ADVERTISEMENT

ദുബായ്∙ 2020 ഐപിഎൽ സീസണിൽ മത്സരത്തിനിടെ അംപയർ വൈഡ് വിളിച്ചത് ചോദ്യം ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണിയുടെ നടപടി ഏറെ വിവാദമായിരുന്നു. ചെന്നൈ സൂപ്പർ കിങ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു വൈഡ് അനുവദിച്ച അംപയർ പോൾ റീഫലിന്റെ നടപടിയെ ധോണി ചോദ്യം ചെയ്തത്. ഇതോടെ അംപയർ വൈഡ‍് പിൻവലിക്കുകയായിരുന്നു. വൈ‍ഡ് അനുവദിക്കാൻ ഒരുങ്ങവെ ധോണിയുടെ പ്രതികരണം കണ്ട് അംപയർ പകുതി ഉയർത്തിയ കൈ പിൻവലിക്കുകയായിരുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിൽ ‘സമാധാന പ്രിയനാണ്’ ധോണിയെന്നാണു പൊതുവെ പറയാറുള്ളത്. എന്നാൽ ക്രിക്കറ്റ് മത്സരത്തിനിടെ ധോണി അംപയറോട് തർക്കിച്ച സംഭവങ്ങൾ ഏറെയാണ്.

2020 ഐപിഎൽ, ചെന്നൈ സൂപ്പർ കിങ്സ്– രാജസ്ഥാന്‍ റോയൽസ്

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്യുകയായിരുന്നു രാജസ്ഥാൻ റോയൽസ്. 18–ാം ഓവറിൽ രാജസ്ഥാൻ താരം ടോം കറന്റെ ക്യാച്ച് ധോണി എടുത്തു. ഇതിന് അംപയർ ഔട്ടും നല്‍കി. എന്നാൽ റിപ്ലേയിൽ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്നു വ്യക്തമായി. എന്നാൽ ധോണി ക്യാച്ചെടുക്കുന്നതിനും മുൻപ് പന്ത് ഗ്രൗണ്ടിൽ തട്ടിയിരുന്നതായി ഓൺ ഫീൽഡ് ക്യാമറയിലും തെളിഞ്ഞു. ഇതോടെ ഫീൽഡ് അംപയര്‍ ടിവി അംപയറോടു സഹായം ചോദിച്ചു. കറൻ ഔട്ടല്ലെന്ന് ടിവി അംപയർ വിധിച്ചു. ഇതോടെ ധോണി ഫീൽഡ് അംപയറോടു തർക്കിച്ചു. രാജസ്ഥാന് റിവ്യു ബാക്കിയില്ലാത്തതിനാൽ എന്തുകൊണ്ടാണ് ടിവി അംപയറെ സമീപിച്ചത് എന്നായിരുന്നു ധോണിയുടെ ചോദ്യം.

2019 ഐപിഎൽ, ചെന്നൈ സൂപ്പർ കിങ്സ്– രാജസ്ഥാന്‍ റോയൽസ്

ഈ മത്സരത്തിൽ ചെന്നൈ, രാജസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം പിന്തുടരുകയായിരുന്നു. അവസാന മൂന്ന് പന്തുകളിൽ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത് എട്ട് റൺസ്. രാജസ്ഥാൻ ബോളർ ബെൻ സ്റ്റോക്സ് ചെന്നൈ ബാറ്റ്സ്മാന്‍ മിച്ചൽ സാന്റ്നർക്കെതിരെ ഫുള്‍ ടോസ് ബോളാണ് എറിഞ്ഞത്. ഓൺഫീൽഡ് ലെഗ് അംപയറായിരുന്ന ബ്രൂസ് ഓക്സൻഫോഡ് നോബോൾ വിളിക്കുമെന്നായിരുന്നു ചെന്നൈയുടെ പ്രതീക്ഷ, എന്നാൽ അതുണ്ടായില്ല. ഇതോടെ ധോണി ഗ്രൗണ്ടിലിറങ്ങി അംപയറോടു തര്‍ക്കിച്ചു.

2015 ഇന്ത്യ– ദക്ഷിണാഫ്രിക്ക ഏകദിനം, ഇൻഡോർ

അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2–1ന് പിന്നിൽ നിൽക്കുകയായിരുന്നു. നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണെന്ന സ്ഥിതി. മത്സരത്തിന് മുൻപ് തന്നെ ഇന്ത്യ അംപയർ വിനീത് കുൽക്കർണിക്കെതിരെ പരാതി നൽകിയിരുന്നു. മത്സരത്തിൽ ഹർഭജൻ സിങ്ങിന്റെ പന്തിൽ ദക്ഷിണാഫ്രിക്കൻ താരം ഫർഹാൻ ബെഹാർദിയനെ ധോണി ക്യാച്ചെടുത്തു. ഹർഭജൻ ചെറിയ തോതിലാണ് അപ്പീൽ ചെയ്തത്. എന്നാല്‍ ധോണി ശക്തമായി അപ്പീല്‍ ചെയ്തു, ഔട്ടിനായി വാദിച്ചു. ഇതോടെ കുൽക്കർണി ഔട്ട് അനുവദിച്ചു. തനിക്കെതിരായ പരാതി ഭയന്നാണ് കുൽക്കര്‍ണി ഔട്ട് നൽകിയതെന്നു പിന്നീടു വിമര്‍ശനങ്ങളുണ്ടായി.

2013 ഇന്ത്യ– ഓസ്ട്രേലിയ ഏകദിനം

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം. മൂന്നാം ഏകദിനത്തിൽ ആർ. അശ്വിൻ എറിഞ്ഞ ഒരു പന്ത് അംപയർ വൈഡ് വിളിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ 41–ാം ഓവറായിരുന്നു ഇത്. എന്നാൽ അംപയറുടെ തീരുമാനത്തിൽ ധോണി തൃപ്തനായിരുന്നില്ല. ധോണി പ്രതികരിച്ചതോടെ അംപയർ തീരുമാനം മാറ്റി.

2012 ഇന്ത്യ– ഓസ്ട്രേലിയ ഏകദിനം, സിബി സീരീസ്

ഓസ്ട്രേലിയൻ താരം മിച്ചൽ ഹസ്സിക്കെതിരെ പന്തെറിയുന്നതു സുരേഷ് റെയ്ന. ഹസ്സിക്കെതിരായ സ്റ്റംപിങ്ങിൽ ധോണി അപ്പീല്‍ ചെയ്തു. തേർഡ് അംപയറുടെ സഹായത്തോടെ ഹസി ഔട്ടാണെന്നു വിധിച്ചു. എന്നാൽ ധോണി സ്റ്റംപ് ചെയ്യുമ്പോഴേക്കും ഹസി ക്രീസിൽ എത്തിയിരുന്നു. പിഴവ് മനസ്സിലാക്കിയ ഫീൽഡ് അംപയർ ബില്ലി ബൗ‍ഡന്‍ ഹസിയെ തിരിച്ചുവിളിച്ചു. ഇതോടെ നിരാശനായ ധോണി ബൗഡനോടു തർക്കിച്ചു.

English Summary: Five Times MS Dhoni Argued With On-field Umpires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com