണിൽ അവരുടെ പ്രതീക്ഷകൾ പ്രാഥമിക ഘട്ടത്തിൽ തന്നെ അവസാനിക്കും.

English Summary: Rajasthan Royals quash captaincy change rumours

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA