ADVERTISEMENT

ഷാർജ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണുകളിലൊന്നായ രോഹിത് ശർമയെ, ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽനിന്ന് മാറ്റിനിർത്തിയതിനെച്ചൊല്ലി വിവാദം. രോഹിത്തിനെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന് അറിയാൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്തെത്തി. പരുക്കു മൂലം രോഹിത്തിനേപ്പോലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പുറത്തിരുന്ന കിങ്സ് ഇലവൻ പഞ്ചാബിന്റെ മായങ്ക് അഗർവാളിനെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളിൽ ഉൾപ്പെടുത്തിയ സ്ഥാനത്താണ് രോഹിത്തിനെ പുറത്തിരുത്തിയിരിക്കുന്നതെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി.

പരുക്കാണ് കാരണമെന്ന് വ്യക്തമായി സൂചിപ്പിക്കാതെയാണ് രോഹിത്തിനെ ഓസീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളിലേക്ക് പരിഗണിക്കാതിരുന്നത്. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ രോഹിത് ശർമ, ടീമിന്റെ അവസാന രണ്ടു മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പരുക്കുമൂലമാണ് രോഹിത്തിനെ ദേശീയ ടീമിലേക്ക് പരിഗണിക്കാതിരുന്നത് എന്ന വിശ്വാസത്തിലായിരുന്നു ആരാധകർ.

‘രോഹിത് ശർമ, ഇഷാന്ത് ശർമ എന്നിവരുടെ പുരോഗതി ബിസിസിഐ മെഡിക്കൽ സംഘം വിലയിരുത്തും’ എന്ന പരാമർശം മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ പ്രസ് റിലീസിലും ഉണ്ടായിരുന്നത്. എന്നാൽ, രോഹിത്തിനെ ഒഴിവാക്കി ടീം പ്രഖ്യാപിച്ച അന്നുതന്നെ, താരം നെറ്റ്സിൽ പരിശീലിക്കുന്ന ചിത്രങ്ങളും വിഡിയോയും മുംബൈ ഇന്ത്യൻസ് ട്വീറ്റ് ചെയ്തതോടെയാണ് സംശയങ്ങൾ തലപൊക്കിയത്. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ഗാവസ്കർ രംഗത്തെത്തിയത്.

‘ഒന്നര മാസത്തിനുശേഷം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. രോഹിത് മുംബൈ ഇന്ത്യൻസിനായി ഇപ്പോഴും നെറ്റ്സിൽ പരിശീലനം തുടരുമ്പോൾ, ആ പരുക്ക് എന്തു തരത്തിലുള്ളതാണെന്ന് എനിക്കും മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ കുറച്ചുകൂടി സുതാര്യതയും തുറവിയും വേണം. രോഹിത്തിന്റെ പ്രശ്നമെന്താണെന്ന് വിശദീകരിക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടും’ – ഗാവസ്കർ പറഞ്ഞു.

പരുക്കുമൂലം കിങ്സ് ഇലവൻ പഞ്ചാബ് തുർച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുത്തിയ ഓപ്പണർ മായങ്ക് അഗർവാൾ, ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളിൽ ഇടംപിടിച്ചതും ഗാവസ്കർ ചൂണ്ടിക്കാട്ടി.

‘ഇക്കാര്യത്തിൽ മറ്റാരേക്കാളും ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ വ്യക്തത അർഹിക്കുന്നുണ്ട്. ടീമുകളുടെ നിലപാട് മനസ്സിലാക്കാം. അവർക്ക് ഒന്നും വിട്ടുപറയാൻ താൽപര്യമുണ്ടാകില്ല. ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തി എതിരാളികൾക്ക് അനാവശ്യ മുൻതൂക്കം നൽകാനും ഇഷ്ടപ്പെടുന്നുണ്ടാകില്ല. പക്ഷേ, ഇന്ത്യൻ ടീമിനേക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. മായങ്ക് അഗർവാളിന്റെ കാര്യം ഉദാഹരണമായെടുക്കൂ. ഈ രണ്ടു താരങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാൻ ഇന്ത്യൻ ആരാധകർക്ക് അവകാശമുണ്ട്’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.

English Summary: ‘Indian cricket fan deserves to know’: Gavaskar on Rohit’s absence from Team India squads for Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com