ADVERTISEMENT

അബുദാബി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കണ്ടിരുന്നവരെയെല്ലാം ഒരുപോലെ സ്തബ്ധരാക്കി രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചറിന്റെ ക്യാച്ച്. യുവതാരം കാർത്തിക് ത്യാഗിയുടെ പന്തിൽ മുംബൈയുടെ ഇഷാൻ കിഷനെ പുറത്താക്കാൻ ബൗണ്ടറി ലൈനിനു സമീപം ആർച്ചർ സ്വന്തമാക്കിയ ക്യാച്ചാണ് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചത്. ആർച്ചർ ക്യാച്ചെടുക്കുമ്പോൾ ഫീൽഡിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാജസ്ഥാൻ താരങ്ങളുടെ ഭാവപ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മുംബൈ ഇന്നിങ്സിലെ 11–ാം ഓവറിലായിരുന്നു ആർച്ചറിന്റെ മാസ്മരിക ക്യാച്ചിന്റെ പിറവി. കാർത്തിക് ത്യാഗി എറിഞ്ഞ ഈ ഓവറിലെ നാലാം പന്ത് സിക്സർ പറത്താനുള്ള ഇഷാൻ കിഷന്റെ ശ്രമമാണ് ആർച്ചറിന്റെ കൈകളിൽ അവസാനിച്ചത്. ഓഫ്സൈഡിനു വെളിയിൽ കാർത്തിക് ത്യാഗി എറിഞ്ഞ ഷോർട്ട് ബോളിലേക്ക് ബാറ്റുവീശിയ ഇഷാൻ കിഷന്റെ ശ്രമം പാഴായില്ല. അരികിൽ തട്ടിയുയർന്ന പന്ത് തേഡ്മാനിലേക്ക്. ഉയർന്നുവന്ന പന്തിന് കണക്കാക്കി നിലയുറപ്പിച്ച ആർച്ചറിന്റെ കണക്കുകൂട്ടൽ ചെറുതായി പിഴച്ചു. മുന്നോട്ടു കയറിനിന്ന ആർച്ചറിനെ മറികടന്ന് ബൗണ്ടറി ലൈനിനു കണക്കാക്കി നീങ്ങിയ പന്തിലേക്ക് ആർച്ചർ ഉയർന്നുചാടി. അന്തരീക്ഷത്തിൽ അൽപം പിന്നിലേക്ക് വളഞ്ഞ് ഒറ്റക്കയ്യിൽ അദ്ദേഹം പന്ത് പിടിച്ചെടുത്തു!

സീസണിലെ മികച്ച ക്യാച്ചുകളുടെ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാവുന്ന വിസ്മയ പ്രകടനമെന്ന് നൂറുവട്ടം. ടീമിന്റെ ആവശ്യമനുസരിച്ച് നിർണായക സമയത്ത് വിക്കറ്റുകളും സിക്സറുകളും നേടുന്നത് പതിവാക്കിയ ആർച്ചറിന്റെ വക, ഫീൽഡിങ്ങിലും ഒരു മാസ്മരിക പ്രകടനം.

ആർച്ചർ ക്യാച്ചെടുക്കുമ്പോൾ ഫീൽഡിന്റെ മറ്റൊരറ്റത്ത് വിസ്മയത്തോടെ നോക്കിനിൽക്കുന്ന റിയാൻ പരാഗ് ഉൾപ്പെടെയുള്ളവരുടെ ഭാവപ്രകടനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പന്തെറിഞ്ഞ കാർത്തിക് ത്യാഗി അവിശ്വസനീയതയോടെ തലയിൽ കൈവയ്ക്കുന്നതും വിഡിയോയിൽ കാണാം.

English Summary: Superhero Jofra Archer takes one-handed stunner to dismiss Ishan Kishan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com