ADVERTISEMENT

ദുബായ് ∙ ‘തോറ്റ’ മൽസരം എങ്ങനെ തിരിച്ചുപിടിക്കാമെന്ന് കിങ്സ് ഇലവൻ പഞ്ചാബിനെ കണ്ട് പഠിക്കണം. ഒരു ഘട്ടത്തിൽ അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഹൈദരാബാദിന്റെ വിക്കറ്റുകൾ തുടർച്ചയായി വീഴ്ത്തി പഞ്ചാബ് സ്വന്തമാക്കിയത് അവിശ്വസനീയ വിജയം. പഞ്ചാബ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19.5 ഓവറിൽ 114 റൺസിന് ഓൾഔട്ടായി. പഞ്ചാബിനു വേണ്ടി അർഷ്ദീപ് സിങ്, ക്രിസ് ജോർദാൻ എന്നിവർ മൂന്നു വിക്കറ്റ് വീതവും മുരുകൻ അശ്വിൻ, രവി ബിഷ്ണോയി, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പഞ്ചാബിന്റെ തുടർച്ചയായ നാലാം ജയമാണിത്. ഈ ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 5 ജയങ്ങളുമായി 10 പോയിന്റോടെ പ‍ഞ്ചാബ് അ‍ഞ്ചാം സ്ഥാനത്തെത്തി.

ജയിക്കാൻ 120 പന്തിൽ 127 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് തുടക്കം മുതലെ ആക്രമിച്ചു കളിച്ചു. ക്യാപ്റ്റൻ ഡേവിഡ് വാർണർ –  ജോണി ബെയർസ്റ്റോ കൂട്ടുകെട്ട് അതിവേഗം സ്കോറുയർത്തി. ആറാം ഓവറിൽ ഹൈദരാബാദ് സ്കോർ 50 കടന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ ഡേവിഡ് വാർണർ (20 പന്തിൽ രണ്ട് സിക്സും മൂന്നു ഫോറുമുൾപ്പെടെ 35 റൺസ്) പുറത്തായി. രവി ബിഷ്ണോയിയുടെ ബോളിങ്ങിൽ വിക്കറ്റിനു പിന്നിൽ കെ.എൽ. രാഹുലിന് ക്യാച്ച്. എട്ടാം ഓവറിൽ ജോണി ബെയർസ്റ്റോയും (20 പന്തിൽ നാലു ഫോർ ഉൾപ്പെടെ 19 റൺസ്) വീണു. മുരുകൻ അശ്വിന്റെ ബോളിങ്ങിൽ ക്ലീൻ ബൗൾഡ്. എട്ട് ഓവർ പിന്നിട്ടപ്പോൾ ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 61 റൺസ്. 

പിന്നാലെ മുഹമ്മദ് ഷമിയുടെ ബോളിങ്ങിൽ ക്രിസ് ജോർദാൻ ക്യാച്ചെടുത്ത് അബ്ദുൽ സമദും (7 റൺസ്) പുറത്തായി. ഇതോടെ, വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസ് എന്ന നിലയിലായിരുന്ന ഹൈദരാബാദ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലായി. മനീഷ് പാണ്ഡെയ്ക്കു കൂട്ടായി എത്തിയത് വിജയ് ശങ്കർ. 10 ഓവർ പിന്നിട്ടപ്പോൾ ഹൈദരാബാദ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 70 റൺസ്. ജയിക്കാൻ വേണ്ടത് 60 പന്തിൽ 57 റൺസ്. തുടർച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടമായതിനെ തുടർന്ന് മനീഷ് പാണ്ഡെയും വിജയ് ശങ്കറും കൂറ്റൻ ഷോട്ടുകൾക്കു മുതിരാതിരുന്നത് ഹൈദരാബാദിന്റെ റൺ റേറ്റിനെ ബാധിച്ചു.

Warner-and-Rahul

17 ാം ഓവറിൽ ഹൈദരാബാദ് സ്കോർ 100 റൺസ് കടന്നു. തൊട്ടടുത്ത പന്തിൽ മനീഷ് പാണ്ഡെ (15 റൺസ്) പുറത്തായി. ക്രിസ് ജോർദാന്റെ പന്തിൽ പകരക്കാരൻ ഫീൽഡർ സുജിത്ത് ക്യാച്ചെടുക്കുകയായിരുന്നു. 17 ഓവർ പൂർത്തിയായപ്പോൾ ഹൈദരാബാദ് 4 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ്. ജയിക്കാൻ 18 പന്തിൽ 20 റൺസ്. അർഷ്ദീപ് സിങ് എറിഞ്ഞ 18 ാം ഓവറിൽ വിജയ് ശങ്കറിനെ (27 പന്തിൽ നാലു ഫോർ ഉൾപ്പെടെ 26 റൺസ്)  രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി. 18 ഓവർ പൂർത്തിയായപ്പോൾ ഹൈദരാബാദിനു ജയിക്കാൻ 12 പന്തിൽ 17 റൺസ് എന്ന നിലയിലായി. ക്രിസ് ജോർദാന്റെ ബോളിങ്ങിൽ കുറ്റനടിക്കു ശ്രമിച്ച ജെയ്സൻ ഹോൾഡർ (5 റൺസ്) മൻദീപ് സിങ്ങിനു ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാനും (പൂജ്യം) ജോർദാനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി.

അവസാന ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നത് 14 റൺസ്. ബോൾ ചെയ്യാൻ എത്തിയത് അർഷ്ദീപ് സിങ്. ആദ്യ പന്തിൽ സന്ദീപ് ശർമ (പൂജ്യം) പുറത്തായി. മൂന്നാം പന്തിൽ പ്രിയം ഗാർഗും (3 റൺസ്) മടങ്ങി. അ‍ഞ്ചാം പന്തിൽ ഖലീൽ അഹമ്മദ് (പൂജ്യം) റണ്ണൗട്ടായി മടങ്ങി. പ‍ഞ്ചാബ് 19.5 ഓവറിൽ 114 റൺസിന് ഓൾഔട്ട്. പ‍ഞ്ചാബിന് ഒരു പന്ത് ബാക്കി നിൽക്കെ 12 റൺസ് ജയം. 

നേരത്തെ, മെല്ലപ്പോക്കും തുടർച്ചയായ വിക്കറ്റ് വീഴ്ചയും തിരിച്ചടിയായതോടെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിങ്സ് ഇലവൻ പഞ്ചാബ് കുറഞ്ഞ സ്കോറിലൊതുങ്ങി. പഞ്ചാബിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് മാത്രമേ നേടാനായുള്ളു. 32 റൺസെടുത്തു പുറത്താവാതെ നിന്ന നിക്കോളാസ് പുരാനാണ് പ‍ഞ്ചാബിന്റെ ടോപ് സ്കോറർ. ഹൈദരാബാദിനു വേണ്ടി റാഷിദ് ഖാൻ, സന്ദീപ് ശർമ, ജെയ്സൻ ഹോൾഡർ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ കെ.എൽ. രാഹുലും, മൻദീപ് സിങ്ങും ശ്രദ്ധയോടെയാണ് തുടങ്ങിയത്. രണ്ടാം ഓവറിൽ രാഹുൽ റണ്ണൗട്ടിൽ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടു. സന്ദീപ് ശർമ എറിഞ്ഞ അ‍ഞ്ചാം ഓവറിലെ അവസാന പന്തിൽ റാഷിദ് ഖാൻ ക്യാച്ചെടുത്ത് മൻദീപ് സിങ് (17 റൺസ്) പുറത്തായി. ഈ വിക്കറ്റോടെ സന്ദീപ് ശർമ ഐപിഎലിൽ 100 വിക്കറ്റ് തികച്ചു. അ‍ഞ്ച് ഓവർ പിന്നിട്ടപ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്.

Rashid-Khan-1

തുടർന്നെത്തിയത് ക്രിസ് ഗെയ്ൽ. ഏഴാം ഓവറിൽ പ‍​ഞ്ചാബ് 50 റൺസ് കടന്നു. രാഹുലും ക്രിസ് ഗെയ്‌ലും വമ്പൻ ഷോട്ടുകൾക്കു ശ്രമിക്കാതിരുന്നതോടെ റൺ റേറ്റ് താഴ്ന്നു. ജെയ്സൻ ഹോൾഡർ എറിഞ്ഞ പത്താം ഓവറിലെ അവസാന പന്തിൽ ഗെയ്ൽ പുറത്തായി. ഗെയ്ൽ (20 റൺസ്) ഉയർത്തിയടിച്ച പന്ത് ഡേവിഡ് വാർണറുടെ കൈകളിലൊതുങ്ങി. 10 ഓവർ പിന്നിട്ടപ്പോൾ പ‍ഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 66 റൺസ്.

പതിനൊന്നാം ഓവറിലെ ആദ്യ പന്തിൽ കെ.എൽ. രാഹുലും (27 റൺസ്) പുറത്തായത് പഞ്ചാബിന് ഇരട്ടപ്രഹരമായി. റാഷിദ് ഖാന്റെ ഗൂഗ്ലി രാഹുലിന്റെ പ്രതിരോധം ഭേദിച്ച് മിഡിൽ സ്റ്റംപ് ഇളക്കി. രണ്ട് വിക്കറ്റുകൾ തുടരെ വീണതോടെ ഒരു വിക്കറ്റ് നഷ്ടത്തിൽ 66 എന്ന നിലയിലായിരുന്ന പഞ്ചാബ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എന്ന നിലയിലായി.

തുടർന്ന് നിക്കോളാസ് പുരാനും ഗ്ലെൻ മാക്സ്‍‌വെലും ഒത്തുചേർന്നു. എന്നാൽ റൺ റേറ്റ് ഉയർത്താൻ ഇരുവരും ബുദ്ധിമുട്ടി. 13 പന്തിൽ 12 റൺസ് മാത്രമെടുത്ത ഗ്ലെൻ മാക്സ്‍‌വെൽ 14 ാം ഓവറിൽ മടങ്ങി. സന്ദീപ് ശർമയുടെ പന്തിൽ ഡേവിഡ് വാർണർ ക്യാച്ചെടുത്താണ് മാക്സ്‍‌വെൽ പുറത്തായത്. പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ്.

റാഷിദ് ഖാൻ എറിഞ്ഞ 15 ാം ഓവറിൽ ജോണി ബെയർസ്റ്റോ സ്റ്റംപ് ചെയ്തി ദീപക് ഹൂഡയെ (പൂജ്യം) മടക്കി. 15 ഓവർ പൂർത്തിയായപ്പോൾ പ‍ഞ്ചാബ് 5 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ്. 17 ാം ഓവറിലാണ് പ‍ഞ്ചാബ് 100 റൺസ് തികച്ചത്. ജെയ്സൻ ഹോൾഡർ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ ഖലീൽ അഹമ്മദ് ക്യാച്ചെടുത്ത് ക്രിസ് ജോർദാൻ (7 റൺസ്) പുറത്തായി. 4 റൺസ് മാത്രമെടുത്ത മുരുകൻ അശ്വിൻ 19 ാം ഓവറിൽ റണ്ണൗട്ടായി. 20 ഓവർ‌ അവസാനിച്ചപ്പോൾ പ‍ഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തിൽ 126 റൺസിലോതുങ്ങി. നിക്കോളാസ് പുരാൻ 28 പന്തിൽ 32 റൺസോടെയും രവി ബിഷ്ണോയി റണ്ണൊന്നുമെടുക്കാതെയും പുറത്താവാതെ നിന്നു.

English Summary: Indian Premier League 2020 43th match Sunrisers Hyderabad vs Kings XI Punjab 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com