sections
MORE

മുംബൈ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ ഡക്ക്; നാല് ഡക്കുമായി ഡൽഹിയുടെ ‘തിരിച്ചടി’!

Jasprit-Bumrah-and-Trent-Boult
SHARE

ദുബായ് ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിലെ ആദ്യ ക്വാളിഫയറിനെ ആവേശകരമാക്കി ഇരു ടീമുകളിലുമായി പൂജ്യത്തിന് പുറത്തായത് ആറുപേർ! ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടിയെന്നത് വാസ്തവം തന്നെ. പക്ഷേ, അവരുടെ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ കീറൺ പൊള്ളാർഡ് എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. മുംബൈയുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പൂജ്യത്തിന് പുറത്തായാൽ ഡൽഹിക്ക് മോശമാക്കാനൊക്കുമോ? അവരുടെ ഓപ്പണർമാരുൾപ്പെടെ ആദ്യ മൂന്നു ബാറ്റ്സ്മാൻമാരും പുറത്തായത് പൂജ്യത്തിന്! പിന്നീട് ഡാനിയൽ സാംസ് കൂടി പൂജ്യത്തിന് മടങ്ങിയതോടെയാണ് ‘ഡക്കുകാരുടെ’ എണ്ണം ആറായത്.

അക്കൗണ്ട് തുറക്കും മുൻപേ ഓപ്പണർമാരുൾപ്പെടെ മൂന്നു പേർ തിരികെ പവലിയനിൽ... അപൂർവമായ ഒരു ദയനീയാവസ്ഥയാണ് മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് അഭിമുഖീകരിച്ചത്. ഓപ്പണർമാരായ പൃഥ്വി ഷാ, ശിഖർ ധവാൻ, അജിൻക്യ രഹാനെ എന്നിവരാണ് ആദ്യ എട്ടു പന്തിനുള്ളിൽ സം‘പൂജ്യ’രായി പലവിയനിലെത്തിയത്. മുംബൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ചതിനു പിന്നാലെയാണ് ഡൽഹിക്ക് ഇത്തരമൊരു തുടക്കം ലഭിച്ചത്.

201 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ ആദ്യ ഓവറിൽത്തന്നെ രണ്ട് ‘ഡക്കു’കൾ സമ്മാനിച്ചാണ് ‍ഡൽഹി ‘ഞെട്ടിച്ചത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിൽ േനരിട്ട രണ്ടാം പന്തിൽ പൃഥ്വി ഷായാണ് ആദ്യം പൂജ്യത്തിന് മടങ്ങിയത്. വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്ക് ക്യാച്ചെടുത്തു. ഇതേ ഓവറിലെ അ‍ഞ്ചാം പന്തിൽ, അജിൻക്യ രഹാനെയെ ബോൾട്ട് വിക്കറ്റിനു മുന്നിൽ കുരുക്കി. മൂന്നു പന്തു നേരിട്ടശേഷമാണ് രഹാനെ മടങ്ങിയത്. ജസ്പ്രീത് ബുമ്ര എറിഞ്ഞ അടുത്ത ഓവറിലെ രണ്ടാം പന്തിൽ ശിഖർ ധവാൻ ക്ലീൻ ബൗൾഡായതോടെ മത്സരത്തിൽനിന്ന് ഡൽഹിയും ബൗൾഡ്! രണ്ടു പന്തു മാത്രം നേരിട്ടാണ് ധവാൻ മടങ്ങിയത്.

എന്നാൽ ഐപിഎൽ ചരിത്രത്തിൽ ആദ്യ സംഭവമല്ല ഇത്. ‘ഡക്ക് ഹാട്രിക്കിൽ’ ഡെക്കാൻ ചാർജേഴ്സ് ആണ് ഡൽഹിയുടെ മുൻഗാമികൾ. സം‘പൂജ്യ’രായി മൂന്നു ബാറ്റ്സ്മാന്മാർ പുറത്തായെങ്കിലും, അതിനിടെ വൈഡ് എറിഞ്ഞ വകയിൽ ഒരു റൺ കിട്ടിയിരുന്നുവെന്ന്ന്ന് ഡെക്കാന് ആശ്വസിക്കാം.

2009 ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ഡെക്കാൻ ചാർജേഴ്സിന്റെ ആദ്യ മൂന്നു ബാറ്റ്സ്ന്മാരും (ആദം ഗിൽക്രിസ്റ്റ്, ഹെർഷൽ ഗിബ്സ്, വി.വി.എസ്.ലക്ഷ്മൺ) റണ്ണൊന്നും എടുക്കാതെ മടങ്ങി റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്. ഇന്നിങ്സിലെ ആദ്യ പന്തിൽ മോണി മോർക്കൽ വിക്കറ്റിനു മുന്നിൽ കുരുക്കി ഗോൾഡൻ ഡക്കായാണ് ആദം ഗിൽക്രിസ്റ്റ് മടങ്ങിയത്. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ, ഹെർഷൽ ഗിബ്സിനെ (നേരിട്ടത് രണ്ടു പന്തുകൾ) സുദീപ് ത്യാഗി ബൗൾഡാക്കി. അടുത്തത് വി.വി.എസ്.ലക്ഷ്മണിന്റെ ഊഴമായിരുന്നു. മോണി മോർക്കൽ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ (നേരിട്ടത് ഏഴു പന്തുകൾ) ഷദബ് ജകാട്ടി ക്യാച്ചെടുത്താണ് ലക്ഷ്മൺ പുറത്തായത്.

ഈ സിസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിങ് നിരയിലെ ആദ്യ മൂന്നു പേർ കുറഞ്ഞ സ്കോറിൽ പുറത്തായിരുന്നു. ശുഭ്മാന്‍ ഗിൽ (1 റൺ), രാഹുൽ ത്രിപാഠി (1), നിതീഷ് റാണ (പൂജ്യം) എന്നിവർ പുറത്തായപ്പോൾ കൊൽക്കത്ത 3 വിക്കറ്റ് നഷ്ടത്തിൽ 3 റൺസ് എന്ന നിലയിലായി.

ഇന്നിങ്സിലെ രണ്ടാം ഓവറിലാണ് മുഹമ്മദ് സിറാജ് കൊൽക്കത്തയ്ക്ക് ഇരട്ടപ്രഹരമാണ് ഏൽപ്പിച്ചത്. മൂന്നാം പന്തിൽ എബി ഡിവില്ലിയേഴ്സ് ക്യാച്ചെടുത്ത് രാഹുൽ ത്രിപാഠിയും തൊട്ടടുത്ത പന്തിൽ ബൗൾഡായി നിതീഷ് റാണയും മടങ്ങി. ആ ഓവറിൽ റണ്ണൊന്നും വിട്ടുകൊടുക്കാതെ രണ്ട് നിർണായക വിക്കറ്റുകളാണ് സിറാജ് നേടിയത്. നവ്ദീപ് സെയ്നി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ക്രിസ് മോറിസ് ക്യാച്ചെടുത്ത് ശുഭ്മാന്‍ ഗില്ലും പുറത്താകുകയായിരുന്നു.

English Summary: Delhi Capitals three wickets lost for zero runs against Mumbai Indians in Indian Premier League 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA