ADVERTISEMENT

ന്യൂഡൽഹി∙ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഴിച്ചുപണി നടത്തി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ മാത്രം ഇടമുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലും ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. രണ്ടാം വിക്കറ്റ് കീപ്പറെന്ന നിലയിലാണിത്. പരുക്കിന്റെ പേരിൽ രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമായതിനു പിന്നാലെ, താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. പരുക്ക് പൂർണമായും ഭേദമാകുന്നതിന് ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു. അദ്ദേഹത്തോടു കൂടി സംസാരിച്ചാണ് ഈ തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു. ഐപിഎൽ ഫൈനലിനു പിന്നാലെ നവംബർ 12ന് യുഎഇയിൽനിന്നാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് പോകുന്നത്. അവിടെ 14 ദിവസത്തെ ക്വാറന്റീനുമുണ്ട്.

താരങ്ങളുടെ പരുക്കുമായി ബന്ധപ്പെട്ട് ബിസിസിഐ മെഡിക്കൽ സംഘം നൽകിയ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടീമിൽ മാറ്റം വരുത്തിയതെന്ന് ബോർഡ് അറിയിച്ചു. ചീഫ് സിലക്ടർ സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ഞായറാഴ്ച പ്രത്യേകം യോഗം ചേർന്നാണ് ടീമിൽ അഴിച്ചുപണി നടത്തിയത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് ക്യാപ്റ്റൻ വിരാട് കോലിയെ ഒഴിവാക്കി. അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സിലക്ഷൻ കമ്മിറ്റിയെ അറിയിച്ച സാഹചര്യത്തിലാണിത്.

ഐപിഎലിനിടെ പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി. ഐപിഎലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമായാണ് വരുൺ ചക്രവർത്തിക്ക് ഇത്തവണ ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത്. അതേസമയം, വരുണിന്റെ നഷ്ടം തമിഴ്നാട്ടിൽനിന്നു തന്നെയുള്ള പേസ് ബോളർ ടി.നടരാജന് ലാഭമായി. ഐപിഎലിൽ സൺറൈസേഴ്സ് താരമായ നടരാജനെ ട്വന്റിടീമിൽ ഉൾപ്പെടുത്തി. ഇത്തവണ ഓസ്ട്രേലിയയിലേക്കു പോകുന്ന ടീമിൽ നെറ്റ് ബോളറായി ഉൾപ്പെടുത്തിയിരുന്ന നടരാജന്, ഇതാദ്യമായാണ് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നത്.

ഈ സീസണിലാകെ 16 മത്സരങ്ങൾ കളിച്ച നടരാജൻ, തുടർച്ചയായി യോർക്കറുകളെറിഞ്ഞ് ശ്രദ്ധ നേടിയിരുന്നു. 16 മത്സരങ്ങളിൽനിന്ന് 16 വിക്കറ്റും സ്വന്തമാക്കി. ഈ സീസണിൽ ഏറ്റവും കൂടുതൽ യോർക്കറുകൾ എറിഞ്ഞ ബോളർ കൂടിയാണ് നടരാജൻ. രണ്ടാമതുള്ള താരത്തിന്റെ ഇരട്ടിയിലധികം യോർക്കറാണ് നടരാജൻ എറിഞ്ഞത്.

പരുക്കു ഭേദമായാൽ ഇഷാന്ത് ശർമയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരുക്കുമൂലം ഐപിഎലിൽ പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കാര്യത്തിലും പരുക്ക് ഭേദമാകുന്ന മുറയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. യുവതാരം കംലേഷ് നാഗർകോട്ടിയും ഓസ്ട്രേലിയിലേക്ക് പോകുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ബോളിങ് വർക്‌ലോഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് അദ്ദേഹം ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായതിനാലാണ് ഇത്.

∙ ഒന്നാം ഏകദിനം നവംബർ 27ന്

സിഡ്നിയിലും കാൻബറയിലുമായാണ് ഏകദിന, ട്വന്റി20 മത്സരങ്ങൾ നടക്കുക. നവംബർ 27ന് സിഡ്നിയിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുക. രണ്ടാം മത്സരം നവംബർ 29ന് സിഡ്നിയിൽത്തന്നെ നടക്കും. കാൻബറയിൽ ഡിസംബർ രണ്ടിനാണ് മൂന്നാം ഏകദിനം. ഇതിനു പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്ക് തുടക്കമാകും. കാൻബറയിൽ ഡിസംബർ നാലിനാണ് ഒന്നാം ട്വന്റി20. രണ്ടും മൂന്നും മത്സരങ്ങൾ ഡിസംബർ ആറ്, എട്ട് തീയതികളിലായി സിഡ്നിയിൽ നടക്കും.

അഡ‌ലെയ്ഡ് ഓവലിൽ ഡിംസംബർ 17 മുതൽ പകൽ–രാത്രി മത്സരത്തോടെയാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഇതിനുശേഷം മെൽബണിൽ ബോക്സിങ് ഡേ ടെസ്റ്റ് നടക്കും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ജനുവരി ഏഴു മുതലാണ് മൂന്നാം ടെസ്റ്റ്. ജനുവരി 15 മുതൽ ഗാബയിലാണ് നാലാം ടെസ്റ്റ്. മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിനും സിഡ്നിയിലെ ന്യൂഇയർ ടെസ്റ്റിനുമിടയ്ക്ക്, ബിസിസിഐയുടെ പ്രത്യക താൽപര്യപ്രകാരം ഒരാഴ്ചത്തെ ഇടവേളയുമുണ്ട്.

∙ ടീമുകൾ ഇങ്ങനെ

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, മുഹമ്മദ് സിറാജ് (ആദ്യ ടെസ്റ്റിനുശേഷം കോലി നാട്ടിലേക്ക് മടങ്ങും. വൃദ്ധിമാൻ സാഹയുടെ കാര്യത്തിൽ പരുക്കു ഭേദമാകുന്നതിന് അനുസരിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും)

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാള്‍, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ഷാർദുൽ താക്കൂർ

ട്വന്റി ടീം: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചെഹൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ദീപക് ചാഹർ, ടി. നടരാജൻ

ഈ ടീമുകൾക്കു പുറമെ കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് അധിക ബോളർമാരെ കൂടി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: കാർത്തിക് ത്യാഗി, ഇഷാൻ പോറൽ

English Summary: Sanju Samson to join ODI Team for India's Tour of Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com