ADVERTISEMENT

തിരുവനന്തപുരം ∙ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിൽ കേരള ബന്ധമുള്ള താരങ്ങൾ ആരെല്ലാം? സഞ്ജു സാംസൺ, ശ്രേയസ്സ് അയ്യർ.. അല്ല, മറ്റൊരു ചക്രവർത്തി കൂടി കേരളത്തിന്റെ റേഞ്ചിൽ തന്നെയുണ്ട്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്പിന്നർ വരുൺ ചക്രവർത്തി. ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജരായ സി.വി വിനോദ് ചക്രവർത്തിയുടെ മകൻ!

ഔദ്യോഗിക ജീവിതത്തിൽ ‘കേരളീയനായ’ വിനോദ് ചക്രവർത്തി ജീവിതത്തിൽ പാതി മലയാളി കൂടിയാണ്. അദ്ദേഹത്തിന്റെ അമ്മ വിമല മാവേലിക്കര സ്വദേശിയാണ്. ബന്ധുക്കൾ മാവേലിക്കരയിലും കിളിമാനൂരുമെല്ലാമുണ്ട്. വരുണും ഇവിടെയെല്ലാം വന്നിട്ടുണ്ട്. വരുണിനും മലയാളം മനസ്സിലാവുമെന്നു വിനോദ് പറയുന്നു. വിനോദ് ചക്രവർത്തിയുടെ അച്ഛൻ വിത്തൽ തമിഴ്നാട് സ്വദേശിയാണ്. ചെന്നൈ അഡയാറിലാണു കുടുംബം. മാലിനിയാണു വരുണിന്റെ അമ്മ. സഹോദരി വന്ദിത.

‘ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതു തികച്ചും അപ്രതീക്ഷിതമായാണ്. അതിനു ശേഷം ഇന്നലെ രാത്രിയാണ് അവനുമായി സംസാരിച്ചത്. ഫോണിൽ സംസാരിക്കുന്നതിന് അവർക്കു നിയന്ത്രണങ്ങളുണ്ട്’– വിനോദ് പറഞ്ഞു.

∙ ‘പോർട്ട്’ ചെയ്ത കരിയർ

ആർക്കിടെക്ചർ കോഴ്സ് (ബിആർക്) കഴിഞ്ഞ വരുൺ ആ മേഖല വിട്ടാണ് ക്രിക്കറ്റ് പ്രഫഷനായി സ്വീകരിച്ചത്. ‘‘ഒരു കമ്പനിയിൽ 2 വർഷം ജോലി ചെയ്തു. പിന്നീട് സ്വന്തമായി ഒരു സ്ഥാപനം നടത്തി. അതിലൊന്നും സാമ്പത്തികമായി മെച്ചമുണ്ടായില്ല. അച്ഛന്റെ വരുമാനം കൊണ്ടു കഴിയുന്നതു ശരിയല്ലെന്നു പറഞ്ഞ് ഒരു റിസ്ക് എടുക്കട്ടേ എന്നു ചോദിച്ചു. ശരിയെന്നു തോന്നുന്നതു ചെയ്യാനാണു പറഞ്ഞത്. അവനു തെറ്റു പറ്റില്ലെന്ന വിശ്വാസമായിരുന്നു ഞങ്ങൾക്ക്..’’– വരുൺ കരിയർ ‘പോർട്ട്’ ചെയ്തതിനെക്കുറിച്ച് വിനോദിന്റെ വാക്കുകൾ.

∙ ക്രിക്കറ്റിന്റെ റിങ്ടോൺ

ക്രിക്കറ്റിനൊപ്പം ഗിത്താർ, പുല്ലാങ്കുഴൽ, ചിത്രരചന എന്നിവയെല്ലാം ഹരമാക്കിയ വരുൺ ഇവയെല്ലാം സ്വയം പഠിച്ചെടുത്തതാണെന്നു വിനോദ് പറയുന്നു. ‘3-4 വയസ്സു മുതൽ സ്കുളിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയതാണ്. ക്രിക്കറ്റ് പഠിക്കാൻ ഒരു അക്കാദമിയിലും പോയിട്ടില്ല. വിഡിയോ കണ്ടായിരുന്നു പരിശീലനം. ലോക്ഡൗൺ കാലത്ത് അഡയാറിൽ വീടിനടുത്തുള്ള സർക്കാർ ഗ്രൗണ്ടിൽ എല്ലാ ദിവസവും രാത്രി ഒരു കൂട്ടുകാരനുമായി പോയി പരിശീലിച്ചിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിട്ടായിരുന്നു തുടക്കം. 2015ൽ മീഡിയം പേസറായി. പക്ഷേ കളിക്കിടെ കാൽമുട്ടിനേറ്റ പരുക്കുമൂലം 6 മാസം കളിക്കാനായില്ല. പിന്നീടാണ് സ്പിന്നിലേക്കു മാറിയത്. അതിലൊരു സ്റ്റൈൽ അവൻ രൂപപ്പെടുത്തി.’’

∙ ഔട്ട് ഓഫ് കവറേജ്

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ജോലി ചെയ്ത വിനോദ് മകന്റെ കളി ഇതുവരെ സ്റ്റേഡിയത്തിൽ നേരിട്ടു കണ്ടിട്ടില്ല. ‘തമിഴ്നാട് പ്രീമിയർ ലീഗിൽ കളിക്കുമ്പോഴാണ് അവന്റെ കളി ആദ്യമായി ടിവിയിൽ കണ്ടത്. ഇപ്പോൾ ഐപിഎലും കാണാറുണ്ട്. 5 വിക്കറ്റ് നേടിയ കളിയും കണ്ടിരുന്നു’ – വിനോദ് പറഞ്ഞു.

English Summary: Architect-turned-cricketer Varun Chakravarthy has a Kerala connection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com