ADVERTISEMENT

മുംബൈ∙ ഇന്ത്യ കിരീടം ചൂടിയ 2008ലെ അണ്ടർ 19 ലോകകപ്പിൽ ടോപ് സ്കോററായിരുന്ന തന്മയ് ശ്രീവാസ്തവ വിരമിക്കൽ പ്രഖ്യാപിച്ചു. അന്ന് കലാശപ്പോരിൽ ഉൾപ്പെടെ ഇന്ത്യയുടെ ടോപ് സ്കോററായി കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് കളമൊഴിയുന്നത്. 2008ൽ കിരീടം ചൂടിയ ലോകകപ്പ് ടീമിനെ നയിച്ച വിരാട് കോലി ഉൾപ്പെടെയുള്ളവർ രാജ്യാന്തര ക്രിക്കറ്റിലെ മിന്നും താരങ്ങളായി തുടരുമ്പോഴാണ്, അന്ന് ടോപ് സ്കോററായിരുന്ന തന്മയ് ശ്രീവാസ്തവ 30–ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചത്.

2008ൽ മലേഷ്യയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ 52.40 ശരാശരിയിൽ 262 റൺസ് അടിച്ചുകൂട്ടിയാണ് തന്മയ് ടോപ് സ്കോററായത്. ക്വാലലംപുരിൽ നടന്ന കലാശപ്പോരിൽ 46 റൺസുമായി തന്മയ് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. കലാശപ്പോരിൽ ഏറ്റുമുട്ടിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങിയ മത്സരത്തിൽ മഴനിയമപ്രകാരം 12 റൺസിന്റെ വിജയം നേടിയാണ് ഇന്ത്യ കിരീടം ചൂടിയത്.

വിരാട് കോലിക്കു പുറമെ രവീന്ദ്ര ജഡേജ, സൗരഭ് തിവാരി, സിദ്ധാർഥ് കൗൾ, അഭിനവ് മുകുന്ദ്, മനീഷ് പാണ്ഡെ, പ്രദീപ് സാങ്‌വാൻ തുടങ്ങിയവരും അന്നത്തെ ടീമിൽ അംഗങ്ങളായിരുന്നു. ഇവർക്കു പുറമെ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയ്നിസ്, ഇംഗ്ലിഷ് താരം ക്രിസ് വോക്സ്, ന്യൂസീലൻഡ് താരങ്ങളായ കെയ്ൻ വില്യംസൻ, കോറി ആൻഡേഴ്സൻ, പാക്കിസ്ഥാൻ താരങ്ങളായ ഇമാദ് വാസിം, ഷാൻ മസൂദ്, അഹമ്മദ് ഷെഹ്സാദ്, ഉമർ അക്മൽ, ദക്ഷിണാഫ്രിക്കയുടെ വെയ്ൻ പാർനൽ, പീറ്റർ മലാൻ, റീസ ഹെൻഡ്രിക്സ്, ശ്രീലങ്കയുടെ ദിനേഷ് ചണ്ഡിമൽ, കുശാൽ പെരേര, തിസാര പെരേര, ലഹിരു തിരിമാന്നെ, വിൻഡീസ് താരം ഡാരൻ ബ്രാവോ തുടങ്ങിയവർ ഉൾപ്പെട്ട ടൂർണമെന്റിലാണ് തൻമയ് ശ്രീവാസ്ത ടോപ് സ്കോറർ പട്ടം സ്വന്തമാക്കിയത്.

tanmay-srivastava-1
2008ലെ അണ്ടർ 19 ലോകകപ്പ് വിജയികൾക്ക് നൽകിയ സ്വീകരണത്തിൽ വിരാട് കോലി ഉൾപ്പെടെയുള്ളവർക്കൊപ്പം തൻമയ് ശ്രീവാസ്തവ (ചുവന്ന വൃത്തത്തിനുള്ളിൽ)

അണ്ടർ 19 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഐപിഎലിൽ കിങ്സ് ഇലവൻ പഞ്ചാബ് താരത്തെ സ്വന്തമാക്കിയിരുന്നു. 2008–09 സീസണിൽ ഉത്തർപ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായിരുന്നു. പിന്നീട് ഉത്തരാഖണ്ഡിലേക്ക് മാറി. കഴിഞ്ഞ സീസണിൽ തന്മയ് ശ്രീവാസ്തവയെ നീക്കി ഉൻമുക്ത് ചന്ദിനെ ഉത്തരാഖണ്ഡ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 90 മത്സരങ്ങൾ കളിച്ച ശ്രീവാസ്തവ, 34.39 ശരാശരിയിൽ 4918 റൺസ് നേടി. ഇതിൽ 10 സെഞ്ചുറികളും 27 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ലിസ്റ്റ എ ക്രിക്കറ്റിൽ 44 മത്സരങ്ങളിൽനിന്നായി 44.30 ശരാശരിയിൽ 1728 റൺസ് നേടി. ഇതിൽ ഏഴു സെഞ്ചുറികളും 10 അർധസെഞ്ചുറികളുമുണ്ട്.

‘എന്റെ ക്രിക്കറ്റ് കരിയറിനോട് വിട പറയാനുള്ള സമയമായി. ജൂനിയർ തലത്തിലും രഞ്ജി ട്രോഫിയിലുമുൾപ്പെടെ കളിച്ച ഈ നാളുകളിൽ ഒട്ടേറെ സുഹൃത്തുകളെ നേടി. അവിസ്മരണീയമായ നേട്ടങ്ങളിൽ പങ്കാളിയായി. 2008ലെ അണ്ടർ 19 ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനായി കിരീടം നേടാൻ സാധിച്ചതാണ് അതിൽ പ്രധാനം’ – ശ്രീവാസ്തവ ട്വിറ്ററിലൂടെ വ്യക്തമാക്കി.

English Summary:Tanmay Srivastava, top run-scorer of India's 2008 U-19 WC winning team under Kohli, retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com