sections
MORE

ഇന്ത്യയും പാക്കിസ്ഥാനും കളിച്ചാൽ ഗാലറി നിറയും; അറബ് ഐഡിയ, റണ്ണൊഴുകും ഷാര്‍ജ സ്റ്റേഡ‍ിയം

Sharjah-Cricket-Stadium
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം
SHARE

മരുഭൂമിയിൽ പുൽത്തകിടി വച്ചുപിടിപ്പിച്ച് ക്രിക്കറ്റ് കളിക്കാമെന്ന ലോകത്തെ ആദ്യമറിയിച്ചത് ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയമാണ്. ഗൾഫിലെ ക്രിക്കറ്റിന്റെ കച്ചവടസാധ്യത ലോകത്തെ അറിയിച്ചത് ഷെയ്‌ക്ക് അബ്‌ദുൽ റഹ്‌മാൻ ബുഖാതിർ എന്ന അറബ് വ്യവസായിയും. 1983ലെ ഇന്ത്യയുടെ പ്രൂഡൻഷ്യൽ കപ്പ് വിജയമാണ് ഷാർജ ക്രിക്കറ്റിന്റെ വളർച്ചയ്‌ക്ക് വിത്തുപാകിയത്. സ്‌പോർട്‌സിന് ഏറെ വേരോട്ടമില്ലാതിരുന്ന ഗൾഫിൽ ഒരു വിഡ്‌ഢിത്തമായി മാത്രമേ ആ ശ്രമത്തെ കായികലോകം ആദ്യം കണ്ടുളളൂ. 1984 ഏപ്രിൽ ആറിനായിരുന്നു മരൂഭൂമിയിലെ ക്രിക്കറ്റിന് തുടക്കമായത്. ആദ്യ ഏഷ്യാ കപ്പിനാണ് ഷാർജ അന്ന് ആദ്യമായി അണിഞ്ഞൊരുങ്ങിയത്. ഒരു നിഷ്‌പക്ഷ രാജ്യം ആദ്യമായി ഏകദിനക്രിക്കറ്റിന് വേദിയൊരുക്കിയതും അന്നായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു ഗൾഫ് രാഷ്‌ട്രം രാജ്യാന്തരക്രിക്കറ്റിന് വേദിയൊരുക്കിയ നിമിഷംകൂടിയായിരുന്നു അത്.

ഷാർജയിലെ ആദ്യ രാജ്യാന്തര ഏകദിനം നടന്നത് 1984ലാണെങ്കിലും മരുഭൂമിയിലെ ക്രിക്കറ്റ് സ്വപ്‌നങ്ങൾക്ക് നിറം പകർന്നത് 1981ലാണ്. 1980ൽ സ്‌റ്റേഡിയത്തിന്റെ പണി പൂർത്തിയായി. ഷാർജയിൽ നടന്ന ഗാവസ്‌കർ ഇലവനും മിയാൻദാദ് ഇലവനും തമ്മിലുളള ബെനിഫിറ്റ് മത്സരം വൻ വിജയമായത് ബുഖാതിറിന് ആത്മവിശ്വാസം പകർന്നു. പിന്നീട് രാജ്യാന്തര മത്സരങ്ങൾ ഷാർജയിൽ ഒരുക്കിയാലോ എന്ന ചിന്തയിലായി ബുഖാതിർ. അങ്ങനെ ആദ്യ ഏഷ്യാ കപ്പിനുളള വേദിക്കായി ഷാർജ ശ്രമമാരംഭിച്ചു. ഇന്ത്യയും പാക്കിസ്‌ഥാനും ശ്രീലങ്കയും മാറ്റുരച്ചു. 1984 ഏപ്രിൽ 6. ആദ്യ മത്സരത്തിന് ഗ്രൗണ്ടിലിറങ്ങാനുളള ഭാഗ്യം ശ്രീലങ്കയും പാക്കിസ്‌ഥാനുമായി. പാക്കിസ്‌ഥാനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക ഷാർജയിൽ ആദ്യ വിജയമൊരുക്കി. 

എന്നാൽ ടൂർണമെൻറിൽ ജേതാക്കളായി ഇന്ത്യ മരുഭൂമിയിൽ ചരിത്രം കുറിച്ചു. റോത്‌മാൻസ് ഏഷ്യാ കപ്പ് ഇന്ത്യയ്‌ക്കുവേണ്ടി നായകൻ സുനിൽ ഗാവസ്‌കർ ഏറ്റുവാങ്ങി. ആദ്യ ടൂർണമെന്റ് വൻവിജയമായി. ക്രിക്കറ്റ് ലോകം അറബിയുടെ നിശ്‌ചയദാർഢ്യത്തിനുമുന്നിൽ തലകുനിച്ചു. ഷാർജയെന്നാൽ ഷോപ്പിങ് മാത്രമല്ല, ക്രിക്കറ്റുകൂടിയാണ് എന്ന് ബുഖാതിർ തെളിയിച്ചു. ഷാർജയിൽ ഇന്ത്യയും പാക്കിസ്‌ഥാനും നിറഞ്ഞുനിന്നു. സുനിൽ ഗാവസ്കറും കപിൽദേവും ഇമ്രാൻ ഖാനും പിന്നീട് വസീം അക്രമും വഖാർ യൂനിസും സച്ചിൻ തെൻഡുൽക്കറുമൊക്കെ ഗൾഫ് കീഴടക്കി. ഷാർജയിലെ ക്രിക്കറ്റ് ഇന്ന് വിസ്‌മൃതിയിൽ ആയെങ്കിലും ലോക ക്രിക്കറ്റിന്റെ ആസ്‌ഥാനമായി ഗൾഫ് വളർന്നു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ആസ്‌ഥാനം ഇന്ന് ദുബായ് ആണ്.

മരുഭൂമിയിലെ ക്രിക്കറ്റ് ടൂർണമെന്റുകൾ ഇന്ത്യയിൽ എക്കാലവും ആവേശത്തിന്റെ അലകളുയർത്തിയിരുന്നു. എന്നാൽ, 1990കളുടെ ഒടുക്കം വാതുവെയ്‌പ് ക്രിക്കറ്റിന്റെ ശാപമായതോടെ ഷാർജ ക്രിക്കറ്റിനും അത് ചരമക്കുറിപ്പെഴുതി. ക്രിക്കറ്റിനൊപ്പം വാതുവയ്‌പിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായി ഷാർജ വളർന്നതോടെ ഗൾഫിലെ ക്രിക്കറ്റും ഓർമയായി. അധോലോക നായകന്മാരുടെ നേതൃത്വത്തിൽ വാതുവയ്‌പും ഒത്തുകളിയും പൊടിപൊടിച്ചപ്പോൾ ഷാർജപോലുള്ള വേദികളിൽ ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യൻ സർക്കാർ വിലക്കി. ഷാർജ, ടൊറൻറോ എന്നീ ന്യൂട്രൽ വേദികളിൽ മൂന്നു വർഷത്തേക്ക് ഇന്ത്യൻ ടീം കളിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ 2001 ഏപ്രിലിൽ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ ഇന്ത്യ ഷാർജയിലെ കളിയും അവസാനിപ്പിച്ചു. ഇന്ത്യയ്‌ക്കും പാക്കിസ്‌ഥാനുമല്ലാതെ മറ്റൊരു ടീമിനും ഷാർജ സ്‌റ്റേഡിയത്തിലെ ഗാലറികൾ നിറയ്‌ക്കാൻ സാധിക്കില്ലെന്നു സംഘാടകർ തിരിച്ചറിഞ്ഞു.

ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു പകരമായി അബുദാബിയിലെ ഷെയ്‌ക്ക് സെയ്‌ദ് സ്‌റ്റേഡിയം 2006ൽ രാജ്യാന്തരമത്സരങ്ങൾക്ക് വേദിയൊരുക്കി. പക്ഷേ  ഷാർജയുടെ തിളക്കം അവിടെയുണ്ടായില്ല. 13 ടെസ്റ്റുകളും 45 വീതം ഏകദിന, രാജ്യാന്തര ട്വന്റി20 മത്സരങ്ങളും ഇവിടെനടന്നു. 2009ൽ ദുബായ് രാജ്യാന്തര സ്റ്റേഡിയം ആദ്യ ഏകദിനത്തിന് വേദിയൊരുക്കി. അവിടെ 13 ടെസ്റ്റുകളും 34 ഏകദിനങ്ങളും 62 ട്വന്റി 20 മത്സരങ്ങളും നടന്നു.  ഇതിനിടെ 2013 മുതൽ യുഎഇയിൽ മറ്റൊരു സ്റ്റേഡിയവും ക്രിക്കറ്റിനെ വരവേറ്റു: ദുബായ് ഐസിസി ഗ്ലോബൽ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയം. ഇവിടെ ഇതുവരെ 26 ഏകദിന മത്സരങ്ങൾ നടന്നുകഴിഞ്ഞു, 30 ട്വന്റി20 രാജ്യാന്തര മത്സരങ്ങളും. ഇതിനിടയിൽ ബുഖാതിർ മൊറോക്കോയിലെ താൻജിറിലേക്ക് ക്രിക്കറ്റിനെ പറിച്ചുനട്ടെങ്കിലും വിജയിച്ചില്ല. ആഫ്രിക്കൻ മണ്ണിൽ ബുഖാതിറിന്റെ ക്രിക്കറ്റിന് വേണ്ടത്ര വേരോട്ടം ലഭിച്ചില്ല. 

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ നടന്ന വേദി എന്ന ബഹുമതി ഇന്ന് ഷാർജയ്‌ക്ക് അവകാശപ്പെട്ടതാണ്. നാളിതുവരെ 240 ഏകദിന മത്സരങ്ങൾക്ക് ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷിയായി. ഇതുകൂടാതെ ടെസ്‌റ്റ് ക്രിക്കറ്റിനുള്ള നിഷ്‌പക്ഷ വേദിയായും ഷാർജ പ്രവർത്തിച്ചു (9 ടെസ്റ്റുകൾ). ടെസ്‌റ്റ് പദവിയില്ലാത്ത ഒരു രാജ്യം ടെസ്‌റ്റ് മത്സരത്തിന് വേദിയായതും ചരിത്രത്തിലാദ്യം (2002ൽ). അന്ന് പാക്കിസ്‌ഥാനും വെസ്‌റ്റ് ഇൻഡീസുമാണ് ഇവിടെ ടെസ്‌റ്റ് കളിച്ചത്.

English Summary: Sharjah Cricket Stadium

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA