ADVERTISEMENT

മുംബൈ ∙ ഇന്ത്യൻ ടീമിൽ നിന്നു പുറത്ത്; തൊട്ടു പിന്നാലെ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം പരിശീലനം– ഹിറ്റ്മാൻ രോഹിത് ശർമയ്ക്കു സത്യത്തിൽ എന്താണു സംഭവിച്ചത്? പരുക്കാണെങ്കിൽ രോഹിത് ശർമ എങ്ങനെ മുംബൈ ഇന്ത്യൻസ്  ടീമിനൊപ്പം പ്രാക്ടീസ് ചെയ്യുമെന്ന ആരാധകരുടെ സംശയം ഏറ്റുപിടിച്ചിരിക്കുന്നതു മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ളവരാണ്. രോഹിത്തിന്റെ പരുക്കിനെക്കുറിച്ച് അറിയാൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അവകാശമുണ്ടെന്നും ബിസിസിഐ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഗാവസ്കർ ആവശ്യപ്പെട്ടു.

ഇന്ത്യൻസിന്റെ ട്വീറ്റ്

ഓസ്ട്രേലിയൻ പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെ തിങ്കളാഴ്ച രാത്രിയാണു ബിസിസിഐ പ്രഖ്യാപിച്ചത്. നിലവിൽ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത്തിനെ 3 ടീമുകളിലും ഉൾപ്പെടുത്തിയില്ല. പരുക്കേറ്റ രോഹിത് ശർമ, ഇഷാന്ത് ശർമ എന്നിവരുടെ ആരോഗ്യസ്ഥിതി ബിസിസിഐയുടെ മെഡിക്കൽ സംഘം വിലയിരുത്തുമെന്നു മാത്രമാണു വിശദീകരണം ലഭിച്ചത്. എന്നാൽ, തൊട്ടു പിന്നാലെ രോഹിത് നെറ്റ്സിൽ പരിശീലിക്കുന്ന ചിത്രം മുംബൈ ഇന്ത്യൻസ് ട്വീറ്റ് ചെയ്തു.

കൂടെയൊരു അടിക്കുറിപ്പും: ‘നമ്മൾ കാണാൻ ഇഷ്ടപ്പെടുന്ന കാഴ്ച. ഇന്നത്തെ പരിശീലനത്തിൽ പങ്കെടുക്കുന്ന ഹിറ്റ്മാൻ’! രോഹിത് നെറ്റ്സിൽ പരിശീലിക്കുന്ന ഒരു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയും രാത്രി വൈകി മുംബൈ ഇന്ത്യൻസ് ട്വീറ്റ് ചെയ്തു. പരുക്കിന്റെ ഒരുവിധ അലട്ടലുമില്ലാതെ മൈതാനത്തിന്റെ നാലുപാടും തന്റെ ട്രേഡ് മാർക്ക് ഷോട്ടുകൾ പായിക്കുന്ന രോഹിത്തായിരുന്നു വിഡിയോയിൽ. ഇതോടെയാണു സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം ചർച്ചയായത്.

രോഹിത്തിന്റെ പരുക്ക്

ഈ മാസം 23നു ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനു തൊട്ടു മുൻപാണു രോഹിത്തിനു പരുക്കേറ്റ കാര്യം മുംബൈ ഇന്ത്യൻസ് സ്ഥിരീകരിച്ചത്. 18നു പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ രോഹിത്തിന്റെ ഇടതുകാലിലെ പേശികൾക്കു പരുക്കേറ്റുവെന്നായിരുന്നു വിശദീകരണം.  പിന്നീടുള്ള 2 മത്സരങ്ങളിലും രോഹിത് പുറത്തിരുന്നു. വെസ്റ്റിൻഡീസ് താരം കയ്റൻ പൊള്ളാർഡാണു 2 കളികളിലും മുംബൈയെ നയിച്ചത്. എന്നാൽ , ഇന്നലെ രോഹിത് പരിശീലനത്തിന് ഇറങ്ങിയതോടെ ഇന്നു ബാംഗ്ലൂരിനെതിരായ മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

എന്തുകൊണ്ട് മായങ്ക്

പരുക്കുമൂലം കഴിഞ്ഞ 2 ഐപിഎൽ മത്സരങ്ങളിലും പുറത്തിരുന്ന പഞ്ചാബ് ഓപ്പണർ മായങ്ക് അഗർവാളിനെ ബിസിസിഐ 3 ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2 താരങ്ങളുടെയും കാര്യത്തിൽ ബിസിസിഐ വ്യത്യസ്ത സമീപനം സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും ഗാവസ്കർ ചോദിച്ചു. ‘ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തി എതിരാളികൾക്കു മുൻതൂക്കം നൽകാൻ ഐപിഎൽ ടീമുകൾ ഇഷ്ടപ്പെടുന്നുണ്ടാകില്ല. പക്ഷേ, ഇന്ത്യൻ ടീമിനെക്കുറിച്ചാണു നമ്മൾ സംസാരിക്കുന്നത്’– ഗാവസ്കർ പറഞ്ഞു.

  • ഓസ്ട്രേലിയൻ പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങളിലേക്ക് ഇനി ഒന്നര മാസത്തോളം അകലമുണ്ട്. എന്നിട്ടും രോഹിത്തിനെ ടീമിൽ  ഉൾപ്പെടുത്തിയില്ല. അതേസമയം അദ്ദേഹം മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലിക്കുകയും ചെയ്യുന്നു. എന്തു തരം പരുക്കാണ് രോഹിത്തിനെ  പിടികൂടിയതെന്ന് എനിക്കു മനസ്സിലാകുന്നില്ല..

       - സുനിൽ ഗാവസ്കർ

English Summary: Injured Rohit Sharma back to batting in Mumbai Indians’ net session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com