ADVERTISEMENT

ദുബായ്∙ പരുക്കേറ്റ് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പുറത്തായ ഓപ്പണർ രോഹിത് ശർമ, ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) വീണ്ടും കളത്തിലിറങ്ങിയത് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് സന്തോഷ വാർത്തയാണെന്ന് മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ഇക്കാര്യത്തിൽ ഉയർന്നിട്ടുള്ള വിവാദങ്ങളെല്ലാം ഇനി മറക്കണമെന്നും ഗാവസ്കർ ആവശ്യപ്പെട്ടു. രോഹിത്തിന്റെ ശരീരക്ഷമതയുടെ കാര്യത്തിൽ ഇനിയും സംശയമുണ്ടെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രത്യേകം പരിശോധന നടത്തണമെന്നും ഗാവസ്കർ നിർദ്ദേശിച്ചു.

പരുക്കുമൂലം ഇന്ത്യൻ ടീമിനു പുറത്തായ രോഹിത് ഐപിഎലിൽ കളത്തിലിറങ്ങിയത് വിവാദമായ സാഹചര്യത്തിലാണ് അനുരഞ്ജനത്തിന്റെ ഭാഷയുമായി ഗാവസ്കറിന്റെ രംഗപ്രവേശം. രോഹിത്തിനെ പുറത്തിരുത്തിയതിൽ ഒരു വിഭാഗം ആരാധകർ ബിസിസിഐയ്‌ക്കെതിരെ തിരിഞ്ഞപ്പോൾ, മറ്റൊരു കൂട്ടർ രോഹിത്തിന്റെ ‘അവിവേക’ത്തെ തള്ളിപ്പറഞ്ഞിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലോകം ഈ വിഷയത്തിൽ രണ്ടു തട്ടിൽ നിൽക്കവെയാണ് ഗാവസ്കറിന്റെ വരവ്.

രോഹിത് ശർമയെ ടീമിലേക്ക് പരിഗണിക്കാത്തതുമായി ബന്ധപ്പെട്ട് ഇതുവരെ സംഭവിച്ചതെല്ലാം മറക്കാം. അദ്ദേഹം ശരീരക്ഷമത വീണ്ടെടുത്ത് കളത്തിലേക്ക് തിരിച്ചെത്തിയെന്നതല്ലേ പ്രധാനം? നോക്കൂ, രോഹിത് കളത്തിലേക്ക് തിരിച്ചെത്താൻ തിടുക്കം കാട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായത്തിലും കഴമ്പുണ്ട്. മസിലിന് പരുക്കേറ്റാൽ എപ്പോഴാണ് ഭേദപ്പെടുകയെന്ന് പറയാനാകില്ല. ഇത്തരം സന്ദർഭങ്ങളിൽ സമയമെടുത്തു മാത്രമേ സുഖപ്പെടൂ എന്ന വാദം ശരിയാണ്’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.

‘പക്ഷേ, കളത്തിലിറങ്ങിയ രോഹിത് യാതൊരു കുഴപ്പവുമില്ലാതെ കളിച്ച സ്ഥിതിക്ക് ഇനിയെന്തു പറയാനാണ്. അദ്ദേഹം ബൗണ്ടറിക്കു സമീപവും 30 വാര സർക്കിളിനുള്ളിലും യാതൊരു കുഴപ്പവുമില്ലാതെ ഫീൽഡ് ചെയ്യുന്നത് നാം കണ്ടതല്ലേ?’ – ഗാവസ്കർ ചോദിച്ചു.

‘തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് തെളിയിക്കാൻ തന്നെയായിരിക്കും രോഹിത് അന്ന് കളത്തിലിറങ്ങിയത്. ഇനിയും ബിസിസിഐയ്ക്ക് സംശയമുണ്ടെങ്കിൽ ഒരു ഫിറ്റ്നസ് ടെസ്റ്റ് നടത്താവുന്നതല്ലേയുള്ളൂ? അതിൽ യാതൊരു പ്രശ്നവുമില്ല. കാരണം രോഹിത് പൂർണമായും ഫിറ്റാണോ എന്ന് അവർക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രമല്ല, തുടർന്നും രോഹിത്തിനെ നിരീക്ഷണത്തിലും വയ്ക്കേണ്ടിവരും. സാധാരണ ഗതിയിൽ പരുക്കിൽനിന്ന് തിരിച്ചെത്തിയാൽ, ഏതാനും മത്സരങ്ങൾ കളിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ’ – ഗാവസ്കർ പറഞ്ഞു.

English Summary: Rohit Sharma looks fit and that is great news for India, it is time to put the controversy aside: Sunil Gavaskar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com