ADVERTISEMENT

ഷാർജ ∙ നാലു വർഷം മുൻപ് ധോണി തന്നോട് ചെയ്തതിന് അക്സർ പട്ടേലിന്റെ മധുരപ്രതികാരം. അനിവാര്യമായ ജയം തേടിയിറങ്ങിയ ധോണിയുടെ ടീമിനെ നിഷ്കരുണം തകർത്താണ് അക്സർ പട്ടേൽ പ്രതികാരം ചെയ്തത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ അവസാന ഓവറിൽ മൂന്നു കൂറ്റൻ സിക്സറുകൾ പറത്തി അക്സർ പട്ടേൽ ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലെത്തിച്ചപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ഓർമകൾ സഞ്ചരിച്ചത് 2016 മേയ് 21 ലെ ആ രാവിലേക്കാണ്.

അന്ന് അക്സർ പട്ടേൽ കിങ്സ് ഇലവൻ പ‍‌‍ഞ്ചാബ് ജഴ്സിയിലായിരുന്നു. ധോണിയാകട്ടെ റൈസിങ് പൂണെ സൂപ്പർജയന്റ് ക്യാപ്റ്റൻ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പ‍‍ഞ്ചാബ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറുകൾ പൂർത്തിയായപ്പോൾ പൂണെ 6 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എന്ന നിലയിൽ. അവസാന ഓവറിൽ പൂണെയ്ക്കു ജയിക്കാൻ വേണ്ടത് 23 റൺസ്. ക്രീസിൽ ധോണിയും ആർ. അശ്വിനും. ബോൾ ചെയ്യാനെത്തിയത് അക്സർ പട്ടേൽ.

ആദ്യ പന്തിൽ ധോണിയ്ക്ക് റണ്ണെടുക്കാനായില്ല. രണ്ടാം പന്ത് ലെഗ് സൈഡിൽ വൈഡ്. അടുത്ത പന്ത് മിഡ് വിക്കറ്റിനു മുകളിലൂടെ ധോണിയുടെ സിക്സർ. മൂന്നാം പന്തിലും ധോണിയ്ക്കു റണ്ണെടുക്കാനായില്ല. നാലാം പന്തിൽ ലോങ് ഓഫിലൂടെ ധോണിയുടെ ഫോർ. ഈ ഫോറിലൂടെ ധോണി അർധശതകം തികച്ചു. പൂണെയ്ക്കു ജയിക്കാൻ വേണ്ടത് രണ്ടു പന്തിൽ 12 റൺസ്. അഞ്ചാം പന്ത് മിഡ് വിക്കറ്റിനു മുകളിലൂടെ അതിർത്തി കടന്നു. അവസാന പന്തിൽ ധോണിയുടെ വക ഹെലികോപ്റ്റർ ഷോട്ട്. മിഡ് വിക്കറ്റിനു മുകളിലൂടെ പന്ത് വീണ്ടും അതിർത്തി കടന്നതോടെ പൂണെയ്ക്കു 4 വിക്കറ്റ് ജയം. അന്നത്തെ തോൽവിക്ക് സമാനരീതിയിൽ കടന്നാക്രമണം നടത്തിയാണ് ധോണിപ്പടയെ അക്സർ ശനിയാഴ്ച തകർത്തത്. 

അവസാന ഓവറിൽ ഡൽഹിയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസ്. ആദ്യ പന്ത് വൈഡ്. അടുത്ത പന്തിൽ ശിഖർ ധവാൻ ഒരു റണ്ണെടുത്തു. തുടർന്നുള്ള പന്തിൽ മിഡ് വിക്കറ്റിനു മുകളിലൂടെ അക്സർ പട്ടേലിന്റെ വക എണ്ണം പറഞ്ഞ സിക്സ്. അടുത്തത് ലോങ് ഓഫിനു മുകളിലൂടെ അതിർത്തി കടന്നു. പിന്നാലെ രണ്ട് നേടിയ അക്സർ പട്ടേൽ അ‍‍‍ഞ്ചാം പന്തിൽ ലോങ് ഓണിനു മുകളിലൂടെയാണ് സിക്സർ പറത്തിയത്. ഇതോടെ ചെന്നൈയ്ക്കെതിരെ ഡൽഹിയ്ക്ക് 5 വിക്കറ്റ് ജയം. അവസാന ഓവറിൽ ഡൽഹി അടിച്ചുകൂട്ടിയ 22 റൺസിൽ 20 റൺസും അക്സർ പട്ടേലിന്റെ വകയായിരുന്നു. 

English Summary: Indian Premier League 2020 34th match Delhi Capitals vs Chennai Super Kings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com