ADVERTISEMENT

ദുബായ്∙ ‘വൃദ്ധിമാൻ സാഹ വക സ്മാർട്ട് ബാറ്റിങ്. പന്തിന്റെ ലൈനും ലെങ്തും മനസ്സിലാക്കിയശേഷം അദ്ദേഹം സ്വന്തം ഷോട്ടുകൾ കൂടുതൽ മികച്ചതാക്കി. കണ്ണുംപൂട്ടിയുള്ള അടികൾ ഒന്നുമില്ല. സാഹയുടെ ബാറ്റിങ് ആദ്യം മുതൽ അവസാനം വരെ ഞാൻ നന്നായി ആസ്വദിച്ചു...!’ – ഐപിഎൽ 13–ാം സീസണിലെ സൺറൈസേഴ്സ് ഹൈദരാബാദ് – ഡൽഹി ക്യാപിറ്റൽസ് മത്സരം കണ്ട് സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചിട്ട വാക്കുകൾ! സീസണിലെ ആദ്യ മത്സരം കളിച്ച വൃദ്ധിമാൻ സാഹയെന്ന ബംഗാളി താരത്തിന് ഇതിലും വലിയ സർട്ടിഫിക്കറ്റ് എന്തുണ്ട്!

സീസണിന്റെ ആരംഭം മുതൽ ടീമിനൊപ്പം ഉണ്ടായിരുന്നിട്ടും 10 കളികളിലും പുറത്തിരിക്കുക... അതില്‍ തുടർച്ചയായി 9 കളികളും ഉൾപ്പെടും... മോശം പ്രകടനങ്ങളുമായി ടീം പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിൽ മാത്രം അവസരം കിട്ടുക... അതും ടീമിന്റെ നെടുന്തൂണായ ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോയുടെ പകരക്കാരനായി. ഏതൊരു താരത്തിന്റെയും മനസ്സു മടുപ്പിക്കുന്ന, സമ്മർദ്ദമേറ്റുന്ന ഇത്തരമൊരു പരീക്ഷണ ഘട്ടത്തിൽ യുഎഇയിൽ അപ്രതീക്ഷിതമായൊരു താരോദയം സംഭവിച്ചതിന്റെ വിസ്മയത്തിലാണ് ക്രിക്കറ്റ് ആരാധകർ. ആ ക്രിക്കറ്റ് വിസ്മയത്തിന്റെ പേരു കൂടിയാണ് വൃദ്ധിമാൻ സാഹ! തോറ്റാൽ ‍പ്ലേ ഓഫ് കാണാതെ പുറത്ത് എന്ന അവസ്ഥയിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്ന സൺറൈസേഴ്സ് നിരയിൽ ഇന്ന് തകർത്തടിച്ച് ആരാധകരെ വിരുന്നൂട്ടിയ വിസ്മയം. ആ ഇന്നിങ്സ് അർഹിച്ച സെഞ്ചുറിയിലേക്ക് എത്താതെ പോയതിൽ സാഹയേക്കാൾ നിരാശ ആരാധകർക്ക്.

സീസണിൽ ഇതിനു മുൻപ് ഒരേയൊരു കളിയിലാണ് സാഹയ്ക്ക് അവസരം ലഭിച്ചത്. അന്ന് മനീഷ് പാണ്ഡെ (51), ക്യാപ്റ്റൻ ഡേവിഡ് വാർണർ (30 പന്തിൽ 36) എന്നിവർക്കു പിന്നിൽ ടീമിനായി കൂടുതൽ റൺസ് നേടിയത് സാഹയായിരുന്നു. എന്നിട്ടും പിന്നീടങ്ങോട്ട് അവസരങ്ങളൊന്നും ലഭിച്ചില്ല. ഒടുവിൽ ടീം പുറത്താകലിന്റെ വക്കിൽ നിൽക്കുമ്പോഴാണ് വീണ്ടും അവസരം കൈവന്നത്.

മത്സരത്തിലാകെ 45 പന്തുകൾ േനരിട്ട സാഹ, 12 ഫോറും രണ്ടു സിക്സും സഹിതം നേടിയത് 87 റൺസ്! ഐപിഎൽ 13–ാം സീസണിലെ ഏറ്റവും മികച്ച ബോളിങ് യൂണിറ്റുകളിൽ ഒന്നിനെതിരെയാണ് ഈ പ്രകടനമെന്നത് സാഹയുടെ ഇന്നിങ്സിന് ഇരട്ടിമൂല്യം നൽകുന്നു. സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള കഗീസോ റബാദയും കൂട്ടാളി ആൻറിജ് നോർജെയും മത്സരിച്ചെറിഞ്ഞ പവർപ്ലേ ഓവറുകളുടെ സമ്മർദ്ദം വിജയകരകമായി അതിജീവിച്ച് വാർണർ – സാഹ സഖ്യം സെഞ്ചുറി കൂട്ടുകെട്ടും തീർത്തു. വെറും 52 പന്തിൽനിന്നാണിത്. 28 പന്തിൽനിന്നാണ് ഇവരുടെ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടിലേക്ക് എത്തിയത്.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് നിരയിൽ ഓപ്പണറായാണ് സാഹ ബാറ്റിങ്ങിനെത്തിയത്. ജോണി‍ ബെയർസ്റ്റോ – ഡേവിഡ് വാർണർ എന്ന് കണ്ട് ശീലിച്ചിടത്ത് വെറുമൊരു ‘ടെസ്റ്റ്’ ബാറ്റ്സ്മാനായ വൃദ്ധിമാൻ സാഹയെ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു ആദ്യം ആരാധകർ. സൺറൈസേഴ്സിന് ഇതെന്തിന്റെ കേടാണെന്ന് മിക്കവരും ചോദിച്ചിരിക്കുമെന്ന് ഉറപ്പ്.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ പിന്നീട് കണ്ടത് വിസ്മയിപ്പിക്കുന്ന കാഴ്ച. സാഹ എന്ന് പേരു കണ്ട് പുച്ഛിച്ചവരെല്ലാം അതിലേറെ ആരാധനയോടെ കണ്ടിരുന്നുപോയ ഇന്നിങ്സ്! ഒരു വശത്ത് മിന്നും ഫോമിലായിരുന്ന ‘ബർത്ഡേ ബോയ്’ ഡേവിഡ് വാർണറിന്റെ ബാറ്റിങ് ഷോയിൽ, ആ ഇന്നിങ്സിന്റെ പ്രഭ തെല്ലും മങ്ങിയില്ല. ഓപ്പണിങ് വിക്കറ്റിൽ വാർണറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്ത സാഹ, വാർണർ മടങ്ങിയശേഷം സൺറൈസേഴ്സ് ഇന്നിങ്സിനെ തോളിലേറ്റി. 10–ാം ഓവറിലെ നാലാം പന്തിൽ രവിചന്ദ്രൻ അശ്വിന് വിക്കറ്റ് സമ്മാനിച്ച് വാർണർ മടങ്ങുമ്പോൾ സൺറൈസേഴ്സ് സ്കോർബോർഡിൽ ഉണ്ടായിരുന്നത് 107 റൺസാണ്. വെറും 58 പന്തിൽനിന്നാണ് സാഹ – വാർണർ സഖ്യം ഇത്രയും റൺസ് നേടിയത്.

വാർണർ മടങ്ങിയിട്ടും സാഹ പോരാട്ടം അവസാനിപ്പിച്ചില്ല. വാർണർ പുറത്തായ അതേ ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് സാഹ തിരിച്ചടിക്ക് തുടക്കമിട്ടത്. അധികം വൈകാതെ താരം അർധസെഞ്ചുറി പിന്നിട്ടു. 27 പന്തിൽനിന്ന് എട്ടു ഫോറുകളോടെയാണ് സാഹ 50 കടന്നത്.

പിന്നീട് സാഹ തകർത്തടിക്കുകയായിരുന്നു. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ 11–ാം ഓവറിൽ ഇരട്ടഫോർ, അക്സർ പട്ടേൽ എറിഞ്ഞ 12–ാം ഓവറിൽ‌ സിക്സും ഫോറും, റബാദ എറിഞ്ഞ 13–ാം ഓവറിൽ വീണ്ടും സിക്സും ഫോറും, സ്റ്റോയ്സിന്റെ 14–ാം ഓവറിൽ ഫോർ... ആൻറിച് നോർജെ എറിഞ്ഞ 15–ാം ഓവറിലെ രണ്ടാം പന്തിലും ഫോർ നേടിയ സാഹ, സെഞ്ചുറി നേട്ടത്തിലേക്കാണെന്ന തോന്നലുയർന്നു. എന്നാൽ, തൊട്ടടുത്ത പന്തിൽ നോർജയെ സിക്സറടിക്കാനുള്ള ശ്രമം മിഡ് ഓഫിൽ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കൈകളിൽ അവസാനിച്ചു. 45 പന്തിൽ 12 ഫോറും രണ്ടു സിക്സും സഹിതം 87 റൺസുമായി സാഹ മടങ്ങി, ഇനിയും തിരിച്ചെത്തുമെന്ന ഉറപ്പുമായി....! രണ്ടാം വിക്കറ്റിൽ മനീഷ് പാണ്ഡെയ്ക്ക‌ൊപ്പം സാഹ കൂട്ടിച്ചേർത്തത് 63 റൺസ്. അതും വെറും 29 പന്തിൽനിന്ന്!

English Summary: Wriddhiman Saha's Explosive Knock vs Delhi Capitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com