ADVERTISEMENT

ഷാർജ ∙ ക്രിസ് ഗെയ്ൽ വരും മുൻപ് ഏഴു മത്സരങ്ങളിൽനിന്ന് ഒരു ജയം മാത്രം, ഗെയ്ൽ ടീമിലെത്തിയ ശേഷമുള്ള അഞ്ച് മത്സരങ്ങളിൽ എല്ലാറ്റിലും ജയം.... ക്രിസ് ഗെയ്‌ലിന്റെ സാന്നിധ്യം നിറച്ച ഊർജത്തിനൊപ്പം അദ്ദേഹം തകർത്തടിച്ച് നേടിയ അർധസെഞ്ചുറി കൂടി ചേർന്നതോടെ, ഐപിഎൽ 13–ാം സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിന് തുടർച്ചയായ അ‍ഞ്ചാം ജയം. ബോളർമാർക്കു പിന്നാലെ ബാറ്റ്മാൻന്മാരും ആധിപത്യം പുലർത്തിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. കൊൽക്കത്ത ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പ‍ഞ്ചാബ്, ഏഴു പന്തുകൾ ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ്. പ‍ഞ്ചാബ് 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ്. 

വെറും 60 പന്തിൽ 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ മൻദീപ് സിങ് – ക്രിസ് ഗെയ്ൽ സഖ്യമാണ് പഞ്ചാബിന്റെ ജയം ഉറപ്പിച്ചത്. ഗെയ്‌ലിനു (51 റൺസ്) പുറമെ പ‍ഞ്ചാബ് നിരയിൽ മൻദീപ് (പുറത്താകാതെ 66 റൺസ്) നേടിയ അർധസെഞ്ചുറി, കഴിഞ്ഞ ദിവസം അന്തരിച്ച പിതാവിനുള്ള സ്മരണാഞ്ജലിയായി. ഈ ജയത്തോടെ 12 കളിയിൽ നിന്ന് ആറു ജയവുമായി 12 പോയിന്റോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി.

150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് സാഹസത്തിനു മുതിരാതെയാണ് സ്കോർ ഉയർത്തിയത്. എന്നാൽ കെ.എൽ. രാഹുൽ – മൻദീപ് സിങ് കൂട്ടുകെട്ട് 47 റൺസിലെത്തി നിൽക്കെ വരുൺ ചക്രവർത്തിയുടെ പന്തിൽ ബൗൾഡായി രാഹുൽ പുറത്തായി. 25 പന്തിൽ നാലു ഫോർ ഉൾപ്പെടെ 28 റൺസാണ് രാഹുൽ നേടിയത്. 9 ാം ഓവറിൽ പഞ്ചാബ് സ്കോർ 50 കടന്നു. 

ക്രിസ് ഗെയ്ൽ ക്രീസിലെത്തിയതോടെ പഞ്ചാബ് സ്കോർ അതിവേഗം ഉയർന്നു. മൂന്നു സിക്സറുകൾ പറത്തിയാണ് ഗെയ്ൽ വരവറിയിച്ചത്. 31 പന്തിൽ മൻദീപ് സിങ് – ക്രിസ് ഗെയ്ൽ കൂട്ടുകെട്ട് അർധശതകം തികച്ചു. മൻദീപ് സിങ്ങും ആക്രണത്തിലേക്കു തിരിഞ്ഞതോടെ സ്കോറിങ് കൂടുതൽ വേഗത്തിലായി. 14 ാം ഓവറിൽ പഞ്ചാബ് സ്കോർ 100 കടന്നു. 15 ഓവർ പൂർത്തിയായപ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 113 റൺസ്. പഞ്ചാബിന് ജയിക്കാൻ 30 പന്തിൽ 37 റൺസ്. 

തൊട്ടടുത്ത ഓവറിൽ മൻദീപ് സിങ് അർധശതകം തികച്ചു. 49 പന്തിലായിരുന്നു മൻദീപ് സിങ്ങിന്റെ അർധശതകം. പിന്നാലെ ക്രിസ് ഗെയ്‌ലും അർധ സെഞ്ചുറി തികച്ചു. 25 പന്തിൽ അഞ്ച് സിക്സും രണ്ടു ഫോറുമുൾപ്പെടെയാണ് ഗെയ്ൽ അർധസെഞ്ചുറി നേടിയത്. എന്നാൽ ജയം മൂന്നു റൺസ് മാത്രം അകലെ നിൽക്കെ ലോക്കി ഫെർഗൂസനന്റെ പന്തിൽ പ്രസിദ്ധ് കൃഷ്ണ ക്യാച്ചെടുത്ത് ഗെയ്ൽ പുറത്തായി. 29 പന്തിൽ അഞ്ച് സിക്സും രണ്ടു ഫോറുമുൾപ്പെടെ ഗെയ്ൽ 51 റൺസാണ് ഗെയ്ൽ നേടിയത്. മൻദീപ് സിങ് 56 പന്തിൽ രണ്ട് സിക്സും എട്ടു ഫോറും സഹിതം 66 റൺസോടെയും നിക്കോളാസ് പുരാൻ 2 റൺസോടെയും പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കു വേണ്ടി വരുൺ ചക്രവർത്തി, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഇരുടീമുകളും പരസ്പരം കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഏറ്റുമുട്ടിയതിൽ അവസാന നാലിലും കൊൽക്കത്തയ്ക്കായിരുന്നു ജയം. ഇന്നത്തെ ജയത്തോടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പഞ്ചാബ് വീണ്ടും കൊൽക്കത്തയ്ക്കെതിരെ ജയം സ്വന്തമാക്കി.

നേരത്തെ, തുടക്കത്തിലെ കടന്നാക്രമണത്തിനു ശേഷം താളം നഷ്ടപ്പെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിങ്സ് ഇലവൻ പഞ്ചാബ് 149 റൺസിലൊതുക്കുകയായിരുന്നു. കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. ശുഭ്മാന്‍ ഗിൽ (57 റൺസ്), ഒയിൻ മോര്‍ഗൻ (40 റൺസ്), ലോക്കി ഫെർഗൂസൻ (24 റൺസ്) എന്നിവർ മാത്രമാണ് കൊൽക്കത്ത നിരയിൽ രണ്ടക്കം കടന്നത്. ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന ശക്തമായ നിലയിൽ നിന്നാണ് കൊൽക്കത്ത 149 റൺസിലൊതുങ്ങിയത്.

ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു കൊൽക്കത്തയുടെ തുടക്കം. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ കൊൽക്കത്തയ്ക്ക് നിതീഷ് റാണയുടെ വിക്കറ്റ് നഷ്ടമായി. ഗ്ലെൻ മാക്സ്‍‌വെലിന്റെ ബോളിങ്ങിൽ ക്രിസ് ഗെയ്ൽ ക്യാച്ചെടുത്തു മടങ്ങുമ്പോൾ നിതീഷ് റാണ അക്കൗണ്ട് തുറന്നിരുന്നില്ല.

മൂന്നാമാനായി ഇറങ്ങിയ രാഹുൽ ത്രിപാഠി സിക്സ് പറത്തി ഇന്നിങ്സ് ആരംഭിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. രണ്ടാം ഓവറിലെ നാലാം പന്തിൽ മുഹമ്മദ് ഷമി, വിക്കറ്റിനു പിന്നിൽ രാഹുലിന്റെ കയ്യിലെത്തിച്ച് രാഹുൽ ത്രിപാഠിയെ (7 റൺസ്) മടക്കി. അവസാന പന്തിൽ രാഹുൽ ക്യാച്ചെടുത്ത് ദിനേഷ് കാർത്തിക്കും (പൂജ്യം) പുറത്ത്. കൊൽക്കത്ത 3 വിക്കറ്റ് നഷ്ടത്തിൽ 10 റൺസ്. 

തുടർച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടമായെങ്കിലും ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റൻ ഒയിൻ മോര്‍ഗനും പതറാതെ ആക്രമിച്ചു കളിച്ചു. അഞ്ച് ഓവർ പിന്നിട്ടപ്പോൾ കൊൽക്കത്ത 3 വിക്കറ്റ് നഷ്ടത്തിൽ 33 റൺസ്. ആറാം ഓവറിൽ മുഹമ്മദ് ഷമിയെ ശുഭ്മാന്‍ ഗില്ലും ഒയിൻ മോര്‍ഗനും കടന്നാക്രമിച്ചു. രണ്ട് സിക്സും രണ്ട് ഫോറുമുൾപ്പെടെ 21 റൺസാണ് ആ ഓവറിൽ പിറന്നത്. ആ ഓവറിൽ കൊൽക്കത്ത 50 റൺസ് പിന്നിട്ടു. 28 പന്തിൽ ഗിൽ – മോര്‍ഗൻ കൂട്ടുകെട്ട് അർധശതകം തികച്ചു.

അതിവേഗം സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ 10 ാം ഓവറിൽ ഒയിൻ മോര്‍ഗൻ പുറത്തായി. രവി ബിഷ്ണോയിയുടെ ബോളിങ്ങിൽ മുരുകൻ അശ്വിൻ ക്യാച്ചെടുക്കുകയായിരുന്നു. 25 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമുൾപ്പെടെ 40 റൺസാണ് മോര്‍ഗൻ നേടിയത്. 45 പന്തിൽ 81 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഗിൽ – മോര്‍ഗൻ കൂട്ടുകെട്ട് പിരിഞ്ഞത്. പത്ത് ഓവർ പൂർത്തിയായപ്പോൾ കൊൽക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ്.

11 ാം ഓവറിൽ കൊൽക്കത്ത സ്കോർ നൂറ് കടന്നു. ഓവറിലെ അവസാന പന്തിൽ സുനിൽ നരെയ്നെ (6 റൺസ്) ക്രിസ് ജോർദാൻ ബൗൾഡാക്കി. തുടരെ രണ്ടു വിക്കറ്റുകൾ വീണതോടെ കൊൽക്കത്ത ബാറ്റിങ് മന്ദഗതിയിലായി. 14 ാം ഓവറിൽ ശുഭ്മാന്‍ ഗിൽ അർധസെഞ്ചുറി തികച്ചു. 36 പന്തിൽ നാലു സിക്സും രണ്ടു ഫോറും സഹിതമാണ് ഗിൽ അർധസെഞ്ചുറി നേടിയത്. പിന്നാലെ കംലേഷ് നാഗര്‍കോട്ടിയെ (6 റൺസ്) മുരുകൻ അശ്വിൻ ബൗൾഡാക്കി. വൈകാതെ പാറ്റ് കമ്മിൻസിനെ (1 റൺ) രവി ബിഷ്ണോയി വിക്കറ്റിനു മുന്നിൽ കുരുക്കി. 17 ഓവർ പൂർത്തിയായപ്പോൾ കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ്.

റണ്ണുയർത്താനുള്ള ശ്രമത്തിൽ ശുഭ്മാന്‍ ഗിൽ പുറത്തായി. മുഹമ്മദ് ഷമിയുടെ ബോളിങ്ങിൽ നിക്കോളാസ് പുരാൻ ക്യാച്ചെടുക്കുകയായിരുന്നു. 45 പന്തിൽ നാലു സിക്സും മൂന്നു ഫോറും സഹിതം 57 റൺസാണ് ഗിൽ നേടിയത്. 20 ാം ഓവറിൽ വരുൺ ചക്രവർത്തിയെ (2 റൺസ്) ക്രിസ് ജോർദാൻ ബൗൾഡാക്കി. അവസാന ഓവറുകളിൽ ലോക്കി ഫെർഗൂസന്റെ കടന്നാക്രമണമാണ് കൊൽക്കത്തയെ മാന്യമായ സ്കോറിലെത്തിച്ചത്. ലോക്കി ഫെർഗൂസൻ 13 പന്തിൽ ഒരു സിക്സും മൂന്നു ഫോറും സഹിതം 24 റൺസോടെയും പ്രസിദ്ധ് കൃഷ്ണ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും, ക്രിസ് ജോർദാൻ, രവി ബിഷ്ണോയി എന്നിവർ രണ്ട് വിക്കറ്റ് വീതവും, ഗ്ലെൻ മാക്സ്‍‌വെൽ, മുരുകൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

English Summary: Indian Premier League 2020 46th match Kolkata Knight Riders vs Kings XI Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com