ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാൻ ക്രിക്കറ്റിലെ സൂപ്പർതാരമാണ് ഷാഹിദ് അഫ്രീദി. നാൽപ്പതാം വയസ്സിലും കളത്തിൽ സജീവമായി തുടരുന്ന താരം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ചശേഷം കഴിഞ്ഞ ദിവസം പുനഃരാരംഭിച്ച പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) പ്ലേഓഫ് പോരാട്ടങ്ങളിലും നിറഞ്ഞുനിൽക്കുന്ന താരം അഫ്രീദി തന്നെ. വ്യത്യസ്തമായ ഡിസൈനോടു കൂടിയ ഹെൽമറ്റ് ധരിച്ച് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ച അഫ്രീദി, ഇത്തവണ വ്യത്യസ്തമായൊരു കാരണത്തിന്റെ പേരിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

എന്താണെന്നല്ലേ? പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ രണ്ടാം എലിമിനേറ്റർ പോരാട്ടത്തിൽ അഫ്രീദിയെ ഗോൾഡൻ ഡക്കാക്കിയ ബോളർ ഹാരിസ് റൗഫ്, അതിനുശേഷം സൂപ്പർതാരത്തോട് കൈകൂപ്പി മാപ്പു ചോദിച്ചതാണ് പുതിയ വിശേഷം!

കറാച്ചിയിൽ ഞായറാഴ്ച നടന്ന ലഹോർ ക്വാലൻഡേഴ്സിനെതിരായ രണ്ടാം എലിമിനേറ്റർ പോരാട്ടത്തിനിടെയാണ് സംഭവം. മുൾട്ടാൻ സുൽത്താൻസ് താരമായ അഫ്രീദിയെ 14–ാം ഓവറിലെ അഞ്ചാം പന്തിലാണ് ഹാരിസ് റൗഫ് ക്ലീൻ ബൗൾഡാക്കിയത്. അഫ്രീദി മത്സരത്തിൽ നേരിട്ട ആദ്യ പന്തായിരുന്നു ഇത്. തുടർന്ന് അഫ്രീദി നിരാശനായി പുറത്തേക്കു പോകുമ്പോൾ റൗഫ് കൈകൂപ്പി ക്ഷമ ചോദിക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലഹോർ ക്വാലൻഡേഴ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. ഓപ്പണർ ഫഖർ സമാൻ (36 പന്തിൽ 46), ഡേവിഡ് വീസ് (21 പന്തിൽ പുറത്താകാതെ 48) എന്നിവരുടെ ഇന്നിങ്സാണ് ക്വാലൻഡേഴ്സിന് മികച്ച സ്കോർ സമ്മാനിച്ചത്.

183 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച മുൾട്ടാന്‍ സുൽത്താൻസിനുവേണ്ടി ഓപ്പണർ ആദം ലിത്ത് അർധസെഞ്ചുറി നേടിയതാണ്. എന്നാൽ കൂട്ടുനിൽക്കാൻ ആളില്ലാതെ പോയതോടെയാണ് അവർ തോൽവി വഴങ്ങിയത്. ഹാരിസ് റൗഫ് എറിഞ്ഞ 14–ാം ഓവറിലെ നാലാം പന്തിൽ റിലീ റൂസ്സോ 18 പന്തിൽ 18 റൺസുമായി പുറത്താകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 116 റൺ‌സെന്ന നിലയിലായിരുന്നു മുൾട്ടാൻ സുൽത്താൻസ്. ഇതിനു പിന്നാലെയാണ് നേരിട്ട ആദ്യ പന്തിൽത്തന്നെ അഫ്രീദി ഗോൾഡൻ ഡക്കായത്. മത്സരം മുൾട്ടാൻ സുൽത്താൻസ് 25 റൺസിന് തോൽക്കുകയും ചെയ്തു.

English Summary: aris Rauf apologises to Shahid Afridi after dismissing him for a golden duck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com