ADVERTISEMENT

അബുദാബി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പുറത്താകലിന്റെ വക്കിൽനിന്ന് രാജസ്ഥാൻ റോയൽസിനെ കരകയറ്റിയ ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ ഐതിഹാസിക സെഞ്ചുറിയുടെ ആവേശം ഇപ്പോഴും ആരാധകരെ വിട്ടൊഴിഞ്ഞിട്ടില്ല. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച മുംബൈയെ, സ്റ്റോക്സും മലയാളി താരം സഞ്ജു സാംസണും ചേർന്നുള്ള 152 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് രാജസ്ഥാൻ വീഴ്ത്തിയത്.

മത്സരത്തിൽ, വെറും 82 പന്തിൽനിന്നാണ് ഇരുവരും ചേർന്ന് 152 റൺസടിച്ചത്. 60 പന്തിൽ 14 ഫോറും മൂന്നു സിക്സും സഹിതം സ്റ്റോക്സ് 107 റൺസോടെയും 31 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം സഞ്ജു 54 റൺസോടെയും പുറത്താകാതെ നിന്നു.

മത്സരത്തിൽ വിജയത്തിന് തൊട്ടരികെ സെഞ്ചുറി പൂർത്തിയാക്കിയ സ്റ്റോക്സ്, അത് ആഘോഷിച്ച രീതിയാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിലെ ചർച്ചാ വിഷയം. നടുവിരൽ മടക്കിയുള്ള സ്റ്റോക്സിന്റെ ഈ ആഘോഷത്തിന്റെ പിന്നാമ്പുറ കഥയെന്താണെന്നോ? രാജ്യാന്തര റഗ്ബി താരവും പരിശീലകനുമായിരുന്ന പിതാവ് ജെറാർദ് സ്റ്റോക്സിനുള്ള ആദരമാണ് മകൻ സ്റ്റോക്സിന്റെ ഈ വിരൽ മടക്കിയുള്ള ആഘോഷം.

ന്യൂസീലൻഡുകാരനായ ജെറാർദ് സ്റ്റോക്സ്, കുടുംബം പുലർത്താൻ റഗ്ബി പരിശീലകനാകാനാണ് കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോയത്. അതിനു മുൻപ് ന്യൂസീലൻഡിന്റെ റഗ്ബി താരമായിരുന്നു അദ്ദേഹം. കളിക്കുന്ന കാലത്ത് തുടർച്ചയായ പരുക്കുകൾ നിമിത്തം അദ്ദേഹത്തിന്റെ ഇടംകയ്യിലെ നടുവിരൽ മുറിച്ചുമാറ്റിയിരുന്നു. തുടർച്ചയായി പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് തന്നെ സമീപിച്ച ജെറാർദ് സ്റ്റോക്സിനോട്, ശസ്ത്രക്രിയയിലൂടെ പ്രശ്നം പരിഹരിക്കാമെന്നാണ് ഡോക്ടർ ആദ്യം നിർദ്ദേശിച്ചത്. പക്ഷേ, കളത്തിൽനിന്ന് നീണ്ട കാലത്തേക്ക് വിട്ടുനിൽക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ അദ്ദേഹം, വിരൽ മുറിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു.

കരിയറിന്റെ പാരമ്യത്തിൽ നടുവിരൽ നഷ്ടമായ പിതാവിനോടുള്ള ആദരസൂചകമായാണ് ബെൻ സ്റ്റോക്സ് ഓരോ നേട്ടവും നടുവരിൽ മടക്കി ആഘോഷിക്കുന്നത്. ഇംഗ്ലണ്ട് ജഴ്സിയിൽ നടുവിരൽ മടക്കിയുള്ള ഈ ആദരപ്രകടനം മുൻപും നടത്തിയിട്ടുണ്ടെങ്കിലും, ഐപിഎലിൽ അതത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് മാത്രം. കോവിഡ് വ്യാപനം നിമിത്തം യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ 13–ാം സീസണിന്റെ തുടക്കത്തിൽ സ്റ്റോക്സ് രാജസ്ഥാൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. പിതാവിന് അർബുദം ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിനായി ന്യൂസീലൻഡിനായിരുന്നു അദ്ദേഹം.

ഒടുവിൽ പിതാവിന്റെ നിർബന്ധപ്രകാരമാണ് ഐപിഎലിനായി സ്റ്റോക്സ് യുഎഇയിലെത്തിയത്. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും, ഒടുവിൽ ആ ബാറ്റ് ശബ്ദിച്ചിരിക്കുന്നു. അതും ടീമിന് ഏറ്റവും അത്യാവശ്യമുള്ള ഘട്ടത്തിൽ. ഇത്തവണ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്ന സെഞ്ചുറിക്കും വിജയത്തിനും പിന്നാലെ സ്റ്റോക്സ് ഒരിക്കൽക്കൂടി വിരൽ മടക്കിയപ്പോൾ, ക്രിക്കറ്റ് ലോകം കണ്ടത് അത്ര വേഗം തല കുനിക്കാത്ത ഒരു പോരാളിയെത്തന്നെ.

English Summary: Ben Stokes dedicates century to ill father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com