ADVERTISEMENT

അബുദാബി∙ ഹൈദരാബാദിനെതിരെ സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് വിജയം. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ മൂന്ന് റൺസ് കൊൽക്കത്ത നാലു പന്തുകളിൽ മറികടന്നു. നിശ്ചിത ഓവറിൽ കൊല്‍ക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസും ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസും നേടി. തുടർന്നാണു മത്സരം സൂപ്പര്‍ ഓവറിലേക്കു നീങ്ങിയത്.

കൊൽക്കത്ത അഞ്ചിന് 163

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. കൊൽക്കത്തയ്ക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആന്ദ്രെ റസ്സൽ ഒഴികെയുള്ള എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു. ശുഭ്മാൻ ഗിൽ (36), രാഹുല്‍ ത്രിപാഠി (23), നിതീഷ് റാണ (29), ഒയിൻ മോർഗൻ (34), ദിനേഷ് കാർത്തിക്ക് (29) എന്നിങ്ങനെയാണു കൊൽക്കത്ത താരങ്ങളുടെ സ്കോറുകൾ. ഗംഭീര തുടക്കമാണ് ഓപ്പണർമാരായ രാഹുൽ ത്രിപാഠിയും ശുഭ്മാൻ ഗില്ലും കൊൽക്കത്തയ്ക്കു നല്‍കിയത്. ഇരുവരും ചേർന്ന് ഓപ്പണിങ്ങില്‍ 48 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുയർത്തി. 16 പന്തിൽ 23 റണ്‍സെടുത്താണ് ത്രിപാഠി പുറത്തായത്. ടി. നടരാജന്റെ പന്തിൽ താരം ബൗൾഡാകുകയായിരുന്നു.

gill
ഹൈദരാബാദിനെതിരായ മത്സരത്തിൽ ശുഭ്മാൻ ഗിൽ

ശുഭ്മാൻ ഗിൽ കൊൽക്കത്തയ്ക്കായി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. 37 പന്തുകൾ നേരിട്ട താരം 36 റൺസെടുത്തു. അഞ്ച് ഫോറുകളാണു താരം നേടിയത്. റാഷിദ് ഖാന്റെ പന്തിൽ പ്രിയം ഗാർഗിന് ക്യാച്ച് നൽകി ഗിൽ മടങ്ങുമ്പോൾ കൊൽക്കത്ത സ്കോർ 87. നിതീഷ് റാണ 20 പന്തിൽ 29 റണ്‍സെടുത്തു. വിജയ് ശങ്കറാണ് റാണയെ പുറത്താക്കിയത്. വിൻഡീസ് താരം ആന്ദ്രെ റസ്സലിന് ഹൈദരാബാദിനെതിരെയും തിളങ്ങാൻ സാധിച്ചില്ല. 11 പന്തിൽ ഒൻപതു റൺസ് മാത്രമാണു താരം നേടിയത്. റസ്സലിനെ മടക്കി ടി. നടരാജൻ വിക്കറ്റ് നേട്ടം രണ്ടാക്കി. ക്യാപ്റ്റന്‍ ഒയിൻ മോർഗനും മുൻ ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയതോടെ കൊൽക്കത്ത സ്കോർ 160 പിന്നിട്ടു. 20–ാം ഓവറിലെ അവസാന പന്തിൽ ഒയിൻ മോർഗനെ പുറത്താക്കി ബേസിൽ തമ്പി സീസണിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. നാലോവറിൽ 46 റൺസാണു തമ്പി വിട്ടുകൊടുത്തത്. ടി. നടരാജൻ രണ്ടു വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കർ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

പോരാടി, ഒപ്പമെത്തി വാർണർ, ഹൈദരാബാദ്

മറുപടി ബാറ്റിങ്ങിൽ ജോണി ബെയർസ്റ്റോ– കെയ്ൻ വില്യംസണ്‍ സഖ്യത്തെയാണ് ഹൈദരാബാദ് ഓപ്പണിങ്ങിൽ പരീക്ഷിച്ചത്. ക്യാപ്റ്റൻ ഡേവിഡ് വാർണർ നാലാമനായി. പരീക്ഷണം ശരിവച്ച് ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായി. ഒന്നാം വിക്കറ്റിൽ ഹൈദരാബാദ് കൂട്ടിച്ചേർത്തത് 58 റൺസ്. 19 പന്തിൽ 29 റണ്‍സെടുത്ത കെയ്ന്‍ വില്യംസണാണ് ആദ്യം പുറത്തായത്. ന്യൂസീലൻഡുകാരൻ ലോക്കി ഫെർഗൂസന്റെ പന്തിൽ നിതീഷ് റാണയ്ക്കു ക്യാച്ചു നൽകി വില്യംസൺ മടങ്ങി. സ്കോർ 70 ൽ നിൽക്കെ ഹൈദരാബാദിന്റെ രണ്ടാം വിക്കറ്റ് വീണു. നാലു റണ്‍സ് മാത്രമെടുത്ത പ്രിയം ഗാർഗ് ഫെർഗൂസന്റെ പന്തിൽ ബൗള്‍ഡ്. ജോണി ബെയർസ്റ്റോയെ (28 പന്തിൽ 36) ആന്ദ്രെ റസ്സലിന്റെ കൈകളിലെത്തിച്ച് വരുൺ ചക്രവർത്തി ഹൈദരാബാദിന്റെ മൂന്നാം വിക്കറ്റും വീഴ്ത്തി. 

bairstaw-chkravarthy
ഹൈദരാബാദ് താരം ജോണി ബെയർസ്റ്റോയെ പുറത്താക്കിയ വരുൺ ചക്രവർത്തിയുടെ ആഹ്ലാദം.

മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയ്ക്കു നിലയുറപ്പിക്കാൻ സാധിക്കാതെ പോയത് ഹൈദരാബാദിനു തിരിച്ചടിയായി. മനീഷ് പാണ്ഡെയെ മടക്കി ഫെർഗൂസൻ വിക്കറ്റ് നേട്ടം മൂന്നാക്കി. വിജയ് ശങ്കറും താളം കണ്ടെത്താനാകാതെ പുറത്തായി. തുടർന്ന് സ്കോർ ഉയർത്തേണ്ട ചുമതല ക്യാപ്റ്റൻ ഡേവിഡ് വാർണറും കശ്മീര്‍ യുവതാരം അബ്ദുൽ സമദും ഏറ്റെടുത്തു. ഡേവിഡ് വാർണർ ഐപിഎല്ലിൽ 5000 റണ്‍സ് എന്ന നേട്ടവും ഈ മത്സരത്തിൽ പിന്നിട്ടു. 19–ാം ഓവറിലെ അവസാന പന്തിൽ സിക്സിന് ശ്രമിച്ച അബ്ദുൽ സമദിനെ ബൗണ്ടറി ലൈനിന് സമീപത്തുവച്ച് ലോക്കി ഫെർഗൂസൻ പിടിച്ചെടുത്തു, ഫെര്‍ഗൂസൻ എറിഞ്ഞ പന്ത് ശിവം മാവി അനായാസം കൈകളിലൊതുക്കി. 14 പന്തുകളിൽനിന്ന് 23 റൺസുമായാണു താരം മടങ്ങിയത്. അവസാന ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നത് 18 റൺസ്. റസ്സലിന്റെ ഓവറിൽ മൂന്ന് ബൗണ്ടറികൾ അടിച്ചെടുത്ത് വാർണർ സ്കോർ കൊൽക്കത്തയ്ക്കൊപ്പമെത്തിച്ചു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടു.

സൂപ്പറായി കൊൽക്കത്ത, വിജയം

സൂപ്പർ ഓവറിൽ ഹൈദരാബാദിനായി ക്യാപ്റ്റൻ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ഇറങ്ങി. പന്തെറിയാനെത്തിയത് ലോക്കി ഫെർഗൂസൻ. ആദ്യ പന്തിൽതന്നെ വാർണർ ബൗള്‍ഡായി. മൂന്നാം പന്തിൽ അബ്ദുൽ സമദും ബൗൾഡ്. സമദ് നേടിയ രണ്ട് റൺസാണ് സൂപ്പർ ഓവറിൽ ഹൈദരാബാദിന്റെ ആകെയുള്ള സമ്പാദ്യം. ജയിക്കാൻ വേണ്ടത് മൂന്ന് റൺസ്. സീസണിലെ ഏറ്റവും ചെറിയ സൂപ്പർ ഓവർ വിജയലക്ഷ്യമാണിത്. ഡൽഹിക്കെതിരായ മത്സരത്തിലെ സൂപ്പർ ഓവറിൽ പഞ്ചാബും രണ്ട് റണ്‍സിന് പുറത്തായിരുന്നു. മറുപടിയിൽ കൊൽക്കത്തയ്ക്കായി ബാറ്റു ചെയ്യാൻ ഇറങ്ങിയത് ഒയിൻ മോര്‍ഗനും ദിനേഷ് കാർത്തിക്കും. പന്തെറിഞ്ഞത് റാഷിദ് ഖാൻ. വിക്കറ്റൊന്നും പോകാതെ നാലാം പന്തിൽ കൊല്‍ക്കത്ത വിജയറൺസ് കുറിച്ചു. സീസണിൽ കൊൽക്കത്തയുടെ അഞ്ചാം വിജയമാണിത്. നാലു മത്സരങ്ങൾ തോറ്റ അവർ പത്തുപോയിന്റുമായി നാലാം സ്ഥാനത്താണ്. ആറാം തോൽവി വഴങ്ങിയ സൺറൈസേഴ്സ് പട്ടികയിൽ അഞ്ചാമതുണ്ട്.

English Summary: IPL, SRH VS KKR Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com