ADVERTISEMENT

ദുബായ് ∙ ഐപിഎൽ പ്ലേഓഫിലേക്കു വിദൂരസാധ്യത മാത്രം മുന്നിൽനിൽക്കെ വിജയത്തിന്റെ ‘സ്പാർക്’ കണ്ടെത്തിയതാണ് ചെന്നൈ സൂപ്പർ കിങ്സ്. അതും ഈ സീസണിൽ മികച്ച ഫോമിലുള്ള റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തി. പറഞ്ഞിട്ടെന്ത്, കാത്തുകാത്തിരുന്ന് നേടിയ വിജയത്തിന്റെ ആവേശം അടങ്ങും മുൻപേ അവർ പ്ലേ ഓഫ് കാണാതെ പുറത്തായി. ചരിത്രത്തിലാദ്യമായാണ് ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫിലെത്താതെ പുറത്താകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഞായറാഴ്ച രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നിലവിലെ ചാംപ്യൻമാർ കൂടിയായ മുംബൈ ഇന്ത്യൻസിനെ തകർത്തുവിട്ടതാണ് ചെന്നൈയ്‌ക്ക് തിരിച്ചടിയായത്. ഇതോടെ ആരാധകരെ ഏറെ വിഷമിപ്പിച്ച ചെന്നൈയുടെ തോൽവി പരമ്പരയ്ക്ക് അനിവാര്യമായ അന്ത്യം!

ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ടു വിക്കറ്റിന് തകർത്ത ചെന്നൈ ഏറെ നാളുകൾക്ക് ശേഷം പട്ടികയിലെ അവസാന സ്ഥാനത്തുനിന്ന് ഒന്ന് അനങ്ങിയതാണ്. 12 മത്സരങ്ങളിൽനിന്ന് നാലു വിജയങ്ങളുമായി എട്ടു പോയിന്റോടെ ഏഴാം സ്ഥാനത്തേക്ക് കയറിയ ചെന്നൈ, പിന്നിലാക്കിയത് രാജസ്ഥാൻ റോയൽസിനെ. എട്ടു പോയിന്റുണ്ടായിരുന്നെങ്കിലും റൺറേറ്റിൽ പിന്നിലായതോടെയാണ് രാജസ്ഥാൻ എട്ടാം സ്ഥാനത്തേക്ക് പതിച്ചത്.

പക്ഷേ മണിക്കൂറുകൾക്കുള്ളിൽ ചിത്രം മാറി. ആവേശം വാനോളമുയർന്ന മത്സരത്തിൽ രാജസ്ഥാൻ നിലവിലെ ചാംപ്യൻമാരും പോയിന്റ് പട്ടികയിലെ മുൻപൻമാരുമായ മുംബൈയെ വീഴ്ത്തിയതോടെ ചെന്നൈ വീണ്ടും അവസാന സ്ഥാനക്കാരായി. മാത്രമല്ല, അവസാന പ്രതീക്ഷയും കൈവിട്ട് പ്ലേ ഓഫ് കാണാതെ പുറത്തുമായി. രാജസ്ഥാനാകട്ടെ, 12 മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി സൺറൈസേഴ്സിനെയും കടന്ന് ആറാം സ്ഥാനത്തെത്തി. സാങ്കേതികമായി ഇപ്പോഴും പ്ലേ ഓഫ് സാധ്യതകൾ സജീവം. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുന്നതിനൊപ്പം കണക്കിലെ കളികളും അനുകൂലമാകണമെന്ന് മാത്രം.

∙ സാധ്യതകൾ ഇങ്ങനെ, പക്ഷേ വിഫലം!

ഞായറാഴ്ച കളങ്ങളുണരും മുൻപ് ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിരുന്നില്ല. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കുന്നതിനൊപ്പം മറ്റു ടീമുകൾ കൂടി ‘കനിഞ്ഞാൽ’ അവർക്ക് സാങ്കേതികമായി സാധ്യത ശേഷിച്ചിരുന്നു. അതിങ്ങനെ:

1. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (ശേഷിക്കുന്ന മത്സരങ്ങളെല്ലാം തോൽക്കണം)

2. കിങ്സ് ഇലവൻ പഞ്ചാബ് (തിങ്കളാഴ്ച കൊൽക്കത്തയെ തോൽപ്പിക്കണം, ശേഷിക്കുന്ന രണ്ട് കളികളും തോൽക്കണം)

3. സൺറൈസേഴ്സ് ഹൈദരാബാദ് (ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്നെങ്കിലും വലിയ മാർജിനിൽ തോൽക്കണം)

4. രാജസ്ഥാൻ റോയൽസ് (പഞ്ചാബിനെയും കൊൽക്കത്തയെയും തോൽപ്പിക്കണം, മുംബൈയോട് വലിയ മാർജിനിൽ തോൽക്കണം)

മേൽപ്പറഞ്ഞ ‘ക്ലോസു’കളിലെ അവസാന ‘ക്ലോസി’ന്റെ ‘സബ് ക്ലോസ്’ തന്നെ പാളിയതോടെയാണ് ചെന്നൈ ടൂർണമെന്റിനു പുറത്തായത്. ചെന്നൈയ്ക്ക് മുന്നേറാൻ മുംബൈയോട് വലിയ മാർജിനിൽ തോൽക്കേണ്ടിയിരുന്ന രാജസ്ഥാൻ, വലിയ മാർജിനിൽ മുംബൈയെ തോൽപ്പിച്ചു!

∙ ‘സ്പാർക്’ തെളിയിച്ചു, പക്ഷേ...

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ 8 വിക്കറ്റിനു തകർത്ത മത്സരത്തിൽ ചെന്നൈയ്ക്കു തുണയായത് യുവതാരം ഋതുരാജ് ഗെയ്‍ക്‌വാദാണ് (51 പന്തുകളിൽ പുറത്താകാതെ 65 റൺസ്). ‘സ്പാർക്കു’ള്ള യുവതാരങ്ങൾ ചെന്നൈയ്ക്കില്ലെന്ന ക്യാപ്റ്റൻ എം.എസ്.ധോണിയുടെ വിമർശനത്തിന് ഇരുപത്തിമൂന്നുകാരൻ താരം മറുപടി കൊടുത്തെങ്കിലും ലീഗിൽ ടീമിന്റെ പ്രതീക്ഷയറ്റു. സ്കോർ: ബാംഗ്ലൂർ 20 ഓവറിൽ 6ന് 145, ചെന്നൈ 18.4 ഓവറിൽ 2ന് 150. ലീഗിൽ 12 മത്സരങ്ങൾ കളിച്ചതിൽ ചെന്നൈയുടെ 4–ാമത്തെ മാത്രം ജയം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഒരവസരത്തിൽപ്പോലും ടോപ് ഗീയറിലേക്ക് എത്താനായില്ല. 3–ാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്ത ക്യാപ്റ്റൻ വിരാട് കോലി (43 പന്തുകളിൽ 50) – എബി ഡിവില്ലിയേഴ്സ് (36 പന്തുകളിൽ 39) സഖ്യമാണ് അവരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അവസാന 3 ഓവറിൽ 20 റൺസ് മാത്രം നേടാനേ ബാംഗ്ലൂരിനായുള്ളൂ. 4 വിക്കറ്റും നഷ്ടമായി. ദേവ്‌ദത്ത് പടിക്കൽ (22), ആരോൺ ഫിഞ്ച് (15), മോയീൻ അലി (1) എന്നിവർ നിരാശപ്പെടുത്തി. ചെന്നൈയ്ക്കായി സാം കറൻ 3 വിക്കറ്റും ദീപക് ചാഹർ 2 വിക്കറ്റുമെടുത്തു.

ഋതുരാജാണു ഫാഫ് ഡുപ്ലെസിക്കൊപ്പം ചെന്നൈ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇരുവരും 46 റൺസ് കൂട്ടിച്ചേർത്തു. ക്രിസ് മോറിസിന്റെ പന്തിൽ ഡുപ്ലെസി (25) പുറത്തായെങ്കിലും അമ്പാട്ടി റായുഡുവിനൊപ്പം (39) ഋതുരാജ് ചെന്നൈയെ മുന്നോട്ടു നയിച്ചു. 2–ാം വിക്കറ്റിൽ ഇരുവരും 44 പന്തുകളിൽ 67 റൺസ് നേടി. റായുഡു പുറത്തായപ്പോൾ വന്ന ധോണിക്കൊപ്പം (പുറത്താകാതെ 19) യുവതാരം ചെന്നൈയെ ജയത്തിലെത്തിച്ചു.

∙ ‘പച്ച’ തൊടാതെ ബാംഗ്ലൂർ

പച്ച ജഴ്സിയിൽ ടീമിനു ജയഭാഗ്യമില്ലെന്നു ബാംഗ്ലൂർ ഒരിക്കൽക്കൂടി തെളിയിച്ചു. ഇന്നലെ പച്ചക്കുപ്പായമിട്ടാണു കോലിയും സംഘവും കളിച്ചത്. ഇതുവരെ പച്ചയിട്ടു കളിച്ച 9 മത്സരങ്ങളിൽ ഏഴിലും ബാംഗ്ലൂർ തോറ്റു.

English Summary: CSK knocked out of IPL 2020 after Rajasthan Royals beat Mumbai Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com