ADVERTISEMENT

ദുബായ്∙ 2020 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഏറ്റവും കൂടുതൽ വിശ്വാസമർപ്പിക്കുന്ന ബാറ്റ്സ്മാനാണു സഞ്ജു സാംസൺ. യുഎഇയിൽ ആദ്യ രണ്ടു മത്സരങ്ങളിലെ അർധ സെഞ്ചുറി പ്രകടനങ്ങളോടെ സഞ്ജു ഇതു തെളിയിക്കുകയും ചെയ്തു. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന് എന്താണു സംഭവിച്ചത്? തുടർച്ചയായ ബാറ്റിങ് പരാജയങ്ങൾ, അവസാന എട്ടു മത്സരങ്ങളിൽ രണ്ടക്കം കടന്നത് രണ്ടു തവണ മാത്രം. ഈ മത്സരങ്ങളിലെ ഉയർന്ന സ്കോർ 26.

രണ്ടു വട്ടം പൂജ്യത്തിന് പുറത്തായി. അതെ സഞ്ജുവിന്റെ കരിയറിലെ ‘സ്ഥിരം’ വില്ലൻ സ്ഥിരതയില്ലായ്മ തന്നെയാണ് ഇക്കുറിയും വെല്ലുവിളിയാകുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായി തിങ്കളാഴ്ച നടന്ന സീസണിലെ രണ്ടാം മത്സരത്തിലും സഞ്ജുവിന്റെ അവസ്ഥ വേറൊന്നായിരുന്നില്ല. മൂന്ന് പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണു മടങ്ങിയത്. സഞ്ജുവിൽനിന്നും വീണ്ടുമൊരു ഗംഭീര പ്രകടനം ആഗ്രഹിച്ച് കാത്തിരുന്ന ആരാധകർക്കും നിരാശ.

ദീപക് ചാഹർ എറിഞ്ഞ പന്തിൽ എം.എസ്. ധോണി ക്യാച്ചെടുത്താണു മലയാളി താരത്തെ പുറത്താക്കിയത്. ഇതേ മത്സരത്തിൽ ധോണിയെ റണ്ണൗട്ടാക്കിയത് സഞ്ജുവായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. രണ്ട് അര്‍ധസെഞ്ചുറികളോടെ സീസൺ തുടങ്ങിയ സഞ്ജുവിനെ ക്രിക്കറ്റ് ഇതിഹാസങ്ങളും ആരാധകരും വാനോളം പുകഴ്ത്തി. എന്നാൽ അന്നത്തെ പ്രകടനത്തിന്റെ നിഴല്‍ പോലുമാകാൻ ഇപ്പോൾ യുവതാരത്തിനു സാധിക്കാത്ത അവസ്ഥയാണ്. അവസാന അർധസെഞ്ചുറിക്കു ശേഷം തുടർച്ചയായി എട്ടു മത്സരങ്ങളിലാണു ബാറ്റിങ്ങിൽ താരം തിളങ്ങാതെ പോയത്. രണ്ടെണ്ണത്തിൽ രണ്ടക്കം കടക്കാനായതു തന്നെ ആശ്വാസമാണ്.

0(3), 9 (6), 25(18), 26 (25), 5(9), 0(3), 4(3), 8(9) എന്നിങ്ങനെയാണു തുടർന്നുള്ള മത്സരങ്ങളിൽ താരത്തിന്റെ ബാറ്റിങ് പ്രകടനങ്ങൾ. സഞ്ജുവിന്റെ മോശം പ്രകടനങ്ങൾ രാജസ്ഥാൻ റോയൽസിനെയും ബാധിച്ചു തുടങ്ങി. ടീം തുടർച്ചയായി തോറ്റു, പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി. ഐപിഎൽ സീസണിൽ ടീമിന് ഇനിയൊരു തിരിച്ചുവരവുണ്ടോയെന്നതു പോലും ഉറപ്പിക്കാനാകാത്ത സ്ഥിതിയാണ്. എങ്കിലും ഇന്നലത്തെ മത്സരത്തിൽ ജോസ് ബട്‍ലറിന്റെ അർധസെഞ്ചുറിക്കരുത്തിൽ രാജസ്ഥാൻ ചെന്നൈയെ ഏഴു വിക്കറ്റിനു തോൽപിച്ചു. അസ്ഥിരത ഐപിഎല്ലിൽ മലയാളി താരത്തിന്റെ ശൈലിയായി മാറിയെന്നാണു വിമർശകർ പറയുന്നത്.

ഒക്ടോബർ 17ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ രാജസ്ഥാന്റെ മത്സരം തന്നെ ഉദാഹരണമായെടുക്കാം. ബെൻ സ്റ്റോക്സ് പുറത്തായതിനു പിന്നാലെയാണ് സഞ്ജു ക്രീസിലെത്തുന്നത്. പവർപ്ലേയിൽ രാജസ്ഥാന് മികച്ച റൺസ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പന്തെറിയാൻ യു‍സ്‍വേന്ദ്ര ചെഹൽ എത്തിയതോടെ കളിയുടെ ഗതി തന്നെ മാറി. സിംഗിളുകളിൽ നേടി നിലയുറപ്പിക്കാൻ സഞ്ജുവിന് സമയമുണ്ടായിരുന്നു. ചെഹലിനെ 94 മീറ്റർ സിക്സ് പറത്തിയാണു സഞ്ജു സ്വാഗതം ചെയ്തത്. എന്നാൽ സഞ്ജുവിന്റെ ദൗർബല്യം മനസ്സിലാക്കി, ചെഹൽ എറിഞ്ഞ പന്തിൽ താരം കുടുങ്ങി. സഞ്ജു ഉയർത്തിയടിച്ച പന്ത് ക്രിസ് മോറിസ് അനായാസം പിടിച്ചെടുത്തു. ബൗണ്ടറികൾക്കു ശ്രമിച്ചു താരം പുറത്താകുന്നത് ഈ സീസണിലെ സ്ഥിരം കാഴ്ചകളിലൊന്നായിക്കഴിഞ്ഞു.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനാണു രാജസ്ഥാൻ തോറ്റുപോയത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 126 എന്ന ചെറിയ വിജയലക്ഷ്യമായിരുന്നു രാജസ്ഥാന് നേടാനുണ്ടായിരുന്നത്. സമയമെടുത്ത് കളി പിടിക്കാൻ സഞ്ജുവിന് മികച്ച അവസരമായിരുന്നു. എന്നാൽ തുടർച്ചയായി രണ്ടു വിക്കറ്റുകൾ നഷ്ടമായ രാജസ്ഥാന് മൂന്നാം പ്രഹരമേകിയായിരുന്നു സഞ്ജുവിന്റെ മടക്കം. തുടർച്ചയായി പരാജയപ്പെട്ടിട്ടും സീസണിൽ താരത്തിന്റെ തിരിച്ചുവരവ് സ്വപ്നം കാണുന്ന രാജസ്ഥാൻ റോയൽസ് ആരാധകർ ഏറെയാണ്. രാജസ്ഥാന്റെ ‘ഭാവിക്കും’ അത് അത്യാവശ്യമാണ്.

ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 32 പന്തുകളിൽനിന്ന് 74 റൺസാണു സഞ്ജു നേടിയത്. അടുത്ത മത്സരത്തിൽ പഞ്ചാബിനെതിരെ 42 പന്തിൽനിന്ന് 85 റൺസ്. ഏഴു സിക്സുകളാണു താരം ഈ മത്സരത്തില്‍ ബൗണ്ടറി കടത്തിവിട്ടത്. ഇനിയുള്ള മത്സരങ്ങളിൽ കൂടി താരം പരാജയപ്പെട്ടാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരം സാന്നിധ്യമാകുകയെന്ന മോഹം സഫലമാകാൻ ഒരുപാടു നാള്‍ ഇനിയും കാത്തിരിക്കേണ്ടിവരും, ഉറപ്പ്.

English Summary: Consistency and Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com