ADVERTISEMENT

അബുദാബി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നേടിയ അർധസെഞ്ചുറി, വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് നിതീഷ് റാണ. അർധസെഞ്ചുറി പൂർത്തിയാക്കിയ ഉടനെ ‘സുരീന്ദർ’ എന്നെഴുതിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജഴ്സി ഉയർത്തിക്കാട്ടിയാണ് റാണ അർധസെഞ്ചുറി നേട്ടം ആഘോഷിച്ചത്. ഇതോടെ, ആരാണ് സുരീന്ദറെന്നും എന്തുകൊണ്ടാണ് ഇത്തരമൊരു ആഘോഷമെന്നും തിരക്കി ആരാധകരും രംഗത്തെത്തി.

സംഗതി എന്താണെന്നല്ലേ? കഴിഞ്ഞ ദിവസം അന്തരിച്ച ഭാര്യാപിതാവ് സുരീന്ദർ മാർവയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനാണ്, റാണ അർധസെഞ്ചുറി നേട്ടം ഇത്തരത്തിൽ ആഘോഷിച്ചത്. അർബുദ ബാധിതനായിരുന്ന സുരീന്ദർ, വെള്ളിയാഴ്ചയാണ് അന്തരിച്ചത്. അതിനുശേഷമുള്ള ആദ്യ മത്സരത്തിൽത്തന്നെ തകർപ്പൻ അർധസെഞ്ചുറി കണ്ടെത്തിയ റാണ, അത് ഭാര്യാപിതാവിന് സമർപ്പിച്ചു. സുരീന്ദർ മാർവയുടെ മകൾ സാചി മാർവയെ 2019 ഫെബ്രുവരി 16നാണ് നിതീഷ് റാണ വിവാഹം ചെയ്തത്.

സുരീന്ദർ മാർവയോടുള്ള ആദരസൂചകമായാണ് റാണ അർധസെഞ്ചുറി നേട്ടം ഇത്തരത്തിൽ ആഘോഷിച്ചതെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ട്വീറ്റും ചെയ്തു. ‘ഇന്നലെ അന്തരിച്ച ഭാര്യാപിതാവിന് നിതീഷ് റാണയുടെ ഹൃദ്യമായ അന്ത്യാഞ്ജലി. സുരീന്ദർ മാർവ. ആദരാഞ്ജലികൾ സർ’ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചിത്രം സഹിതം ട്വീറ്റ് ചെയ്തു.

മത്സരത്തിൽ 42 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്ക് നീങ്ങിയ കൊൽക്കത്തയെ, നാലാം വിക്കറ്റിൽ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് റാണയും സുനിൽ നരെയ്നും ചേർന്നാണ് രക്ഷിച്ചത്. നാലാം വിക്കറ്റിൽ വെറും 56 പന്തിൽനിന്ന് ഇവരുടെ സഖ്യം 115 റൺസാണ് കൊൽക്കത്ത സ്കോർ ബോർഡിൽ ചേർത്തത്. 53 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 81 റൺസെടുത്ത റാണ, അവസാന ഓവറിലെ അഞ്ചാം പന്തിലാണ് പുറത്തായത്. കൊൽക്കത്തയുടെ ടോപ് സ്കോററായതും റാണ തന്നെ. ഐപിഎൽ 13–ാം സീസണിൽ റാണയുടെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറിയും ഉയർന്ന സ്കോറുമാണ് ഇത്.

English Summary: Kolkata Knight Riders batsman Nitish Rana flaunt jersey with 'Surinder' written on it after hitting 50 vs Delhi Capitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com