ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ ക്വാളിഫയർ കടമ്പ കടന്ന് ഫൈനലിലെത്താൻ സഹായിച്ച ഡൽഹി ക്യാപിറ്റൽസിന്റെ പരീക്ഷണം, ഫൈനലിൽ പാളി. ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസിനെ ഓപ്പണറാക്കി രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേട്ടമുണ്ടാക്കിയ ‍ഡൽഹി, അതേ തന്ത്രവുമായി ഇന്ന് മുംബൈയ്‌ക്കെതിരെയും കളത്തിലിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ട്രെന്റ് ബോൾട്ടിന് വിക്കറ്റ് സമ്മാനിച്ച് സ്റ്റോയ്നിസ് പുറത്തായി. ആവേശ ഫൈനലിൽ ‍ഡൽഹി ക്യാപിറ്റ‍ൽസിന്റെ ആത്മവീര്യമിടിച്ച് സ്റ്റോയ്നിസ് ‘ഗോൾഡൻ ഡക്ക്’!

ബോൾട്ടിന്റെ തകർപ്പൻ പന്തിൽ അർധമനസ്സോടെ ബാറ്റുവച്ച സ്റ്റോയ്നിസ്, വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്കിന് അനായാസ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. മത്സരത്തിനു തൊട്ടു മുൻപുവരെയുള്ള എല്ലാ ചർച്ചകളുടെയും മുനയൊടിച്ചാണ് സ്റ്റോയ്നിസിന്റെ മടക്കമെന്നതും ശ്രദ്ധേയം. ഇന്നത്തെ മത്സരത്തിൽ സ്റ്റോയ്നിസാകും ഡൽഹി വിജയത്തിന്റെ കേന്ദ്രബിന്ദു എന്ന വിലയിരുത്തലുകൾ പാളിയതിനൊപ്പം, ട്രെന്റ് ബോൾട്ടിന്റെ പരുക്കുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളും ആദ്യ പന്തിൽത്തന്നെ മാറി.

നേരത്തെ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ, ഡൽഹി ഇന്നിങ്സിൽ ഓപ്പണറായെത്തി സ്റ്റോയ്നിസ് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഡൽഹിക്ക് മികച്ച തുടക്കം സമ്മാനിച്ച സ്റ്റോയ്നിസ്, ശിഖർ ധവാനുമൊത്ത് ഓപ്പണിങ് വിക്കറ്റിൽ 86 റൺസിന്റെ കൂട്ടുകെട്ടും തീർത്തിരുന്നു. പിന്നീട് ബോളിങ്ങിലും അസാമാന്യ പ്രകടനമായിരുന്നു സ്റ്റോയ്നിസിന്റേത്.

ക്യാപ്റ്റൻ‌ കൂടിയായ ഓപ്പണർ ഡേവിഡ് വാർണർ കാര്യമായ സംഭാവന കൂടാതെ പുറത്തായിട്ടും ഭേദപ്പെട്ട തുടക്കമിട്ട ഹൈദരാബാദിനെ, അഞ്ചാം ഓവറിലെ ഇരട്ട വിക്കറ്റ് നേട്ടത്തിലൂടെയാണ് സ്റ്റോയ്നിസ് തകർത്തത്. 12 പന്തിൽ രണ്ട് സിക്സറുകൾ സഹിതം 17 റൺസെടുത്ത പ്രിയം ഗാർഗിനെ ക്ലീൻ ബൗൾഡാക്കിയ സ്റ്റോയ്നിസ്, ഇതേ ഓവറിലെ അവസാന പന്തിൽ മനീഷ് പാണ്ഡെയെ (14 പന്തിൽ 21) ആൻറിച് നോർട്യയുടെ കൈകളിലെത്തിച്ചു. പിന്നീട് തകർപ്പൻ അർധസെഞ്ചുറിയമായി ഹൈദരാബാദിനെ തോളേറ്റിയ കെയ്ൻ വില്യംസനെയും പുറത്താക്കിയത് സ്റ്റോയ്നിസ് തന്നെ. മത്സരത്തിലാകെ 38 റൺസും 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റുമെടുത്ത സ്റ്റോയ്നിസ് കളിയിലെ കേമനുമായി!

English Summary: Trent Boult removes Marcus Stoinis for golden duck in key battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com