ADVERTISEMENT

ദുബായ്∙ കളത്തിലിറക്കാൻ മാത്രം ‘സ്പാർക്’ ഉള്ള യുവതാരങ്ങൾ ടീമിലില്ലെന്ന് പ്രഖ്യാപിച്ച ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ സാക്ഷിനിർത്തി, ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയശിൽപിയായി. ഐപിഎൽ 13–ാം സീസണിൽ പുറത്തേക്കുള്ള വഴി ഏറെക്കുറെ ഉറപ്പിച്ച ചെന്നൈ സൂപ്പർ കിങ്സ്, ഐപിഎലിലെ കന്നി അർധസെഞ്ചുറി കുറിച്ച ഗെയ്ക്‌വാദിന്റെ മികവിൽ ഒടുവിൽ വിജയവഴിയിലേക്കും തിരികെയെത്തി. ദുബായിൽ നടന്ന തണുപ്പൻ പോരാട്ടത്തിൽ എട്ടു വിക്കറ്റിനാണ് ചെന്നൈ, വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തിയത്. ബാംഗ്ലൂർ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ, എട്ടു പന്തുകളും എട്ടു വിക്കറ്റും ബാക്കിനിർത്തിയാണ് ലക്ഷ്യത്തിലെത്തിയത്.

സീസണിലെ 12–ാം മത്സരം കളിച്ച ചെന്നൈ, നാലാമത്തെ മാത്രം വിജയത്തോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കയറി. പട്ടികയിലെ അവസാന സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിന് ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ മത്സരമുള്ളതിനാൽ ചെന്നൈയുടെ ഏഴാം സ്ഥാനത്തിന് എത്രമാത്രം ആയുസ്സുണ്ടെന്ന് കണ്ടറിയേണ്ടിവരും. അബുദാബിയിലാണ് ഈ മത്സരം. സീസണിലെ അഞ്ചാമത്തെ തോൽവി വഴങ്ങിയെങ്കിലും 11 കളികളിൽനിന്ന് 14 പോയിന്റുമായി ബാംഗ്ലൂർ മൂന്നാം സ്ഥാനം നിലനിർത്തി. പച്ച ജഴ്സി ടീമിന് അത്ര ശുഭമല്ലെന്ന് തെളിയിച്ചാണ് ഒരിക്കൽക്കൂടി ബാംഗ്ലൂർ തോൽവി വഴങ്ങിയത്. ഇതുവരെ പച്ച ജഴ്സിയിൽ കളിച്ച മത്സരങ്ങളിൽ ബാംഗ്ലൂരിന്റെ ഏഴാം തോൽവിയാണിത്. ജയിച്ചത് 2011, 2016 വർഷങ്ങളിലായി ഓരോ മത്സരങ്ങളിൽ മാത്രം. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.

കന്നി ഐപിഎൽ അർധസെഞ്ചുറി കണ്ടെത്തിയ യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ടീമിന്റെ വിജയശിൽപിയായി. ഓപ്പണറായിറങ്ങി 51 പന്തുകൾ നേരിട്ട ഗെയ്ക്‌വാദ് നാലു ഫോറും മൂന്നു സിക്സും സഹിതം 65 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ ഡുപ്ലെസിക്കൊപ്പം 46, രണ്ടാം വിക്കറ്റിൽ റായുവിഡിനൊപ്പം 67, പിരിയാത്ത മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്കൊപ്പം 37 എന്നിങ്ങനെ കൂട്ടുകെട്ടുകൾ തീർത്താണ് ഋതുരാജ് ടീമിനെ വിജയത്തിലെത്തിച്ചത്. ഡുപ്ലെസി 13 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 25 റൺസെടുത്ത് പുറത്തായി. അമ്പാട്ടി റായുഡു 27 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 39 റൺസെടുത്തു. ധോണി 21 പന്തിൽ മൂന്നു ഫോറുകൾ സഹിതം 19 റൺസുമായി പുറത്താകാതെ നിന്നു.

∙ കരുതലോടെ ചെന്നൈ

ബാംഗ്ലൂർ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസിയും കരുതലോടെയാണ് തുടങ്ങിയത്. വാഷിങ്ടൻ സുന്ദർ എറിഞ്ഞ ആദ്യ ഓവറിൽ പിറന്നത് ഒരു റൺ മാത്രം. ക്രിസ് മോറിസ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന രണ്ടു പന്തുകളിൽ ഫോറും സിക്സും നേടിയ ഡുപ്ലെസിയാണ് ആദ്യം ആക്രമണത്തിന് തുനിഞ്ഞത്. തൊട്ടടുത്ത ഓവറിൽ സുന്ദറിനെതിരെ ഗെയ്ക്‌വാദ് വക മറ്റൊരു സിക്സർ. കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് സിറാജ് എറിഞ്ഞ നാലാം ഓവറിൽ പിറന്നത് രണ്ടു ഫോറും ഒരു സിക്സും സഹിതം 15 റൺസ്.

ആറാം ഓവറിലെ ആദ്യ പന്തിൽത്തന്നെ ഫാഫ് ഡുപ്ലേസിയെ പുറത്താക്കി ക്രിസ് മോറിസാണ് ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 13 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 25 റൺസെടുത്ത ഡുപ്ലെസിയെ മുഹമ്മദ് സിറാജ് ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീട് ഒത്തുചേർന്ന ഗെയ്ക്‌വാദ് – അമ്പാട്ടി റായുഡു സഖ്യം കരുതലോടെ ചെന്നൈയെ മുന്നോട്ടുനയിച്ചു. ഓവറിൽ ശരാശരി ഒരു ഫോറോ സിക്സോ എന്ന കണക്കിൽ മുന്നേറിയ ഇരുവരും ചെന്നൈയുടെ സ്കോർ 100 കടത്തി. 12–ാം ഓവറിലാണ് ചെന്നൈ 100 പിന്നിട്ടത്. സ്കോർ 113ൽ നിൽക്കെ റായുഡു മടങ്ങി. 27 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 39 റൺസെടുത്ത റായുഡുവിനെ യുസ്‌വേന്ദ്ര ചെഹൽ ക്ലീൻ ബൗൾഡാക്കി. രണ്ടാം വിക്കറ്റിൽ ഗെയക്‌വാദ് – റായുഡു സഖ്യം കൂട്ടിച്ചേർത്തത് 67 റണ്‍സ്. 44 പന്തിൽനിന്നാണ് ഇരുവരും 67 റൺസ് നേടിയത്.

ഇതിനിടെ സകല വിമർശനങ്ങളുടെയും മുനയൊടിച്ച് ഗെയ്ക്‌വാദ് അർധസെഞ്ചുറി പൂർത്തിയാക്കി. 42 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതമാണ് ഗെയക്‌വാദ് അർധസെഞ്ചുറി പിന്നിട്ടത്. യുവതാരങ്ങൾക്ക് ‘സ്പാർക് ഇല്ലെ’ന്നു പറഞ്ഞ് വിവാദത്തിൽ ചാടിയ മഹേന്ദ്രസിങ് ധോണിയായിരുന്നു ഈ സമയം നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ. ഒടുവിൽ ധോണിക്കൊപ്പം പിരിയാത്ത മൂന്നാം വിക്കറ്റിൽ 37 റൺസ് കൂട്ടിച്ചേർത്ത് ഋതുരാജ് തന്നെ ടീമിനെ വിജയത്തിലെത്തിച്ചു. ക്രിസ് മോറിസ് എറിഞ്ഞ 19–ാം ഓവറിൽ ഫോറും സിക്സും നേടിയാണ് ഋതുരാജ് വിജയം കുറിച്ചത്.

∙ മന്ദം മന്ദം ബാംഗ്ലൂർ

നേരത്തെ, ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ബാംഗ്ലൂർ, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 145 റൺസെടുത്തത്. മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത വിരാട് കോലി – എ.ബി.ഡിവില്ലിയേഴ്സ് സഖ്യമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 82 റൺസ്. അർധസെഞ്ചുറി നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. 43 പന്തുകൾ നേരിട്ട കോലി ഓരോ സിക്സും ഫോറും സഹിതം 50 റൺസെടുത്ത് പുറത്തായി. ഡിവില്ലിയേഴ്സ് 36 പന്തിൽ നാലു ഫോറുകളോടെ 39 റൺസെടുത്തു.

17 ഓവർ പൂർത്തിയാകുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിലായിരുന്നു ബാംഗ്ലൂർ. എന്നാൽ, അവസാന മൂന്ന് ഓവറിൽ അവർക്ക് നേടാനായത് 20 റൺസ് മാത്രം. നഷ്ടമാക്കിയത് നാലു വിക്കറ്റും. ദേവ്ദത്ത് പടിക്കൽ (21 പന്തിൽ 22), ആരോൺ ഫിഞ്ച് (11 പന്തിൽ 15), മോയിൻ അലി (ഒന്ന്), ക്രിസ് മോറിസ് (2) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ഗുർകീരത് മാൻ (2), വാഷിങ്ടൻ സുന്ദർ (5) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി സാം കറൻ മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ദീപക് ചാഹർ നാല് ഓവറിൽ 31 റൺസ് വഴങ്ങി റണ്ടു വിക്കറ്റും സ്വന്തമാക്കി.

∙ മോയിൻ അലി, സാന്റ്നർ, മോനു കുമാർ കളത്തിൽ

നേരത്തെ, ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ വിരാട് കോലിക്കും സംഘത്തിനും പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം. ആർസിബി നിരയിൽ ഒരു മാറ്റമുണ്ട്. ഇസൂരു ഉഡാനയ്ക്കു പകരം മോയിൻ അലി കളത്തിലിറങ്ങി. ഈ സീസണിൽ മോയിൻ അലിയുടെ രണ്ടാമത്തെ മാത്രം മത്സരമാണിത്. ചെന്നൈ നിരയിൽ ജോഷ് ഹെയ്സൽവുഡ്, ഷാർദുൽ താക്കൂർ എന്നിവർക്കു പകരം മിച്ചൽ സാന്റ്നറും മോനു കുമാറും ഇടംപിടിച്ചു.

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ: ദേവ്ദത്ത് പടിക്കൽ, ആരോണ്‍ ഫിഞ്ച്, വിരാട് കോലി (ക്യാപ്റ്റൻ), എ.ബി. ഡിവില്ലിയേഴ്സ് (വിക്കറ്റ് കീപ്പർ), മോയിൻ അലി, ഗുർകീരത് സിങ് മാൻ, ക്രിസ് മോറിസ്, വാഷിങ്ടൺ സുന്ദർ, നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചെഹൽ

ചെന്നൈ സൂപ്പർ കിങ്സ്: ഋതുരാജ് ഗെയ്ക്‌വാദ്, ഫാഫ് ഡുപ്ലേസി, അമ്പാട്ടി റായുഡു, എൻ. ജഗദീശൻ, എം.എസ്. ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സാം കറൻ, രവീന്ദ്ര ജഡേജ, മിച്ചൽ സാന്റ്നർ, ദീപക് ചാഹർ, ഇമ്രാൻ താഹിർ, മോനു കുമാർ

English Summary: Bangalore vs Chennai, 44th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com