ADVERTISEMENT

ദുബായ്∙ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് വിജയം. രാജസ്ഥാൻ ഉയർത്തിയ 178 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രണ്ടു പന്തുകള്‍ ബാക്കി നിൽക്കെ ബാംഗ്ലൂർ മറികടന്നു. 22 പന്തിൽ 55 റൺസെടുത്തു പുറത്താകാതെ നിന്ന എ.ബി. ഡിവില്ലിയേഴ്സാണു ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. സീസണിൽ ബാംഗ്ലൂരിന്റെ ആറാം വിജയമാണിത്, രാജസ്ഥാന്റെ ആറാം തോൽവിയും.

സ്മിത്തിന് അർധസെഞ്ചുറി; രാജസ്ഥാൻ ആറിന് 177

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ‌ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റൺസെടുത്തു. സ്റ്റീവ് സ്മിത്ത് അർധ സെഞ്ചുറി നേടി. റോബിൻ ഉത്തപ്പ (41), ജോസ് ബട്‌ലർ (24) എന്നിവരും രാജസ്ഥാൻ റോയൽസിനായി തിളങ്ങി. ബാംഗ്ലൂർ താരം ക്രിസ് മോറിസ് നാലു വിക്കറ്റ് വീഴ്ത്തി. ഓപ്പണിങ്ങിൽ റോബിൻ ഉത്തപ്പ– ബെൻസ്റ്റോക്സ് സഖ്യത്തെയാണ് രാജസ്ഥാൻ ഇക്കുറി പരീക്ഷിച്ചത്. ഓപ്പണിങ് വിജയിച്ചതോടെ ഒന്നാം വിക്കറ്റിൽ 50 റൺസിന്റെ കൂട്ടുകെട്ടുയർന്നു. അതിവേഗം റണ്ണുയർത്തിയ റോബിൻ ഉത്തപ്പയാണ് ആദ്യ ഓവറുകളിൽ അടിച്ചുകളിച്ചത്. മധ്യനിരയിൽനിന്ന് ഓപ്പണിങ്ങിലേക്കു സ്ഥാനക്കയറ്റം കിട്ടിയ ഉത്തപ്പ 1 സിക്സും ഏഴു ഫോറും പറത്തി. 19 പന്തില്‍ 15 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ആദ്യം പുറത്തായത്. ക്രിസ് മോറിസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ എ.ബി. ഡിവില്ലിയേഴ്സ് ക്യാച്ചെടുക്കുകയായിരുന്നു.

സ്കോർ‌ 69ൽ നിൽക്കെ ഉത്തപ്പയും മടങ്ങി. 22 പന്തുകൾ നേരിട്ട താരം 41 റൺസെടുത്തു. സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. ആറ് പന്തിൽ ഒൻപത് റൺസ് മാത്രമെടുത്ത സഞ്ജുവിനെ ചെഹലിന്റെ പന്തിൽ ക്രിസ് മോറിസ് ക്യാച്ച് എടുത്താണു പുറത്താക്കിയത്. ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിലും ചെഹലിന്റെ പന്തിലാണു സഞ്ജു പുറത്തായത്. മൂന്നാം വിക്കറ്റ് വീണതോടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ജോസ് ബട്‍ലറും സൂക്ഷിച്ചു കളിച്ചു. ഇരുവരും ചേർന്ന് രാജസ്ഥാൻ സ്കോർ 100 കടത്തി. 25 പന്തിൽ 24 റൺസെടുത്ത ബട്‍ലറിനെ മോറിസ് നവ്ദീപ് സെയ്നിയുടെ കൈകളിലെത്തിച്ചു.

steve-smith-butler
സ്റ്റീവ് സ്മിത്തും ജോസ് ബട്‍ലറും മത്സരത്തിനിടെ.

പിന്നീട് റണ്ണുയർത്തേണ്ട ചുമതല ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഏറ്റെടുത്തു. 30 പന്തുകളിൽനിന്ന് സ്മിത്ത് അർധസെഞ്ചുറി പൂർത്തിയാക്കി. അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയയും സ്മിത്തും ആഞ്ഞടിച്ചതോടെ രാജസ്ഥാൻ സ്കോർ 170 പിന്നിട്ടു. 20–ാം ഓവറിൽ ഷഹബാസ് അഹമ്മദിന് ക്യാച്ച് നൽകി സ്മിത്ത് മടങ്ങി. അവസാന പന്തിൽ ആർച്ചറെ എൽബിഡബ്ല്യു ആക്കി ക്രിസ് മോറിസ് വിക്കറ്റ് നേട്ടം നാലാക്കി. ബാംഗ്ലൂരിനായി യുസ്‍വേന്ദ്ര ചെഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഡിവില്ലിയേഴ്സിന് അർധസെഞ്ചുറി, ബാംഗ്ലൂരിന് വിജയം

മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കമാണു ലഭിച്ചത്. സ്കോർ 23 ൽ നിൽക്കെയാണ് അവരുടെ ആദ്യ വിക്കറ്റ് വീണത്. 14 റൺസെടുത്ത ആരൺ ഫിഞ്ചിനെ വീഴ്ത്തിയത് ശ്രേയസ് ഗോപാൽ. ദേവ്ദത്ത് പടിക്കലിന് കൂട്ടായി വിരാട് കോലിയെത്തിയതോടെ ബാംഗ്ലൂർ സ്കോർ ഉയർന്നു. ബൗണ്ടറികൾ കുറഞ്ഞെങ്കിലും ഇരുവരും ചേർന്ന് ബാംഗ്ലൂരിനെ 100 കടത്തി. 37 പന്തിൽ 35 റൺസെടുത്താണ് പടിക്കലിന്റെ മടക്കം. രാഹുൽ തെവാട്ടിയയുടെ പന്തിൽ‌ ബെൻ സ്റ്റോക്സ് ക്യാച്ചെടുക്കുകയായിരുന്നു.

ഒരു റൺസ് കൂട്ടിച്ചേർക്കുന്നതിനു മുൻപ് കോലിയും വീണു. കോലി സിക്സ് ലക്ഷ്യമിട്ട് ഉയർത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിന് സമീപത്തു വച്ച് തകർപ്പൻ ഫീൽ‌ഡിങ്ങിലൂടെ തെവാട്ടിയ പിടിച്ചെടുക്കുകയായിരുന്നു. 32 പന്തുകൾ നേരിട്ട കോലി 43 റൺസെടുത്തു. വിക്കറ്റ് പോകാതെ ഡിവില്ലിയേഴ്സും ഗുർകീരത് സിങ്ങും പിടിച്ചുനിന്നതോടെ ബാംഗ്ലൂർ വിജയത്തോടടുത്തു. ജയ്ദേവ് ഉനദ്ഘട്ട് എറിഞ്ഞ 19–ാം ഓവറിൽ 25 റൺസാണു വിട്ടുകൊടുത്തത്. ഈ ഓവറിൽ ഡിവില്ലിയേഴ്സ് പറത്തിയത് മൂന്നു സിക്സ്. ഇതോടെ അവസാന ഓവറിൽ ബാംഗ്ലൂരിന് ജയിക്കാൻ 11 റൺസ് മാത്രം എന്ന നിലയിലായി. അവസാന ഓവറിൽ അർധ സെഞ്ചുറി തികച്ച ഡി വില്ലിയേഴ്സ് വിജയറൺസും കുറിച്ചു. ബാംഗ്ലൂരിന് ഐപിഎല്ലിലെ ആറാം ജയം.

English Summary: RR VS RCB Match Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com