ADVERTISEMENT

ന്യൂഡൽഹി∙ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ കപിൽ ദേവ് ആശുപത്രി വിട്ടു. ആൻജിയോപ്ലാസ്റ്റിക് വിധേയനായി രണ്ടു ദിവസങ്ങൾക്കു ശേഷമാണ് സൂപ്പർതാരം ആശുപത്രി വിട്ടത്. കപില്‍ സുഖമായിരിക്കുന്നുവെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‘കപിൽ ദേവിനെ ഇന്ന് ഉച്ചകഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു. അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാരണ ജീവിതചര്യകളിലേക്ക് മടങ്ങാം. അദ്ദേഹം തുടർന്നും ഡോ. അതുൽ മാത്തൂറിന്റെ നിരീക്ഷണത്തിൽ തുടരും’ – ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

ഡോ. അതുൽ മാത്തൂറിനൊപ്പമുള്ള കപിലിന്റെ ചിത്രം അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ചേതൻ ശർമ ട്വിറ്ററിലൂടെ പങ്കുവച്ചു. ‘ഡോ. അതുൽ മാത്തൂരാണ് കപിലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. ഇപ്പോൾ കപിൽ സുഖമായിരിക്കുന്നു. അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തപ്പോഴുള്ള ചിത്രമാണിത്’ – ചേതൻ ശർമ ട്വിറ്ററിൽ കുറിച്ചു. ആൻജിയോപ്ലാസ്റ്റിക്കു ശേഷം വിശ്രമിക്കുന്ന കപിലിന്റെ ചിത്രവും ചേതൻ ശർമ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ഡൽഹിയില്‍ സുന്ദർ നഗറിൽ താമസിക്കുന്ന കപിലിനെ നെഞ്ചുവേദനയെ തുടർന്നാണ് വ്യാഴാഴ്ച രാത്രി ഓഖ്‌ല ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ രാത്രി വൈകി ആൻജിയോപ്ലാസ്റ്റി നടത്തി. നില മെച്ചപ്പെട്ടതോടെ കപിൽ ദേവ് വൈകാതെ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മൂന്ന് ആഴ്ചത്തെ വിശ്രമവും നിർദ്ദേശിച്ചിട്ടുണ്ട്.

അസുഖം വേഗം ഭേദമാകട്ടെയെന്ന പ്രാർഥനയുമായി കായികലോകമൊന്നാകെ രംഗത്തെത്തിയിരുന്നു. സച്ചിൻ, ലക്ഷ്മൺ, വിരാട് കോലി, യുവരാജ് സിങ്, സൈന നെഹ്‌വാൾ തുടങ്ങിയവരെല്ലാം സൗഖ്യമാശംസിച്ചു.

English Summary: Kapil Dev discharged from hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com