ADVERTISEMENT

ധാക്ക∙ കൊൽക്കത്തയിൽ കാളിപൂജ പന്തൽ ഉദ്ഘാടനം ചെയ്ത ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കർശനടപടി സ്വീകരിക്കുമെന്ന് ബംഗ്ലദേശ് ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ. വധഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

‘ഞാൻ ഇക്കാര്യം അന്വേഷിച്ചു. ചില ആളുകളുടെ ഇത്തരം ക്രിമിനൽ നടപടികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെ മാത്രമല്ല ആരെ ഭീഷണിപ്പെടുത്തുന്നതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല. അത്തരം ശക്തികളിൽനിന്ന് നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.’ – അസദുസ്‌മാൻ ഖാൻ പറഞ്ഞു.

സംഭവത്തിൽ തെക്കുകിഴക്കൻ ജില്ലയായ സുനംഗഞ്ച് സ്വദേശിയായ 28കാരൻ മൊഹ്സിൻ തലൂക്ദാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിഎല്ലിൽ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം കൂടിയായ ഷാക്കിബ് കൊൽക്കത്ത സന്ദർശനത്തിനിടെയാണ് കാളിപൂജ പന്തൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഇതിന് താരം പരസ്യമായി മാപ്പുചോദിച്ചിരുന്നു.

‘മുസ്‌ലിമായതിൽ അഭിമാനിക്കുന്ന വ്യക്തിയെന്ന നിലയിൽ, എന്റെ പ്രവൃത്തി ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു’ – സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ഷാക്കിബ് വ്യക്തമാക്കി.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഏർപ്പെടുത്തിയ വിലക്ക് കാലാവധി പൂർത്തിയാക്കി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഷാക്കിബ്. അതിനിടെയാണ് താരം വിവാദത്തിൽ അകപ്പെട്ടത്. ഒത്തുകളിക്കുന്നതിന് വാതുവയ്പ്പുകാർ സമീപിച്ച വിവരം അധികാരികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഐസിസി ഷാക്കിബിന് വിലക്ക് ഏർപ്പെടുത്തിയത്.

English Summary: Shakib Al Hasan threatened case: Bangladesh Home Minister says strong action will be taken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com